കാപ്പാക്കേസ് പ്രതിക്കൊപ്പം CPM-ലേക്ക് വന്നയാളെ കഞ്ചാവുമായി പിടിച്ച സംഭവം; DYFI സമരം മാറ്റി

Photo Courtesy: www.facebook.com|dyfikeralastatecommittee
Photo Courtesy: www.facebook.com|dyfikeralastatecommittee

പത്തനംതിട്ട: കാപ്പാക്കേസ് പ്രതിക്കൊപ്പം സിപിഎമ്മിലേക്ക് വന്നയാളെ കഞ്ചാവുമായി പിടിച്ച സംഭവത്തില്‍ ഡി.വൈ.എഫ്.ഐ പ്രതിഷേധമാര്‍ച്ച് മാറ്റി. പത്തനംതിട്ട എക്‌സൈസ് ഓഫീസിലേക്ക് നടത്താന്‍ തീരുമാനിച്ച പ്രതിഷേധ മാര്‍ച്ചാണ് മാറ്റിയത്. സംസ്ഥാന സർക്കാരിന്റെ തൊഴിൽ പദ്ധതിയായ വിജ്ഞാന പത്തനംതിട്ടയുടെ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ ബീന ഗോവിന്ദന്റെ മരണവും സംസ്‌കാരചടങ്ങുകളും കണക്കിലെടുത്താണ് മാറ്റമെന്നാണ് വിശദീകരണം. 

ഈയിടെ സിപിഎമ്മിലേക്ക് വന്നവര്‍ക്ക് നേരെ ഉയര്‍ന്നുവന്ന ആരോപണങ്ങളെ തള്ളിക്കളയുകയാണ് ഡി.വൈ.എഫ്.ഐ. കഞ്ചാവുമായി പിടികൂടിയ യദുവിനെതിരേ ചുമത്തപ്പെട്ടത് രാഷ്ട്രീയതാത്പര്യത്തോടുകൂടിയുള്ള കേസാണെന്നും കഞ്ചാവ് പിടികൂടി എന്നത്  അസത്യപ്രചാരണമാണെന്നും സിപിഎം ആരോപിച്ചിരുന്നു. ഇത് മുന്‍നിര്‍ത്തിയാണ് ഡി.വൈ.എഫ്.ഐ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പത്തനംതിട്ട എക്‌സൈസ് ഓഫീസിലേക്ക് മാര്‍ച്ച് നടത്താന്‍ തീരുമാനിച്ചത്. അസീസ് എന്ന ഉദ്യോഗസ്ഥന്‍ വിഷയത്തില്‍ രാഷ്ട്രീയം കളിച്ചുവെന്നും ഇദ്ദേഹത്തിനെതിരേ വകുപ്പ് തല നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടാണ് മാര്‍ച്ച്. കേന്ദ്രകമ്മിറ്റിയംഗത്തെ ഉദ്ഘാടകനായി തീരുമാനിച്ച് ബ്രോഷറുള്‍പ്പെടെ പുറത്തിറക്കിയിരുന്നു. 

എന്നാല്‍ ശനിയാഴ്ചയാണ് പരിപാടി മാറ്റിയതായി വിവരം ലഭിച്ചത്. ഇടതുപക്ഷസഹയാത്രികയും വിജ്ഞാന പത്തനംതിട്ടയുടെ ജില്ലാ മിഷൻ കോ-ഓർഡിനേറ്ററുമായ ബീന ഗോവിന്ദന്റെ മരണവും സംസ്‌കാരചടങ്ങുകളും കണക്കിലെടുത്താണ് മാറ്റമെന്നാണ് വിശദീകരണം. മറ്റൊരു ദിവസം മാര്‍ച്ച് നടത്തുമെന്നും അറിയിച്ചിട്ടുണ്ട്.  

Content Highlights: dyfi protest march Pathanamthitta Excise Office changed