വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ്: നിഖില്‍ തോമസിന് കേരള സര്‍വകലാശാലയുടെ ആജീവനാന്ത വിലക്ക്

നിഖില്‍ തോമസിനേയും അബിന്‍ രാജിനേയും പോലീസ് തെളിവെടുപ്പിന് എത്തിച്ചപ്പോള്‍| ഫോട്ടോ:ബി.മുരളീകൃഷ്ണന്‍/മാതൃഭൂമി
നിഖില്‍ തോമസിനേയും അബിന്‍ രാജിനേയും പോലീസ് തെളിവെടുപ്പിന് എത്തിച്ചപ്പോള്‍| ഫോട്ടോ:ബി.മുരളീകൃഷ്ണന്‍/മാതൃഭൂമി

തിരുവനന്തപുരം: വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് നല്‍കി എം.കോം പ്രവേശനം നേടിയ മുന്‍ എസ്എഫ്‌ഐ നേതാവ് നിഖില്‍ തോമസിന് കേരള സര്‍വകലാശാല ആജീവനാന്ത വിലക്കേര്‍പ്പെടുത്തി. ഇന്ന് ചേര്‍ന്ന സര്‍വകലാശാല സിന്‍ഡിക്കേറ്റാണ് നിഖിലിനെ ഡീബാര്‍ ചെയ്യാന്‍ തീരുമാനിച്ചത്. ഇതോടെ കേരള സര്‍വകലാശാലയുമായി ബന്ധപ്പെട്ട് നിഖില്‍ തോമസിന് ഇനി ഒരു തരത്തിലുള്ള പഠനവും നടത്താനാകില്ല.

പിജി പ്രവേശനം നേടുന്നതിന് നിഖില്‍ എംഎസ്എം കോളേജില്‍ നല്‍കിയ കലിംഗ സര്‍വകലാശാലയുടെ വ്യാജബിരുദ സര്‍ട്ടിഫിക്കറ്റ്, പ്രവേശനം സംബന്ധിച്ച മറ്റുരേഖകള്‍, കോളേജ് ഐ.ഡി. കാര്‍ഡ്, ബാങ്ക് പാസ്ബുക്ക് ഉള്‍പ്പെടെയുള്ളവ കഴിഞ്ഞ ദിവസം പോലീസ് കണ്ടെടുത്തിരുന്നു.

നിഖിലിന് പ്രവേശനം നല്‍കിയതുമായി ബന്ധപ്പെട്ട് എംഎസ്എം കോളേജ് നല്‍കിയ വിശദീകരണത്തിലും സിന്‍ഡിക്കേറ്റ് അതൃപ്തി രേഖപ്പെടുത്തി. വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കപ്പെട്ട ഘട്ടത്തില്‍ കേളേജിന്റെ ചുമതലയിലുണ്ടായിരുന്നവരെ വിളിച്ച് വരുത്താന്‍ സിന്‍ഡിക്കേറ്റ് തീരുമാനിച്ചിട്ടുണ്ട്. ഇവരുടെ വാദം കേട്ട ശേഷം തുടര്‍ നടപടി സ്വീകരിക്കും.

നിഖിലിനെ കൂടാതെ ഇത്തരത്തില്‍ വ്യാജന്‍മാര്‍ കടന്നുകയറിയിട്ടുണ്ടോ എന്ന് പരിശോധിക്കാന്‍ ഒരു സെല്‍ രൂപീകരിക്കാന്‍ സര്‍വകലാശാല തീരുമാനിച്ചു. മൂന്ന് വര്‍ഷത്തിനിടെ കേരളത്തിന് പുറത്ത് നിന്നുള്ള സര്‍ട്ടിഫിക്കറ്റുകള്‍ സമര്‍പ്പിച്ച് കേരള സര്‍വകലാശാലയില്‍ അഡ്മിഷന്‍ എടുത്തവരുടെ രേഖകള്‍ പരിശോധന നടത്താനാണ് സെല്‍ രൂപീകരിച്ചിരിക്കുന്നത്.

ഇതിനിടെ അറസ്റ്റിലായ നിഖില്‍ തോമസിനേയും നിഖിലിന് ഏജന്‍സി വഴി വ്യാജ സര്‍ട്ടിഫിക്കറ്റ് തരപ്പെടുത്തി നല്‍കിയ അബിന്‍ രാജിനേയും പോലീസ് തെളിവെടുപ്പിനെത്തിച്ചു. വ്യാജ സര്‍ട്ടിഫിക്കറ്റ്  നിര്‍മ്മിച്ചു  നല്‍കിയ പാലാരിവട്ടത്തെ  ഓറിയോന്‍ ഏഡ്യൂ  വിങ്സ് പ്രവര്‍ത്തിച്ചിരുന്ന വീട്ടില്‍  എത്തിച്ചാണ് തെളിവെടുത്തത്. മാലിദ്വീപിലായിരുന്ന അബിന്‍ രാജിനെ തിങ്കളാഴ്ച രാത്രി നെടുമ്പാശ്ശേരിയില്‍ ത്തെിയപ്പോഴാണ് പോലീസ് പിടികൂടിയത്. ഇയാളും മുന്‍ എസ്എഫ്‌ഐ നേതാവാണ്.

കണ്ടല്ലൂര്‍ സ്വദേശിയായ അബിന്‍രാജ് മാലദ്വീപില്‍ അധ്യാപകനായി ജോലിചെയ്യുകയായിരുന്നു. നിഖില്‍ തോമസിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ അബിന്‍രാജിനെയും കേസില്‍ പ്രതിയാക്കിയിരുന്നു. തുടര്‍ന്ന് ഇയാളെ നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലായിരുന്നു പോലീസ്. ഇതിനായി റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കാനുള്ള നീക്കവും തുടങ്ങിയിരുന്നു. അതിനിടെയാണ് പിടിയിലായത്.

നിഖില്‍ തോമസിനെ ചോദ്യംചെയ്തതിലൂടെയും വീട്ടില്‍ നടത്തിയ പരിശോധനയിലുമായി അബിന്‍രാജുമായി ബന്ധപ്പെട്ട തെളിവുകള്‍ ലഭിച്ചിട്ടുണ്ട്.

Content Highlights: Fake graduation certificate: Nikhil Thomas debarred-Kerala University