തടയേണ്ടത് വൈറസിനേയാണ്, ജനങ്ങളെയല്ല; ടി.പി.ആര്‍ കുറയാന്‍ വളഞ്ഞവഴി പരീക്ഷിച്ചു- ഡോ. എസ്.എസ് ലാല്‍

തിരുവനന്തപുരം: രാജ്യത്ത് ഇപ്പോള്‍ കോവിഡ് വ്യാപനം ഏറ്റവും കൂടുതല്‍ കേരളത്തിലാണ്. പ്രതിദിന രോഗികളുടെ എണ്ണം 24 മണിക്കൂറിനിടെ വീണ്ടും 30,000 കടന്നു. ടിപി.ആര്‍ 20 ശതമാനത്തിന് അടുത്താണ്. എല്ലാ സംസ്ഥാനങ്ങളിലും കോവിഡ് നിയന്ത്രണവിധേയമായിട്ടും കേരളത്തില്‍ മാത്രം കുറയാതിരിക്കുന്നതിന് കാരണങ്ങള്‍ നിരവധിയാണെന്ന് പൊതുജനാരോഗ്യ വിദഗ്ധനും ആള്‍ ഇന്ത്യ പ്രൊഫഷണല്‍ കോണ്‍ഗ്രസ് ചെയര്‍മാനുമായ ഡോക്ടര്‍ എസ്.എസ് ലാല്‍. പ്രതിരോധത്തിലും നിയന്ത്രണങ്ങളിലുമുണ്ടായ പാളിച്ചകള്‍ അദ്ദേഹം മാതൃഭൂമി ഡോട്ട്‌കോമിനോട് വിശദീകരിച്ചു.
പരിശോധനകളുടെ എണ്ണം ഇനിയും കൂട്ടണമെന്നും വാക്‌സിനേഷന്‍ കൂടുതല്‍ വേഗത്തിലാക്കി വേണം രോഗത്തെ പിടിച്ച് നിര്‍ത്താനെന്നും അദ്ദേഹം പറഞ്ഞു. ഇന്‍ഫ്‌ളുവന്‍സ പോലെയുള്ളവ കാലങ്ങളായി എല്ലാക്കൊല്ലവും വരികയും ആളുകള്‍ മരിക്കുകയും ചെയ്യുന്നു. കോവിഡും അത്‌പോലെ ഒരു അസുഖമായി മാറാനുള്ള സാധ്യതയുണ്ടെന്നും അദ്ദേഹം പറയുന്നു.
എസ്.എസ്. ലാലുമായുള്ള അഭിമുഖത്തിലേക്ക്
മൂന്നാം തരംഗത്തിനുള്ള സാധ്യതകള്‍ ഒക്ടോബര്‍ മുതലാണെന്ന് പറയപ്പെടുന്നു തയ്യാറെടുപ്പുകള്‍ എപ്രകാരം ആയിരിക്കണം ?
ഈ തരംഗത്തെ പറ്റി പറയുമ്പോള്‍ ഒന്നാം തരംഗം, രണ്ടാം തരംഗം എന്ന് നിര്‍വചിക്കാന്‍ കഴിയില്ല. ഇന്‍ഫ്‌ളുവന്‍സ പോലെയുള്ളവ കാലങ്ങളായി എല്ലാക്കൊല്ലവും വരികയും ആളുകള്‍ മരിക്കുകയും ചെയ്യുന്നു. കോവിഡും അതുപോലെ ഒരു അസുഖമായി മാറാനുള്ള സാധ്യതയുണ്ട്. വാക്‌സിന്‍ ഉപയോഗിച്ച് പ്രതിരോധിക്കാം എന്ന് പറയുമ്പോള്‍ വാക്‌സിനെടുത്തവരിലും വൈറസ് ബാധിക്കുന്നുണ്ട്. വൈറസിന്റെ പുതിയ വകഭേദങ്ങള്‍ ഓരോ കാലത്തും വന്നുകൊണ്ടിരിക്കാം. ഇന്‍ഫ്‌ളുവന്‍സ പോലെ കോവിഡിലും വാക്‌സിന്‍ പരിഷ്‌കരിക്കേണ്ടി വരാം.
തരംഗവും രോഗികളുടെ എണ്ണത്തിലെ പീക്കും പരിഗണിക്കുമ്പോള്‍ ഇത് രണ്ടാം തരംഗത്തിന്റെ തുടര്‍ച്ചയാണോ മൂന്നാം തരംഗത്തിന്റെ തുടക്കമാണോ എന്ന് പറയാന്‍ കഴിയില്ല. തിരഞ്ഞെടുപ്പിന് ശേഷം നമ്മുടെ കേരളത്തില്‍ പരിശോധനകളുടെ എണ്ണം വര്‍ധിച്ചു. മുഖ്യമന്ത്രി ഉള്‍പ്പെടെ ആവശ്യപ്പെട്ടിട്ടും ആരോഗ്യവകുപ്പ് പരിശോധനകളുടെ എണ്ണം കൂട്ടിയില്ല. തിരഞ്ഞെടുപ്പിന്റെ സമ്മര്‍ദ്ദം കഴിഞ്ഞപ്പോള്‍ പരിശോധനകള്‍ കൂട്ടി, രോഗകളുടെ എണ്ണവും കൂടി.
മരണനിരക്കിന്റെ കാര്യം പരിശോധിച്ചാലും അങ്ങനെയാണ്. വ്യാജ നിരക്ക് കാണിച്ചാണ് മുന്നോട്ട് പോയിരുന്നു. പ്രതിപക്ഷം ഉള്‍പ്പെടെ ബഹളം വെച്ചപ്പോഴാണ് ഇതില്‍ കൃത്യത വന്നത്. ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാരുടെ കൈയില്‍ നിന്ന് കണക്ക് ലഭിച്ചിട്ടും അത് പ്രസിദ്ധീകരിക്കാതെ മറച്ചുവെച്ചു. മരണനിരക്ക് കൂടി കൃത്യമായി പറഞ്ഞാല്‍ മാത്രമേ തരംഗത്തിന്റെ കാര്യത്തില്‍ വ്യക്തത വരികയുള്ളൂ. പരിശോധനകളുടെ എണ്ണം വര്‍ധിക്കുമ്പോള്‍ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റും കൂടിയാല്‍ അതിന്റെ അര്‍ത്ഥം കാര്യമായ വ്യാപനം സംഭവിച്ചു എന്നാണ്.കേരളത്തില്‍ ഇപ്പോഴുള്ളത് രണ്ട് തരംഗങ്ങളുടെ കൂടിക്കലര്‍ച്ചയാണോ എന്ന് പോലും സംശയിക്കേണ്ടിയിരിക്കുന്നു. കണക്കുകളിലെ സുതാര്യതകൊണ്ട് മാത്രമേ ഇക്കാര്യം വ്യകതമാവുകയുള്ളൂ.
മൂന്നാം തരംഗ മുന്നറിയിപ്പ് സ്വാഗതാര്‍ഹം
രാജ്യത്ത് കോവിഡിന്റെ മൂന്നാം തരംഗം ഉണ്ടാകുമെന്ന മുന്നറിയിപ്പ് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയത് സ്വാഗതാര്‍ഹമാണ്. രണ്ടാം തരംഗത്തെ കുറിച്ച് ഇത്തരമൊരു മുന്നറിയിപ്പോ തയ്യാറെടുപ്പോ ഇല്ലായിരുന്നു. വൈറസിനെ ഓടിച്ചു എന്ന പൊങ്ങച്ചം പറച്ചിലായിരുന്നു. വ്യാപനം കൂടിയപ്പോഴാണ് രണ്ടാം തരംഗം തിരിച്ചറിഞ്ഞത്. മൂന്നാമത് ഒരു തരംഗം ഉണ്ടാകുമെന്നും ജനങ്ങള്‍ കരുതിയിരിക്കണം എന്നുമുള്ള മുന്നറിയിപ്പ് ആരോഗ്യ മേഖലയ്ക്ക് വളരെ നല്ല കാര്യമാണ്. ജനങ്ങളുടെ ആരോഗ്യത്തെ സംരക്ഷിക്കാന്‍ ഇത് സഹായകമാണ്.
