എൽദോസ് കുന്നപ്പിള്ളിക്കെതിരായ ബലാത്സംഗക്കേസ്: 2 പേരെ തിരിച്ചറിഞ്ഞു, മൊഴിമാറ്റിയില്ലെന്ന് പരാതിക്കാരി

#ന്യൂസ് ഡെസ്ക്
എല്‍ദോസ് കുന്നപ്പിള്ളില്‍ | Photo: Mathrubhumi
എല്‍ദോസ് കുന്നപ്പിള്ളില്‍ | Photo: Mathrubhumi

കൊച്ചി: മുൻ എം.എൽ.എ എൽദോസ് കുന്നപ്പിള്ളിക്കെതിരായ ബലാത്സംഗക്കേസിൽ മൊഴി മാറ്റിയെന്ന വാർത്ത തെറ്റാണെന്ന് പരാതിക്കാരി. കോടതിയിൽ പ്രതികൾക്ക് അനുകൂലമായി ഒരു മൊഴിയും നൽകിയിട്ടില്ലെന്നും പരാതിക്കാരി പറഞ്ഞു.

എൽദോസ് കുന്നപ്പിള്ളിക്കെതിരായ ബലാത്സംഗക്കേസിൽ വിചാരണ നടപടികൾ നെയ്യാറ്റിൻകര കോടതിയിൽ ആരംഭിച്ചിരുന്നു. ഇതിന്റെ ഭാഗമായി പരാതിക്കാരിയും പ്രതികളും കോടതിയിൽ ഹാജരായിരുന്നു. എന്നാൽ, പ്രതികളെ തിരിച്ചറിയൽ നടപടിക്കുശേഷം പരാതിക്കാരിക്ക് അസ്വസ്ഥത ഉണ്ടാവുകയും പിന്നീട് ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. ഇതേത്തുട‍ർന്ന് കേസ് നാളത്തേക്ക് മാറ്റിവെച്ചു. അടച്ചിട്ട കോടതിയിലാണ് വിചാരണ നടപടികൾ നടക്കുന്നത്.

അതിനിടെ, പരാതിക്കാരി മൊഴിമാറ്റി എന്ന തരത്തിൽ ചില റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. പരാതിക്കാരി അടക്കം നാലുപേർ കൂറുമാറിയെന്നായിരുന്നു പുറത്തുവന്ന റിപ്പോർട്ടുകൾ. എന്നാൽ, താൻ മൊഴിമാറ്റിയിട്ടില്ലെന്നും അത്തരത്തിലുള്ള പ്രചരണം തെറ്റാണെന്നും പരാതിക്കാരി പറഞ്ഞു.

തിരിച്ചറിയൽ നടപടികൾക്കായി നാലുപേർ പ്രതിക്കൂട്ടിൽ ഉണ്ടായിരുന്നു. ഇതിൽ രണ്ടുപേരെ തിരിച്ചറിഞ്ഞു. അപ്പോഴേക്കും ദേഹാസ്വാസ്ഥ്യമുണ്ടായി. ഉടനെ തന്നെ മാറ്റിയിരുത്തി. അതിനുശേഷം കേസ് അടുത്ത ദിവസം പരിഗണിക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് താൻ ആശുപത്രിയിലേക്ക് മടങ്ങിയെന്നും പരാതിക്കാരി പറഞ്ഞു.

നിലവിൽ കേസുമായി മുമ്പോട്ട് പോകുകയാണ്. കേസിൽ നിന്ന് പിന്മാറാൻ വലിയ സമ്മർദമുണ്ട്. പ്രതികളെ തിരിച്ചറിയുന്ന നടപടി മാത്രമാണുണ്ടായത്. മൊഴി മാറ്റിയിട്ടില്ലെന്നും പരാതിക്കാരി വ്യക്തമാക്കി.

Content Highlights: Complainant officially denies rumors of changing testimony in court., Trial proceedings against Eldhose Kunnappilly are ongoing at Neyyattinkara court., Identification process for the accused is currently underway., The complainant reported health issues during the court session, leading to a temporary adjournment.