എക്സിബിഷൻ ഗ്രൗണ്ട് വാടകക്ക് നൽകുന്നതിനെ ബിസിനസായി കാണരുത്- തിരുവമ്പാടി ദേവസ്വം പ്രസിഡന്റ്

പ്രതീകാത്മക ചിത്രം | ഫോട്ടോ : മാതൃഭൂമി
പ്രതീകാത്മക ചിത്രം | ഫോട്ടോ : മാതൃഭൂമി

കൊച്ചി: തൃശൂർ പൂരത്തിനായി എക്സിബിഷൻ ​ഗ്രൗണ്ട് വാടകക്ക് നൽകുന്നതിനെ കൊച്ചിൻ ദേവസ്വം ബോർഡ് ബിസിനസായി കാണരുതെന്ന് തിരുവമ്പാടി ദേവസ്വം ബോർഡ് പ്രസിഡന്റ് സുന്ദർ മേനോൻ. 39 ലക്ഷം രൂപയായിരുന്ന തറവാടക ഒറ്റയടിക്കാണ് അഞ്ച് മടങ്ങ് കൂട്ടി 2.2 കോടി രൂപയാക്കിയത്. ഇത്രയും വലിയ തുക നൽകി പൂരപ്രദർശനം നടത്താൻ സാധിക്കില്ല. വിഷയത്തിൽ മുഖ്യമന്ത്രി അടിയന്തിരമായി ഇടപെടണമെന്നും അല്ലെങ്കിൽ തൃശ്ശൂർ പൂരം ചടങ്ങു മാത്രമാക്കി നടത്തേണ്ടി വരുമെന്നും സുന്ദർ മേനോൻ മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു.  

2019 മുതലാണ് എക്സിബിഷൻ ​ഗ്രൗണ്ടിന്റെ തറവാടകയിനത്തിൽ ഇത്തരത്തിൽ വലിയ വർധനവ് വരുത്താൻ തുടങ്ങിയത്. എല്ലാ വർഷവും മുൻവർഷത്തേതിനെക്കാൾ പത്ത് ശതമാനം വർധനവാണ് നടത്തുന്നത്. ഇത്തവണ കഴിഞ്ഞ വർഷത്തേതിനേക്കാൾ അഞ്ച് മടങ്ങ് വർധനയാണ് കൊച്ചിൻ ദേവസ്വം ബോർഡ് കൊണ്ടുവന്നത്. 1 കോടി 82 ലക്ഷം രൂപ തറവാടകയും പതിനെട്ട് ശതമാനം ജി എസ് ടിയുമടക്കം 2.2. കോടി വേണമെന്നാണ് കൊച്ചിൻ ദേവസ്വം ബോർ‍‍ഡിന്റെ ആവശ്യം. പൂരത്തിൻ്റെ ചെലവുകൾ കണ്ടെത്താനാണ് എക്സിബിഷൻ നടത്തിവരുന്നത്. എന്നാൽ 2.2 കോടി രൂപ നൽകാതെ ഗ്രൗണ്ട് വിട്ടുതരില്ലെന്ന നിലപാടിലാണ് കൊച്ചിൻ ദേവസ്വം ബോർഡ്. ഇത്രയും വലിയ തുക നൽകാൻ സാധിക്കില്ലെന്ന് വ്യക്തമാക്കി തിരുവമ്പാടി പാറമേക്കാവ് ദേവസ്വങ്ങൾ സംയുക്തമായി പ്രമേയം പാസാക്കി മുഖ്യമന്ത്രിയെ കാണാനുള്ള ശ്രമത്തിലാണെന്നും തിരുവമ്പാടി ദേവസ്വം ബോർഡ് പ്രസിഡന്റ് സുന്ദർ മേനോൻ പറഞ്ഞു.  

കൊച്ചിൻ ദേവസ്വം ബോർഡിന്റെ കീഴിലുള്ള പല സ്ഥാപനങ്ങളും വാടകക്ക് കൊടുത്തിട്ടുണ്ടാകും. പക്ഷേ ഇതിനെയൊരു ബിസിനസായി കാണരുത്. തൃശൂർ പൂരത്തിന്റെ നടത്തിപ്പിനായി 61 വർഷമായി പാറമേക്കാവും തിരുവമ്പാടിയും സംയുക്തമായി നടത്തുന്ന മഹാ സംരംഭമാണ് പൂരപ്രദർശനം. അതിനെ ബിസിനസായി കണ്ടുകൊണ്ട് മുന്നോട്ട് പോകരുത്. തറവാടകയായി ആദ്യമൊക്കെ നാമമാത്രമായ തുകയാണ് ഈടാക്കിയിരുന്നത്. 2019 മുതലാണ് എക്സിബിഷൻ ​ഗ്രൗണ്ടിന്റെ തറവാടകയിനത്തിൽ ഇത്തരത്തിൽ വലിയ വർധനവ് വരുത്താൻ തുടങ്ങിയത്. 

പൂരപ്രദർശനത്തിനായി എ​ഗ്രിമെന്റ് ഒപ്പിടുകയോ അനുമതി തരുകയോ ചെയ്തിട്ടില്ല. ഇപ്പോൾ തന്നെ വളരെ വൈകിയിരിക്കുന്ന സാഹചര്യമാണ്. എക്സിബിഷൻ കമ്മിറ്റിയെ തിരഞ്ഞെടുത്തു കഴിഞ്ഞു. എന്നാൽ ഇതുവരേയും അനുമതി പോലും കിട്ടിയിട്ടില്ല. വിഷയത്തിൽ എത്രയും വേ​ഗം മുഖ്യമന്ത്രി ഇടപെടണം. ഇല്ലെങ്കിൽ തൃശൂർ പൂരം നടത്താൻ സാധിക്കില്ലെന്നും സുന്ദർ മേനോൻ പറഞ്ഞു. 

കൊച്ചിൻ ദേവസ്വം ബോ‍ർഡിന് കീഴിലുള്ള തേക്കിൻകാട് മൈതാനിയിലെ എക്സിബിഷൻ ഗ്രൗണ്ടിലാണ് പൂര പ്രദർശനം നടക്കുന്നത്. രണ്ട് ലക്ഷത്തി അറുപത്തി നാലായിരം സ്ക്വയർ ഫീറ്റ് സ്ഥലം രണ്ട് മാസത്തേക്കാണ് പാറമേക്കാവ് തിരുവമ്പാടി ദേവസ്വങ്ങൾ സംയുക്തമായി വാടകക്ക് എടുക്കുന്നത്. പ്രദർശനത്തിൽ നിന്ന് കിട്ടുന്ന വരുമാനമാണ് പൂരത്തിൻറെയും ഘടക പൂരങ്ങളുടെയും ചെലവ് നടത്താൻ പ്രധാനമായി ഉപയോഗിക്കുന്നത്.

കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റുമായി ബന്ധപ്പെടാൻ മാതൃഭൂമി ഡോട്ട് കോം ശ്രമിച്ചിരുന്നെങ്കിലും പ്രതികരണം ലഭ്യമായില്ല. ചർച്ചകൾക്ക് ശേഷം അടുത്ത ദിവസം വാർത്താസമ്മേളനം നടത്തുമെന്നാണ് ദേവസ്വം ബോർഡ് വൃത്തങ്ങളിൽ നിന്ന് ലഭിക്കുന്ന പ്രതികരണം.
 

Content Highlights: don't treat exhibition ground rental as a business thiruvampadi devaswom president