മാതൃഭൂമി ഡോട്‌കോം വാര്‍ത്ത ഫലം കണ്ടു; വീടാകുന്നത് വരെ മണിയമ്മയ്ക്കും വേലപ്പനും വാടക കിട്ടും

മണിയമ്മയും വേലപ്പനും
മണിയമ്മയും വേലപ്പനും

കഴിഞ്ഞ വര്‍ഷം ജൂലായ് 30 ന് ഉരുള്‍ജലം ഇരമ്പിയൊഴുകി വന്ന ആ ദിവസം ചൂരല്‍മല പഴയ വില്ലേജ് റോഡില്‍ നിന്ന് ജീവനും പറിച്ച് ഓടിയതാണ് 86 വയസ്സുകാരന്‍ വേലപ്പനും 78 വയസ്സുകാരി ഭാര്യ മണിയമ്മയും. ചൂരല്‍മല പഴയ വില്ലേജ് റോഡിലെ ആസ്ബറ്റോസ് ഷീറ്റിട്ട വീടിരിക്കുന്ന സ്ഥലത്ത് ഇനി താമസിക്കാനാവില്ലെന്ന് സര്‍ക്കാര്‍ പറയാത്തത് കൊണ്ട് മാത്രം ലിസ്റ്റില്‍ നിന്ന് പുറത്താവുകയും സഹായധനം പോലും കിട്ടാതാവുകയും ചെയ്ത വയോധികര്‍. ഇവരുടെ ദുരവസ്ഥ മാതൃഭൂമി ഡോട്‌കോം വാര്‍ത്തയാക്കിയതോടെ വീടാകുന്നത് വരെ വാടക നല്‍കാമെന്നേറ്റ് സുമനസ്‌കരുമെത്തി. പേര് വെളിപ്പെടുത്താന്‍ താല്‍പര്യമില്ലാത്ത കോട്ടയത്തെ ഒരു വ്യക്തിയാണ് ഇവര്‍ക്ക് വീടാകുന്നത് വരെയുള്ള വീട്ടുവാടക ഏറ്റെടുക്കാമെന്ന് പറഞ്ഞ് മുന്നോട്ട് വന്നത്. ആദ്യ ഗഡുവായി 3000 രൂപ വാടക മണിയമ്മയുടെ അക്കൗണ്ടിലേക്ക് അയക്കുകയും ചെയ്തിട്ടുണ്ട്.   

പ്രളയ ജലമെത്തിയതോടെ ചെളിവന്ന് വീട്ടിലേക്കുള്ള വഴിയും പറമ്പുമെല്ലാം മൂടിപ്പോയിരുന്നു. ആളുകളില്ലാതായതോടെ ഇവര്‍ താമസിക്കുന്ന ഭാഗം ആനയടക്കമുള്ള വന്യ മൃഗങ്ങളുടെ വിഹാര കേന്ദ്രവുമായി. എല്ലാത്തിനും സാക്ഷിയായി ആ ഷീറ്റിട്ട വീട് മാത്രം ബാക്കി. ഉരുളിന്റെ ശക്തിയില്‍ വീട് വീണ്ടുകീറുകയും അടിത്തറയടക്കം ഇളകുകയും ചെയ്തു. അപ്പോഴും ഇവരോട് സര്‍ക്കാര്‍ ചോദിക്കുന്നത് നിങ്ങളുടെ വീട് പോയില്ലല്ലോ എന്നാണ്. പക്ഷെ അവിടേക്ക് എങ്ങനെ പോവുമെന്നും ജീവിക്കുമെന്നും മാത്രം സര്‍ക്കാര്‍ ചോദിക്കുന്നില്ല.

ജോലിക്കിടെ മരം വീണ് വര്‍ഷങ്ങള്‍ക്ക് മുമ്പെ ഒരു കാലിന്റെ സ്വാധീനം ഇല്ലാതായി പോയിട്ടുണ്ട് വേലപ്പന്. ഹൃദ്രോഗിയായ ഭാര്യ മണിയമ്മയുടെ അവസ്ഥയും സമാനമാണ്. ഇന്ന് താഴെ അരപ്പറ്റയിലെ ചളി നിറഞ്ഞ പാടിയില്‍ വാടകയ്ക്ക് താമസിക്കുമ്പോഴും സര്‍ക്കാര്‍ സഹായങ്ങള്‍ ഇവര്‍ക്ക് അകലെയാണ്. വിശപ്പടക്കാന്‍ ലഭിക്കുന്ന ഭക്ഷ്യക്കൂപ്പണ്‍ മാത്രമാണ് ഏക ആശ്രയം. കാലിന് സ്വാധീനമില്ലാതാവുകയും പ്രായത്തിന്റെ അവശതയും മൂലം വേലപ്പന് ജോലിക്ക് പോവാന്‍ കഴിയാതെ വന്നതോടെ മണിയമ്മയുടെ തൊഴിലുറപ്പ് വരുമാനമായിരുന്നു ഏക ആശ്രയം. ചൂരല്‍മലയില്‍ നിന്ന് പോന്നതോടെ ഇതും അവതാളത്തിലായി.

മേലെ അരപ്പറ്റയില്‍ നിന്ന് ദിവസേന 100 രൂപയോളം ചിലവാക്കി വേണം ചൂരല്‍മലയില്‍ തൊഴിലുറപ്പിന് പോവാന്‍. പലപ്പോഴും അതും തടസ്സപ്പെടുന്നു. വീടെന്ന ആവശ്യവുമായി വയ്യാത്ത കാലും കൊണ്ട് വേലപ്പന്‍ കയറിയിറങ്ങാത്ത ഓഫീസുകളില്ല. അപ്പോഴെല്ലാം ഉദ്യോഗസ്ഥര്‍ ചോദിക്കുന്നത് നിങ്ങളുടെ വീട് പോയില്ലല്ലോ എന്നാണ്. ഇതോടെ നിസ്സഹായരായിപ്പോയി ഈ വൃദ്ധ ദമ്പതികള്‍. വീട് പോയില്ലല്ലോ എന്ന് ചോദിക്കുന്നവര്‍ ഒരു ദിവസമെങ്കിലും തങ്ങളുടെ വീടുള്ള സ്ഥലമൊന്ന് സന്ദര്‍ശിക്കണം. ഒറ്റക്കാലും കൊണ്ട് ഞാനും 76 വസ്സുകാരി ഭാര്യയും എങ്ങനെ ഇവിടേക്ക് കയറിച്ചെല്ലുമെന്ന് ഒന്നു കാണിച്ച് തരണം. വേലപ്പന് സങ്കടത്തോടെ ആവശ്യപ്പെടാനുള്ളത് ഇപ്പോഴും ഇതുമാത്രമാണ്. 


 

Content Highlights: An elderly couple displaced by floods receive rent assistance after Mathrubhumi.com News