കേരളത്തില്‍ മാത്രം കോവിഡ് കുറയുന്നില്ല, കാരണം ?
കേരളത്തില്‍ ആദ്യഘട്ടത്തില്‍ കോവിഡ് വ്യാപിക്കാതിരുന്നപ്പോള്‍ ഇവിടെ വൈറസിനെ പടിക്ക് പുറത്ത് നിര്‍ത്തി എന്ന പ്രചാരണമായിരുന്നു. എന്നാല്‍ ന്യൂയോര്‍ക്ക് നഗരത്തിലൊക്കെ ഉണ്ടായത് പോലെയുള്ള വ്യാപനം കേരളത്തില്‍ ഉണ്ടാകാനുള്ള സാധ്യതയെക്കുറിച്ച് അന്ന് തന്നെ വ്യക്തമാക്കിയതാണ്. കേരളം ജന നിബിഡമാണ്. സാമൂഹിക ബന്ധങ്ങള്‍ കൂടുതലാണ്.ജനങ്ങള്‍ പരസ്പരം ഇടപെടുന്നതും സഹകരിക്കുന്നതും കൂടുതലാണ്. അസുഖം ഉള്ളവരും ഇല്ലാത്തവരും തമ്മില്‍ ഇടപെട്ടിരുന്നു. മനുഷ്യര്‍ തിങ്ങിപ്പാര്‍ക്കുന്ന സംസ്ഥാനമാണ്. കല്യാണത്തിന് 20 പേര്‍ എന്ന് പറഞ്ഞപ്പോള്‍ 20 പേരുടെ പല സംഘങ്ങളാണ് പലയിടത്തും പങ്കെടുത്തത്. അതോടൊപ്പം തന്നെ കല്യാണത്തിന് 20 പേര്‍ എന്ന് പറയുന്നിടത്ത് ബസുകളില്‍ 45-50 പേരാണ് ഒരേസമയം യാത്ര ചെയ്തിരുന്നത്. ജനങ്ങളെ കൃത്യമായി ബോധവത്കരിക്കുന്നതില്‍ വീഴ്ച സംഭവിച്ചിട്ടുണ്ട്. പൊതുഗതാഗതത്തിന് കൂടൂതല്‍ സൗകര്യങ്ങള്‍ ഒരുക്കുകയാണ് നഷ്ടം നോക്കാതെ ചെയ്യേണ്ടിയിരുന്നത്.
ടെസ്റ്റുകളുടെ എണ്ണം മുന്‍പ് വളരെ പരിമിതമായിരുന്നു. തിരഞ്ഞെടുപ്പിന് മുന്‍പൊക്കെ 20,000 രോഗികളില്‍ താഴെ മാത്രം എന്ന് രേഖപ്പെടുത്തിയിരുന്നത് ഉറപ്പായും പരിശോധനകള്‍ കൃത്യമായിരുന്നുവെങ്കില്‍ 50,000ന് മുകളിലായിരിക്കുമായിരുന്നു. കേരളത്തില്‍ രോഗികളായിട്ടും പരിശോധിക്കപ്പെടാതെ പോയവരുണ്ടാകാം. കൂടുതലും ആന്റിജന്‍ പരിശോധനകളാണ് കേരളത്തില്‍ നടത്തിയിരുന്നത്. ഇതിന് കൃത്യത കുറവാണ്. മികച്ച നിലവാരമുള്ള ആന്റിജന്‍ കിറ്റ് ഉപയോഗിച്ചാല്‍ പോലും കൃത്യതാ നിരക്ക് 50% മാത്രമാണ്. അപ്പോള്‍ മോശം കിറ്റാണ് ഉപയോഗിച്ചതെങ്കില്‍ ഇതിലും കൂടുതല്‍ രോഗികളെ വിട്ടുപോയിട്ടുണ്ടാകാം. ഒരു രോഗവുമില്ലെന്ന ധാരണയില്‍ ചെറുപ്പക്കാര്‍ പുറത്തിറങ്ങി നടന്നു.
