വൈദേകം റിസോർട്ട് വിവാദം; സിപിഎം നേതാവ് ജയിംസ് മാത്യു ഭീഷണിപ്പെടുത്തി-ആരോപണവുമായി ശ്യാംജിത്ത്‌

#സി.കെ. വിജയന്‍

കോഴിക്കോട്: വൈദേകം റിസോർട്ട് വിവാദത്തിൽ സി.പി.എം നേതാവ് ഇ.പി. ജയരാജനും ഭാര്യ ഇന്ദിരയ്ക്കുമെതിരെ ഫേസ്ബുക്കിൽ പോസ്റ്റിട്ടത് താനല്ലെന്നും തന്റെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതാണെന്നും ആവർത്തിച്ച് ശ്യാംജിത്ത്. അക്കൗണ്ട് ഹാക്ക് ചെയ്തതിനെതിരെ സൈബർ സെല്ലിൽ പരാതി നൽകുമെന്ന് അദ്ദേഹം അറിയിച്ചു. സ്ഥാപനത്തിലെ നടപടികളെ ചോദ്യം ചെയ്തതിന് മുൻ എം.എൽ.എ ജെയിംസ് മാത്യൂ തന്നെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയതായി ശ്യാംജിത്ത് ആരോപിച്ചു.

കർത്തയിൽ നിന്ന് പണം വാങ്ങി വൈദേകം റിസോർട്ടിന് വേണ്ടി ഇ.പി. ജയരാജന്റെ ഭാര്യ ഇന്ദിര പണം കൈപ്പറ്റി എന്ന രീതിയിലുള്ള ഫേസ്ബുക്ക് പോസ്റ്റ് പ്രചരിച്ചതിന് പിന്നിൽ താനല്ലെന്നാണ് ശ്യാംജിത്തിന്റെ വെളിപ്പെടുത്തൽ. തനിക്കെതിരെ ഉയരുന്ന ആരോപണങ്ങൾക്ക് മറുപടിയായി, അക്കൗണ്ട് ഹാക്കിംഗിനെതിരെ സൈബർ സെല്ലിൽ പരാതി നൽകാൻ തീരുമാനിച്ചതായും അദ്ദേഹം മാതൃഭൂമി ന്യൂസിനോട് പറഞ്ഞു

വൈദേകം റിസോർട്ടിൽ അക്കൗണ്ടന്റായിരുന്ന തന്റെ ഭാര്യ ദീപ യാതൊരുവിധ സാമ്പത്തിക തട്ടിപ്പും നടത്തിയിട്ടില്ലെന്നും അവരെ നിയമവിരുദ്ധമായാണ് ജോലിയിൽ നിന്ന് പുറത്താക്കിയതെന്നും ശ്യാംജിത്ത് വ്യക്തമാക്കി. ലേബർ ഡിപ്പാർട്ട്മെന്റുമായി ബന്ധപ്പെട്ട് ജീവനക്കാരുടെ ബോണസ് വിതരണത്തിലും പർച്ചേസ് വൗച്ചറുകളിലും നടന്ന ക്രമീകരണങ്ങൾ മാനേജ്മെന്റിന്റെ നിർദേശപ്രകാരമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അല്ലാതെ വ്യാജ വൗച്ചർ എന്ന ആരോപണങ്ങളിൽ ഒരു സത്യവുമില്ലെന്നും ശ്യാംജിത്ത് വ്യക്തമാക്കി.

ജീവനക്കാർക്ക് ബോണസ് കൊടുക്കണമെന്ന് ലേബർ ഡിപ്പാർട്ട്‌മെന്റ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ അങ്ങനെ ബോണസ് കൊടുക്കാൻ മാനേജ്‌മെന്റ് സമ്മതിക്കാത്തതുകൊണ്ട് എല്ലാവർക്കും 5000 രൂപ വൗച്ചർ ചെയ്ത് പണമായിട്ടും ബാക്കി തുക ജീവനക്കാർക്ക് ബാങ്ക് അക്കൗണ്ടിലേക്കും നൽകുകയാണ് ചെയ്തത്. അതിനെയാണ് വ്യാജ വൗച്ചർ എന്ന് ആരോപിക്കുന്നത്.

സാധനങ്ങൾ വാങ്ങാനായി പോകുന്നവർക്ക് പണം കൊടുക്കുമ്പോൾ വൗച്ചറെഴുതി വയ്ക്കാറുണ്ടെന്നും ശ്യാംജിത്ത് കൂട്ടിച്ചേർത്തു. സ്ഥാപനത്തിലെ നടപടികളെ ചോദ്യം ചെയ്തതിന് മുൻ എം.എൽ.എ ജെയിംസ് മാത്യൂ തന്നെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയതായി ശ്യാംജിത്ത് ആരോപിച്ചു

'ഈ പോക്ക് അത്ര ശരിയല്ലെന്നും വലിയ വില കൊടുക്കേണ്ടി വരുമെന്നും' ജെയിംസ് മാത്യൂ മുന്നറിയിപ്പ് നൽകിയതായി അദ്ദേഹം വെളിപ്പെടുത്തി.

വൈദേകം റിസോർട്ടുമായി ബന്ധപ്പെട്ട് വീണ്ടും ചില സാമ്പത്തിക ക്രമക്കേടുകൾ നടക്കുന്നുണ്ടെന്ന സൂചനകൾ ശ്യാംജിത്ത് നൽകുന്നുണ്ട്. വിഷയവുമായി ബന്ധപ്പെട്ട പരാതികൾ നിലവിൽ പോലീസിന്റെ മുന്നിലെത്തിയിട്ടുണ്ട്. തുടർന്നുള്ള അന്വേഷണങ്ങളിലൂടെ കൂടുതൽ കാര്യങ്ങളിൽ വ്യക്തത വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

Content Highlights: Shyamjith denies posting about Vaidakam resort, claims his account was hacked, and plans to file a complaint with the cyber cell.