കേരളത്തിലെ അതിവേഗ റെയിൽപ്പാത; ചെലവ് ഒരു ലക്ഷം കോടി

ഇ.ശ്രീധരന്‍ (ഫയല്‍) |ഫോട്ടോ:മാതൃഭൂമി
ഇ.ശ്രീധരന്‍ (ഫയല്‍) |ഫോട്ടോ:മാതൃഭൂമി

കൊച്ചി: കേരളത്തിലെ അതിവേഗ റെയിൽപ്പാത പദ്ധതിയുമായി ബന്ധപ്പെട്ട ചർച്ചയ്ക്ക് കേന്ദ്രത്തിൽനിന്ന് ആരും വിളിച്ചിട്ടില്ലെന്ന് ഡോ. ഇ. ശ്രീധരൻ. റെയിൽവേ മന്ത്രി ആവശ്യപ്പെട്ടാൽ ഡൽഹിയിലെത്തി പദ്ധതിയെക്കുറിച്ച് വിശദീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിയും കേന്ദ്ര റെയിൽവേ മന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം പ്രൊഫ. കെ.വി. തോമസ് ബന്ധപ്പെട്ട് ഇക്കാര്യമാവശ്യപ്പെട്ടിരുന്നു. റെയിൽവേ ബോർഡിന്റെ ചർച്ചകൾക്കുശേഷമായിരിക്കും വിളിക്കുകയെന്നാണ് കരുതുന്നതെന്നും ശ്രീധരൻ പറഞ്ഞു.അതിവേഗപാത നടപ്പാകുമോയെന്നതിൽ ഈ കൂടിക്കാഴ്ചയിൽ തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷ. കഴിഞ്ഞവർഷമാണ് കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് അതിവേഗപാതയുടെ പദ്ധതി നിർദേശം നൽകിയത്. ആ റിപ്പോർട്ട് കേന്ദ്ര സർക്കാർ പഠിച്ചിട്ടില്ലെന്നാണ് പറയുന്നത്.

കേരളത്തിന് മാതൃകയാകാം

അതിവേഗപാത നടപ്പാക്കി കേരളത്തിന് മറ്റു സംസ്ഥാനങ്ങൾക്ക് മാതൃകയാകാമെന്ന് ശ്രീധരൻ പറഞ്ഞു. ഡൽഹി മെട്രോയെക്കുറിച്ചുള്ള ചർച്ച നടക്കുമ്പോൾ ആദ്യമെല്ലാം എതിർപ്പ് വളരെ രൂക്ഷമായിരുന്നു. വന്നപ്പോൾ‌ എല്ലാവരും ഡൽഹിയെ മാതൃകയാക്കി. പദ്ധതിക്കായി അധികം സ്ഥലം ഏറ്റെടുക്കേണ്ടിവരില്ലെന്നത് കേരളത്തിന് ഗുണകരമാണ്. സിൽവർ ലൈനിനായി ഉദ്ദേശിച്ചതിന്റെ മൂന്നിലൊന്ന് സ്ഥലമേ അതിവേഗപാതയ്ക്ക് ആവശ്യമായി വരൂ. ജനവാസപ്രദേശങ്ങൾ കഴിവതും ഒഴിവാക്കിയുള്ള റൂട്ടുകളാണ് ഉദ്ദേശിക്കുന്നത്. റൂട്ട് തീരുമാനിക്കുന്നതിനാണ് കൂടുതൽ സമയം വേണ്ടിവരിക.

30 ശതമാനം ടണലായിരിക്കും. ഈ ഭാഗങ്ങളിൽ സ്ഥലം തീരേ ഏറ്റെടുക്കേണ്ടിവരില്ല. തൂണുകളാണെങ്കിലും സ്ഥലം കുറവുമതിയാകും. നിർമാണം പൂർത്തിയായശേഷം ഈ സ്ഥലം കൃഷിയുൾപ്പെടെ മറ്റാവശ്യങ്ങൾക്കുപയോഗിക്കാം. വൻതോതിലുള്ള നിർമാണങ്ങൾക്കും മറ്റുമേ തടസ്സമുണ്ടാകൂ.

ഒരുലക്ഷംകോടി, അഞ്ചുവർഷം

ഒരുലക്ഷംകോടിയാണ് ചെലവുപ്രതീക്ഷിക്കുന്നത്. 85,000 കോടിരൂപകൊണ്ട് ചിലപ്പോൾ പൂർത്തിയാക്കാൻ കഴിയും. പദ്ധതി രൂപരേഖ തയ്യാറാക്കുന്നതുൾപ്പെടെയുള്ള മുന്നൊരുക്കത്തിന് ഒരുകൊല്ലം വേണ്ടിവരും. തുടർന്ന് അഞ്ചുകൊല്ലംകൊണ്ട് നിർമാണം പൂർത്തിയാക്കാം. തിരുവനന്തപുരംമുതൽ കണ്ണൂർവരെയാണ് അതിവേഗപാത ഉദ്ദേശിക്കുന്നത്. പിന്നീട് ഈ പാത ദീർഘിപ്പിക്കാനാകും. മണിക്കൂറിൽ പരമാവധി 200 കിലോമീറ്റർ വേഗം ലഭിക്കും. സ്റ്റേഷനുകൾതമ്മിൽ 20 മുതൽ 25 കിലോമീറ്റർവരെ ദൂരമുണ്ടാകും. തിരുവനന്തപുരം-കണ്ണൂർ യാത്രയ്ക്ക് മൂന്നുമണിക്കൂർ 15 മിനിറ്റ് എടുക്കും. 

തയ്യാറാക്കിയത് കെ.പി. പ്രവിത

Content Highlights: High Speed train project in Kerala is estimated to cost around Rs 1 lakh crore