രോഗികളുടെ ചികിത്സ: കേരള കര്‍ണാടക പ്രശ്‌നം പരിഹരിച്ചെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

ന്യൂഡല്‍ഹി:  രോഗികളെ ചികിത്സയ്ക്കായി അതിര്‍ത്തി കടത്തി വിടുന്നതുമായി ബന്ധപ്പെട്ട്‌ കേരളവും കര്‍ണാടകവും തമ്മിലുള്ള പ്രശ്‌നം പരിഹരിച്ചതായി കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയാണ് കേന്ദ്ര സര്‍ക്കാറിനുവേണ്ടി ഇക്കാര്യം സുപ്രീം കോടതിയെ അറിയിച്ചത്. 

പ്രശ്‌നം ഇപ്പോള്‍ നിലനില്‍ക്കുന്നില്ലെന്നും രോഗികളെ ചികിത്സയ്ക്ക് കൊണ്ടുപോകാന്‍ മാര്‍ഗരേഖ തയ്യാറാക്കിയെന്നും തുഷാര്‍ മേത്ത സുപ്രീം കോടതിയില്‍ വ്യക്തമാക്കി. 

ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെയുടെ അധ്യക്ഷതയിലുള്ള ബഞ്ചാണ് കേസ് പരിഹരിച്ചത്. ചര്‍ച്ചകളിലൂടെ ഈ പ്രശ്‌നം പരിഹരിച്ചെന്നാണ് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍ വ്യക്തമാക്കിയത്. 

വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് തുഷാര്‍മേത്ത സുപ്രീം കോടതിയില്‍ ഹാജരായത്. രോഗികളെ കൊണ്ടുപോകാന്‍ ഒരു മാര്‍ഗ രേഖ തയ്യാറാക്കിയിട്ടുണ്ടെന്നും മേത്ത സുപ്രീം കോടതിയെ അറിയിച്ചു. എന്നാല്‍ ഈ മാര്‍ഗ രേഖ എന്താണെന്ന് വിശദമാക്കിയില്ല.  കേരള കര്‍ണാടക സര്‍ക്കാരുകളുടെ അഭിഭാഷകര്‍ ഈ വാദത്തെ എതിര്‍ത്തുമില്ല. ഇതോടെ വിഷയവുമായി ബന്ധപ്പെട്ട എല്ലാ കേസുകളും തീര്‍പ്പാക്കിയതായി സുപ്രീം കോടതി അറിയിച്ചു. 

കൊറോണ ബാധിതരല്ലാത്ത രോഗികള്‍ അവര്‍ നേരത്തെ തന്നെ മംഗലാപുരത്ത് ചികിത്സ നടത്തിയിരുന്നവരാണെങ്കില്‍ അതിര്‍ത്തി കടത്തിവിടാം എന്നാണ് ധാരണയെന്ന്‌ തുഷാര്‍ മേത്ത അറിയിച്ചത്‌

Content Highlight: End Kerala-Karnataka border deadlock

Content Highlights: