'പെട്ടുപോയി, ജീവിതവും ബന്ധങ്ങളും ഇല്ലാതായി, രക്ഷിക്കണം'; ലഹരിക്കടിപ്പെട്ട യുവാവ് രക്ഷതേടി സ്റ്റേഷനിൽ

താനൂർ: ‘തുടങ്ങാൻ എളുപ്പമാണ്. പിന്നെ നിർത്താനാവില്ല. പെട്ടുപോയി. ജീവിതവും കുടുംബവും ബന്ധങ്ങളും ഇല്ലാതായി. രക്ഷിക്കണം.’ താനൂർ പോലീസ്‌സ്റ്റേഷനിൽ എത്തി ശനിയാഴ്ച രാവിലെ ഒരുയുവാവ് കരഞ്ഞുപറഞ്ഞു.
ലഹരിക്ക് അടിപ്പെട്ട യുവാവ് രക്ഷിക്കണമെന്നാവശ്യപ്പെട്ടാണ് താനൂർ സ്റ്റേഷനിൽ എത്തിയത്. ലഹരിയുടെ ഉപയോഗം തന്റെ ജീവിതത്തെയും കുടുംബത്തെയും ബന്ധങ്ങളെയും നശിപ്പിച്ചെന്നും തന്നെ രക്ഷിക്കണമെന്നും യുവാവ് പോലീസുകാരോട് അഭ്യർഥിച്ചു. കുറേക്കാലമായി ലഹരിക്ക് അടിമയാണ്. മോചനം വേണമെന്ന് ആഗ്രഹമുണ്ട്. പക്ഷേ എന്തുചെയ്യണമെന്ന് അറിയില്ല -യുവാവ് പോലീസുകാരോട് പറഞ്ഞു. തുടർന്ന് ലഹരിവിമോചന കേന്ദ്രത്തിലേക്ക് യുവാവിനെ പോലീസ് മാറ്റി.
ലഹരിയിൽനിന്ന് യുവാവിനെ മോചിപ്പിക്കാൻ ആവശ്യമായ സൗകര്യങ്ങൾ നൽകുമെന്ന് താനൂർ ഡിവൈഎസ്‍പി. പ്രമോദ് പറഞ്ഞു.
താനൂരിൽ ഡിവൈഎസ്‌പിയുടെ നേതൃത്വത്തിൽ ലഹരിക്കെതിരേ 50 ദിവസത്തെ കർമപരിപാടികൾ നടക്കുകയാണ്. ലഹരിക്കടിപ്പെട്ടവരെ രക്ഷിക്കാൻ പോലീസ് നടത്തുന്ന പ്രവർത്തനങ്ങളുടെ വിവരം ലഭിച്ചതിനെത്തുടർന്നാണ് യുവാവ് സ്റ്റേഷനിൽ എത്തിയത്. മാരകമായ ലഹരിയുടെ വലയത്തിൽപ്പെട്ടവരെ രക്ഷിക്കാൻ എല്ലാവരുംചേർന്ന് ശ്രമിക്കണമെന്നും യുവാവ് പിന്നീട് പറഞ്ഞു.
ലഹരിക്കുരുക്കിൽ അറിയാതെയും മനപ്പൂർവവും കുരുങ്ങുന്ന എല്ലാവരും കേൾക്കണം ഈ കരച്ചിൽ. അവർമാത്രം പോരാ, സമൂഹം മുഴുവൻ അറിയണം. കാരണം ഒന്നു കണ്ണുതെറ്റിയാൽ വീണുപോകാം, ചുറ്റും വിടർന്നുനിൽക്കുന്ന ലഹരിവലയിലേക്ക് എന്നുള്ളതുതന്നെ.
Content Highlights: drug addict begs police for help deaddiction