മൂന്ന് കോടിക്ക് മന്ത്രി സ്ഥാനം; കോൺഗ്രസ് എംഎൽഎയെ വിളിച്ച നമ്പറിന്റെ ഉടമയെ കണ്ടെത്തി

കോഴിക്കോട്: എലത്തൂർ എംഎൽഎ വിദ്യാ ബാലകൃഷ്ണന് മന്ത്രി പദവി വാഗ്ദാനം ചെയ്തുകൊണ്ട് വ്യാജഫോൺ കോൾ വന്ന സംഭവത്തിൽ സിം ഉടമയെ കണ്ടെത്തി. ഡൽഹി സ്വദേശിയുടെ പേരിലാണ് സിം കാർഡുള്ളത്. സിം കാർഡ് തന്റേത് തന്നെയാണെന്ന് ഇയാൾ സമ്മതിച്ചിട്ടുണ്ട്.
എന്നാൽ കോൾ വന്നതിൽ തനിക്ക് പങ്കില്ലെന്നും മൊബൈൽ ഫോൺ മോഷണം പോയിരുന്നുവെന്നുമാണ് ഇയാളുടെ മൊഴി. സിം കാർഡ് ഉടമയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അന്വേഷണസംഘം പുറത്തുവിട്ടിട്ടില്ല. സംഭവത്തിൽ അന്വേഷണം തുടരും.
കേരളത്തിൽനിന്നെത്തിയ പോലീസ് സംഘം ഇയാളെ കഴിഞ്ഞദിവസം വിശദമായി ചോദ്യംചെയ്തിരുന്നു. കോഴിക്കോട് സിറ്റി പോലീസ് കമ്മിഷണർ രൂപവത്ക്കരിച്ച പ്രത്യേക അന്വേഷണസംഘം കഴിഞ്ഞ കുറച്ചുദിവസങ്ങളായി ഡൽഹി കേന്ദ്രീകരിച്ചുകൊണ്ട് വ്യാപകമായ അന്വേഷണം നടത്തുന്നുണ്ടായിരുന്നു.
സംസ്ഥാന മന്ത്രിസഭാ പുനഃസംഘടന ഉടൻ ഉണ്ടാകുമെന്നും മൂന്നുകോടി രൂപ നൽകിയാൽ മന്ത്രിയാക്കാമെന്നായിരുന്നു എലത്തൂർ എംഎൽഎ വിദ്യാ ബാലകൃഷ്ണന് ലഭിച്ച സന്ദേശം. ജൂലായ് ആറിന് ഉച്ചയ്ക്ക് രണ്ടിനാണ് വിദ്യക്ക് ഫോൺ വന്നത്. പ്രിയങ്കാഗാന്ധി എം.പി.യുടെ ഡൽഹി ഓഫീസിലെ രാജ്കുമാറാണെന്ന വ്യാജേനയായിരുന്നു ഫോൺവിളി.
വിവരമറിഞ്ഞ് വിഷയത്തിൽ ഇടപ്പെട്ട പ്രിയങ്കാ ഗാന്ധി, വിദ്യയുടെ ഫോണിലേക്ക് യഥാർഥ രാജ്കുമാറിന്റെ ശബ്ദസന്ദേശം അയച്ചുനൽകി. രണ്ടു ശബ്ദവും തമ്മിൽ വ്യത്യാസമുണ്ടെന്ന് വിദ്യ സ്ഥിരീകരിച്ചു. തുടർന്ന്, ശനിയാഴ്ച സിറ്റി പോലീസ് കമ്മിഷണർ എ.പി. ഷൗക്കത്തലിക്ക് വിദ്യ നേരിട്ടു പരാതി നൽകി.
തുടർന്ന്, ആൾമാറാട്ടംനടത്തി വഞ്ചിക്കാൻശ്രമിച്ചതിനും ഐ.ടി. നിയമത്തിലെ 66 ഡി വകുപ്പ് പ്രകാരവും കേസെടുത്തു. കോഴിക്കോട് സിറ്റി പോലീസിലെ സൈബർ ക്രൈം അസിസ്റ്റന്റ് കമ്മിഷണർ എസ്.എം. പ്രദീപ്കുമാറിനാണ് കേസിന്റെ അന്വേഷണച്ചുമതല. ഡൽഹി മേൽവിലാസത്തിലാണ് സിം കാർഡ് എടുത്തിട്ടുള്ളതെന്ന് സൈബർ പോലീസ് നേരത്തെ കണ്ടെത്തിയിരുന്നു.
തുടർന്നാണ് അന്വേഷണസംഘം ഡൽഹിയിലേക്ക് പുറപ്പെട്ടത്. വിദ്യക്ക് പുറമെ, കോൺഗ്രസിലെ കൂടുതൽ നേതാക്കൾക്കും വ്യാജ ഫോൺ കോളുകൾ ലഭിച്ചിരുന്നു. എംപിമാരായ ഷാഫി പറമ്പിൽ, ഡീൻ കുര്യാക്കോസ് എന്നിവർക്കാണ് പണം നൽകിയാൽ ഉന്നതപദിവകൾ ഓഫർചെയ്തുകൊണ്ട് സന്ദേശം വന്നത്.
ഈ മൂന്ന് സംഭവങ്ങളിലും പ്രിയങ്ക ഗാന്ധി എംപിയുടെ പ്രൈവറ്റ് സെക്രട്ടറി ഡി.എസ്. രാജ്കുമാറിന്റെ പരാതിയിൽ വയനാട് സൈബർ പോലീസും കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു.
Content Highlights: Investigation into the fake minister post offer made to MLA Vidya Balakrishnan., Delhi-based SIM owner identified and questioned by Kerala Police., Fraudsters impersonated Priyanka Gandhi's office staff to demand money., Similar scam attempts reported against MPs Shafi Parambil and Dean Kuriakose., Cases registered under IT Act Section 66D and impersonation charges.