തദ്ദേശ തിരഞ്ഞെടുപ്പ് കഴിഞ്ഞ വര്‍ഷം നടത്തിയതും വലിയ തിരിച്ചടിയായി. കേരളത്തിലെ എല്ലാ വാര്‍ഡുകളിലും ആള്‍ക്കൂട്ടമുണ്ടായിരുന്നു. ഐ.എം.എ ഉള്‍പ്പെടെ തിരഞ്ഞെടുപ്പ് മാറ്റിവെക്കാന്‍ ആവശ്യപ്പെട്ടിട്ടും രാഷ്ട്രീയ ലാഭം നോക്കിയും നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടും സര്‍ക്കാര്‍ അശാസ്ത്രീയമായി മുന്നോട്ട് പോയി. നിയമസഭാ തിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി ഉള്‍പ്പെടെ റോഡ് ഷോ നടത്തി മുന്നോട്ട് പോയപ്പോള്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഒപ്പം കൂടി. കേരളത്തിലെ വ്യാപനം പെട്ടെന്നുണ്ടായതല്ല. മുന്‍പ് കണക്കുകള്‍ പൂഴ്ത്തിവെച്ചിരുന്നു എന്നതാണ് സത്യം.
ടെസ്റ്റുകള്‍ കൂടുതല്‍ നടത്തി ആളുകളെ കണ്ടെത്തുന്നതിന് പകരം രോഗമില്ലാത്തവരെ പരിശോധന നടത്തി ടെസ്റ്റ് പോസിറ്റിവിറ്റി കുറച്ചു എന്നതാണ് വലിയ തിരിച്ചടിയായത്. തിരഞ്ഞെടുപ്പിന് മുന്‍പ് പരിശോധനകള്‍ കൂട്ടേണ്ടതായിരുന്നു.
മറ്റ് സംസ്ഥാനങ്ങളെപ്പോലെ രോഗവ്യാപനം കുറയാന്‍ കേരളം ചെയ്യേണ്ടത് എന്ത് ?
മറ്റ് സംസ്ഥാനങ്ങളില്‍ രോഗം വന്നവരുടെ എണ്ണമാണ് കൂടുതല്‍. ഒപ്പം വാക്‌സിനേഷന്‍ കൂടിയാകുമ്പോള്‍ ആര്‍ജ്ജിത പ്രതിരോധ ശേഷി കൈവരിച്ചിരിക്കാം. എന്നാല്‍ കേരളത്തില്‍ രോഗം വരാത്തവരാണ് കൂടുതല്‍. ജനങ്ങളുടെ അവബോധം കൊണ്ടും ആരോഗ്യ പ്രവര്‍ത്തകരുടെ പരിശ്രമം കൊണ്ടും രോഗം വരാതെ പിടിച്ചുനിര്‍ത്താന്‍ കഴിഞ്ഞു. എന്നാല്‍ എല്ലാക്കാലവും അത് സാധ്യമല്ല. ജനങ്ങളെ രോഗം വരാതെ പിടിച്ച് നിര്‍ത്തുമ്പോള്‍ അല്ലെങ്കില്‍ അവരെ പുറത്തിറക്കാതെ വീട്ടിലിരുത്തുമ്പോള്‍ ചെയ്യേണ്ടിയിരുന്നത് വാക്‌സിനേഷന്‍ വേഗത്തിലാക്കുക എന്നതായിരുന്നു. രോഗം വരാതിരുന്നവരെ വീണ്ടും തുറന്ന് വിട്ടപ്പോള്‍ അവര്‍ക്ക് രോഗം വരുന്ന അവസ്ഥയുണ്ടായി.
രാജ്യത്ത് ഏറ്റവും കൂടുതല്‍ വാക്‌സിന്‍ വേണ്ടിയിരുന്നത് നമുക്കാണ്. കേന്ദ്രവുമായി പിടിവലി കൂടി നാം വാക്‌സിന്‍ നേടിയെടുക്കണമായിരുന്നു. വാക്‌സിന്‍ ചലഞ്ച് എന്ന പേരില്‍ കോടികള്‍ പിരിച്ചത് മുഴുവന്‍ വാക്‌സിനേഷനായി ഉപയോഗിക്കണമായിരുന്നു. കേന്ദ്രത്തില്‍ നിന്ന് കിട്ടിയില്ലെങ്കില്‍ ബദല്‍ മാര്‍ഗം തേടണമായിരുന്നു. സ്വകാര്യ മേഖലയിലും സര്‍ക്കാര്‍ മേഖലയിലും വാക്‌സിനേഷന്‍ ബൂത്തുകള്‍ കൂടുതല്‍ സജ്ജീകരിച്ച് സൗജന്യമായി വാക്‌സിന്‍ നല്‍കണമായിരുന്നു. വാക്‌സിനേഷന്‍ വ്യാപകമാക്കുകയല്ലാതെ മറ്റ് മാര്‍ഗങ്ങളില്ല. പോളിയോ നിയന്ത്രണത്തിലൊക്കെ വാക്‌സിനേഷന്‍ സ്വകാര്യ മേഖലിയിലുള്‍പ്പെടെ നടത്തിയാണ് കേരളം നേട്ടമുണ്ടാക്കിയത്. കോവിഡ് വന്നപ്പോള്‍ എല്ലാം ഒറ്റയ്ക്ക് ചെയ്ത് സര്‍ക്കാര്‍ അവാര്‍ഡ് നേടാന്‍ ശ്രമിച്ചു.
ആരോഗ്യപ്രവര്‍ത്തകരെ കൂടുതല്‍ വിശ്വാസത്തിലെടുത്ത് വേണം കോവിഡ് പ്രതിരോധം മുന്നോട്ട് കൊണ്ടു പോകാന്‍. കേരളത്തില്‍ ഒരു മന്ത്രിസഭയില്ലെങ്കിലും ഗവര്‍ണര്‍ ഭരണം ആണെങ്കിലും ആരോഗ്യമേഖല മികച്ച പ്രവര്‍ത്തനം നടത്തും. ഏറ്റവും യോഗ്യം എന്ന് പറയുന്നില്ലെങ്കിലും മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് വളരെ മികച്ചതാണ് കേരളത്തിലെ ആരോഗ്യ രംഗം. കോവിഡ് ഇതര അസുഖങ്ങള്‍ വരുമ്പോഴായാലും ആരോഗ്യവകുപ്പ് ഉണര്‍ന്ന് പ്രവര്‍ത്തിക്കുന്നു. അവരെ കാഴ്ചക്കാരാക്കിയാണ് സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്. എന്നാല്‍ കേരളത്തില്‍ ആരോഗ്യവകുപ്പ് ഡയറക്ടറും മറ്റും പുറത്താണ്. അവരെ മാറ്റി നിര്‍ത്തിയത് തിരിച്ചടിയാണ്.
കോവിഡ് ഒരു ക്രമസമാധാന പ്രശ്‌നമായി കണ്ട് പോലീസിനെയാണ് പ്രതിരോധം ഏല്‍പ്പിച്ചിരിക്കുന്നത്. ഇത് മാറണം. രോഗികളെ കണ്ടെത്തേണ്ടതും കോണ്‍ടാക്ട് ട്രേസിങ് നടത്തേണ്ടതും ഹെല്‍ത്ത് ഇന്‍സ്‌പെക്ടറാണ് പോലീസ് ഇന്‍സ്‌പെക്ടര്‍ അല്ല. പലയിടത്തും പോലീസ് വരും എന്ന പേടിയിലാണ് രോഗികള്‍. ഇതിന് മാറ്റം വരണം. പൊതുജനാരോഗ്യ പ്രശ്‌നത്തെ ക്രമസമാധാന പ്രശ്‌നമാക്കി മാറ്റിക്കഴിഞ്ഞു
വാക്‌സിനേഷന്‍
കേരളത്തില്‍ വാക്‌സിനേഷന്‍ ഇനിയും വേഗത്തിലാക്കുകയും ഒപ്പം ടെസ്റ്റുകളുടെ എണ്ണം കൂട്ടുകയും വേണം. ഒരാള്‍ രോഗബാധിതനായാല്‍ 20 പേരെയെങ്കിലും പരിശോധിക്കണം. ഇവിടെ അത് വെറും രണ്ട് എന്ന നിലയിലാണ്. വീട്ടില്‍ ഒരാള്‍ പോസിറ്റീവ് ആയാല്‍ ആ വീട്ടിലെ എല്ലാവരേയും പരിശോധിക്കണം. അവരെ വെറുതേ ഇരുത്തുകയും രോഗികളായാലും തിരിച്ചറിയാത്ത അവസ്ഥയുമുണ്ടാക്കുകയുമാണ്. അത് മാറണം.
