കണ്ണൂരിൽ അഞ്ചിരട്ടി വിലയ്ക്ക് 3829 ഏക്കർ വാങ്ങി, CAG ഓഡിറ്റ് വേണം; കിഫ്ബി അടിമുടി പരിഷ്കരിക്കണം-വിദഗ്ധ സമിതി

തിരുവനന്തപുരം: കണ്ണൂർ ജില്ലയിലെ കിഫ്ബിയുടെ ഭൂമി ഏറ്റെടുക്കൽ ദുരൂഹമെന്ന് വിദഗ്ധസമിതി. 3,829 ഏക്കർ 9,572 കോടി രൂപയ്ക്കാണ് കണ്ണൂരിൽ ഏറ്റെടുത്തത് ഭൂമിവിലയുടെ അഞ്ചിരട്ടി തുകയിലാണ് ഇത്. നടപടിയിൽ സമഗ്ര പരിശോധന വേണമെന്ന് സമിതി നിർദേശിച്ചു. കിഫ്ബി പദ്ധതികളിൽ ജില്ലാ അടിസ്ഥാനത്തിൽ വലിയ അസമത്വമാണുള്ളതെന്നും 41 ശതമാനം പദ്ധതികൾ മൂന്ന് ജില്ലകളിൽ മാത്രമായിട്ടാണെന്നും സമിതി കണ്ടെത്തി.
കിഫ്ബിയുടെ പ്രവർത്തനങ്ങളിൽ സമഗ്ര പുനഃസംഘടന നിർദേശിച്ചുകൊണ്ടുള്ളതാണ് വിദഗ്ധ സമിതി റിപ്പോർട്ട്. സമിതി നിയമസഭയിൽ റിപ്പോർട്ട് സമർപ്പിച്ചു.
പ്രധാന നിർദേശങ്ങൾ ഇവയാണ്.
ഓഡിറ്റ് നിർദേശം: കഴിഞ്ഞ 10 വർഷത്തെ കിഫ്ബിയുടെ പ്രവർത്തനങ്ങൾ സി.എ.ജി (CAG) പെർഫോമൻസ് ഓഡിറ്റിന് വിധേയമാക്കാൻ വിദഗ്ധ സമിതി ശുപാർശ ചെയ്തു.
വായ്പയ്ക്ക് നിയന്ത്രണം: ഇനി മുതൽ വിപണിയിൽനിന്ന് നേരിട്ട് വായ്പയോ ഫണ്ടോ സമാഹരിക്കാൻ കിഫ്ബിയെ അനുവദിക്കരുത്.
ബാധ്യത ഏറ്റെടുക്കും: കിഫ്ബിയുടെ നിലവിലെ സാമ്പത്തിക ബാധ്യതകളും തിരിച്ചടവുകളും സംസ്ഥാന സർക്കാർ വാർഷിക ബജറ്റിലൂടെ ഏറ്റെടുക്കണം.
പദ്ധതികൾ മാറ്റുന്നു: നിലവിലുള്ള അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ അതത് സർക്കാർ വകുപ്പുകൾ നേരിട്ട് പൂർത്തിയാക്കണം.
ജീവനക്കാരുടെ പുനർവിന്യാസം: കിഫ്ബിയിലെ ജീവനക്കാരെയും പദ്ധതി നിരീക്ഷണ വിഭാഗങ്ങളെയും സംസ്ഥാന ആസൂത്രണ ബോർഡിലേക്കും ധനകാര്യ വകുപ്പിലേക്കും മാറ്റി പുനർവിന്യസിക്കണം.
കിഫ്ബിയിലെ ജീവനക്കാരെ പുനർവിന്യസിക്കണം. കിഫ്ബി വഴി പുതിയ നിയമനങ്ങൾ പാടില്ല. കിഫ്ബിയിലെ ശേഷിക്കുന്ന ജീവനക്കാരുടെ ശമ്പളവും ആനുകൂല്യങ്ങളും പുനഃക്രമീകരിക്കണം.
കിഫ്ബിയിലെ ഫിനാൻസ് (ഇൻഫ്രാസ്ട്രക്ചർ) വിഭാഗം ധനവകുപ്പിന്റെ ഭാഗമാക്കണം. പദ്ധതി വിലയിരുത്തൽ വിഭാഗത്തിലെ ജീവനക്കാരെ സംസ്ഥാന ആസൂത്രണ ബോർഡിലേക്ക് മാറ്റണം. കിഫ്ബിയുടെ കൺസൾട്ടിങ് സ്ഥാപനമായ കിഫ്കോൺ (കെഐഎഫ്സിഒഎൻ) സംസ്ഥാന ആസൂത്രണ ബോർഡിന് കീഴിലാക്കണം. കിഫ്ബിയുടെ അനുബന്ധ സ്ഥാപനമായ കെഐഎഫ്എംഎല്ലിലെ
ഓഹരി കെ.എസ്.ഐ.ഡി.സി ഏറ്റെടുക്കണം.
സർക്കാർ വരുമാനത്തിന്റെ ഭൂരിഭാഗവും കടം തിരിച്ചടയ്ക്കാൻ ഉപയോഗിക്കുകയാണ്.
2021-22 മുതൽ 2024-25 വരെയുള്ള നാല് വർഷത്തെ കണക്കുകൾ പ്രകാരം:
കിഫ്ബിയുടെ ആകെ കടസേവന ചെലവ്: 11,944.18 കോടി
സർക്കാരിൽനിന്നുള്ള കൈമാറ്റം: 11,869.28 കോടി
സർക്കാർ കൈമാറ്റം കടസേവന ചെലവിന്റെ 99.4% വരുന്നു
പുതിയ അടിസ്ഥാനസൗകര്യങ്ങൾക്ക് പണം കണ്ടെത്താൻ ഉദ്ദേശിച്ച സംവിധാനം, കടം തിരിച്ചടയ്ക്കുന്നതിനായി സംസ്ഥാന വരുമാനത്തെ ആശ്രയിക്കുന്ന നിലയിലായെന്ന് സമിതി വിലയിരുത്തുന്നു
പ്രധാന സാമ്പത്തിക കണക്കുകൾ
ആകെ വായ്പ എടുത്തത്- 42,193.45 കോടി
ബാക്കി വായ്പ- 31,681.15 കോടി
സർക്കാർ കൈമാറിയ ആകെ തുക- 24,764.64 കോടി
2021-22 മുതൽ 2024-25 വരെ കടസേവന ചെലവ്-11,944.18 കോടി
Content Highlights: Expert committee finds suspicious land acquisition of 3,829 acres in Kannur for Rs 9,572 crore at five times the land value., Recommendation for a comprehensive CAG performance audit of KIIFB's operations over the last 10 years., State government to take over KIIFB's financial liabilities and loan repayments through the annual budget., Prohibition on KIIFB from raising direct loans or funds from the market in the future., Reallocation of KIIFB employees and restructuring of departments into the Finance Department and State Planning Board.