വ്യാപനം തടയാന്‍ അടിയന്തരമായി ചെയ്യേണ്ടത് വാക്‌സിനേഷന്‍ ആണ്. രാജ്യത്ത് ഏറ്റവും അധികം വാക്‌സിന്‍ വേണ്ടത് കേരളത്തിലാണ്. എവിടുന്നൊക്കെ കിട്ടുമോ അവിടുന്നെല്ലാം നമ്മള്‍ വാക്‌സിന് വാങ്ങി ആളുകള്‍ക്ക് നല്‍കണം. ഒരു രോഗിയെ കണ്ടെത്തിയാല്‍ പരിശോധന ചുറ്റുപാടും വ്യാപകമാക്കണം
പ്രതിരോധത്തിലെ പാളിച്ചകള്‍
ലോക്ഡൗണ്‍ എന്നത് ചില ഘട്ടങ്ങളില്‍ അനിവാര്യതയാണ്. എന്നാല്‍ എല്ലാക്കാലവും അടച്ചിടാന്‍ കഴിയില്ല. പല നിയന്ത്രണങ്ങളും അശാസ്ത്രീയമായിരുന്നു. കടകള്‍ അടച്ചതും സമയപരിധി ചുരുക്കിയതും തെറ്റായ കാര്യമാണ്. ഒരു പ്രത്യേക സമയത്തേക്ക് മാത്രം തുറന്ന് കൊടുക്കുമ്പോള്‍ ആള്‍ക്കൂട്ടം വര്‍ധിക്കാനും രോഗവ്യാപനമുണ്ടാകാനും സാധ്യത കൂടുതലാണ്. എന്നാല്‍ കൂടുതല്‍ സമയം തുറന്നിരുന്നുവെങ്കില്‍ ആള്‍ക്കൂട്ടം വ്യത്യസ്ത സമയങ്ങളില്‍ വരികയും അതിലൂടെ വ്യാപനം തടയാനും കഴിയുമായിരുന്നു. ഞായറാഴ്ച ലോക്ഡൗണ്‍ ഉള്‍പ്പെടെ അശാസ്ത്രീയമാണ്. വൈറസിനേയാണ് തടയേണ്ടത്. ജനങ്ങളേയല്ല. ജനങ്ങളേ കൂട്ടം കൂടാന്‍ അനുവദിക്കാതെയാണ് ചെയ്യേണ്ടത് അല്ലാതെ മുഴുവന്‍ സമയവും തടയുകയല്ല.
ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍
ആരോഗ്യ വകുപ്പ് വളരെ നിസാരമായിട്ടാണ് ഈ വിഷയത്തെ കൈകാര്യം ചെയ്തത്. വാക്‌സിന്‍ കിട്ടാതെ വരുമ്പോഴുള്ള സര്‍ക്കാരിനോടുള്ള പ്രതിഷേധമാണ് പലപ്പോഴും ജനങ്ങള്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നേരിടേണ്ടി വന്നത്. ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ കഴിഞ്ഞ ഒന്നര വര്‍ഷമായി സാധാരണ ജീവിതത്തില്‍ നിന്ന് വിട്ടു നില്‍ക്കുന്നു. കൂടുതല്‍ നിയമനങ്ങള്‍ നടത്തി വേണം സര്‍ക്കാര്‍ ഈ വിഷയത്തിന് പരിഹാരം കാണാന്‍.
Content Highlights: DR SS Lal on Why Kerala`s Covid spike not curving down
Content Highlights: