ഫാമിലി പൊളിറ്റിക്‌സിൽ പ്രായംകുറഞ്ഞ ചെയർപേഴ്‌സണായി, ഒരുവർഷം പോലും തികയ്ക്കാനാതെ ദിയ പുറത്ത്‌

#ന്യൂസ് ഡെസ്ക്
ദിയ പുളിക്കക്കണ്ടം, ബിജു പുളിക്കക്കണ്ടം എന്നിവര്‍ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് ശേഷം | ഫയൽ ചിത്രം: മാതൃഭൂമി
ദിയ പുളിക്കക്കണ്ടം, ബിജു പുളിക്കക്കണ്ടം എന്നിവര്‍ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് ശേഷം | ഫയൽ ചിത്രം: മാതൃഭൂമി

കോട്ടയം: രാജ്യത്തെ ഏറ്റവും പ്രായംകുറഞ്ഞ നഗരസഭാ അധ്യക്ഷയെന്ന ഖ്യാതിയോടെയാണ് കഴിഞ്ഞ ഡിസംബറിൽ ദിയ ബിനു പുളിക്കക്കണ്ടം അധികാരത്തിലേറിയത്. എന്നാൽ യുഡിഎഫുമായുണ്ടായ തർക്കത്തിനൊടുവിൽ ഒരു വർഷം പിന്നിടുംമുമ്പേ ദിയയ്ക്ക് കസേര നഷ്ടപ്പെട്ടിരിക്കുകയാണ്. യുഡിഎഫ്-സ്വതന്ത്ര കൂട്ടായ്മ സഖ്യത്തിലുണ്ടായ തർക്കം മുതലെടുത്ത് എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ ചില കോൺഗ്രസ് അംഗങ്ങൾ വിപ്പ് പോലും ലംഘിച്ച്‌ പിന്തുണച്ചതോടെയാണ് ദിയ പുറത്തായത്.

നഗരസഭ തിരഞ്ഞെടുപ്പിൽ എൽഡിഎഫിനും യുഡിഎഫിനും കേവലഭൂരിപക്ഷമില്ലാതെവന്നതോടെയാണ് സ്വതന്ത്ര സ്ഥാനാർഥികളായി മത്സരിച്ച ബിനു പുളിക്കക്കണ്ടവും മകൾ ദിയാ ബിനു പുളിക്കക്കണ്ടവും ബിനുവിന്റെ സഹോദരൻ ബിജു പുളിക്കക്കണ്ടവും യുഡിഎഫുമായി കൈകോർത്ത് ദിയയെ ചെയർപേഴ്‌സണാക്കി ഭരണത്തിലേറിയത്‌. ചെയർപേഴ്സൺ സ്ഥാനം ആദ്യ ടേമിൽ ദിയയ്ക്ക് നൽകിയാണ് ധാരണയായത്.

കോൺഗ്രസിലൂടെ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലെത്തിയ ബിനു പുളിക്കക്കണ്ടം ഇടതുപക്ഷത്തോടൊപ്പവും ബിജെപിക്ക് വേണ്ടിയും മത്സരിച്ച ശേഷമാണ് സ്വതന്ത്രനായി രംഗത്തെത്തിയത്.

തദ്ദേശ തിരഞ്ഞെടുപ്പിൽ ഇത്തവണ പാലായിൽ യുഡിഎഫിന് ഭരണം ഉറപ്പിക്കുന്നതിന് പുളിക്കക്കണ്ടം കുടുംബത്തിൽനിന്ന് വിജയിച്ച മൂന്നുപേരുടെയും പിന്തുണ ആവശ്യമായിരുന്നു. ഏറെദിവസത്തെ ചർച്ചകൾക്ക് ശേഷം ബിനു പുളിക്കക്കണ്ടം യുഡിഎഫിന് പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു. ആദ്യടേമിൽ ദിയ പുളിക്കക്കണ്ടത്തെ നഗരസഭാധ്യക്ഷയാക്കുകയെന്ന ധാരണയോടെയായിരുന്നു പിന്തുണ. കോൺഗ്രസ് വിമതയായി ജയിച്ച മായാ രാഹുലിനെ വൈസ് ചെയർപേഴ്സണുമാക്കി.

ബിനു പുളിക്കക്കണ്ടവും ദിയയും ബിജുവും മത്സരിച്ച വാർഡുകളിൽ യുഡിഎഫ് സ്ഥാനാർഥികളെ നിർത്തിയിരുന്നില്ല. അതിനാൽതന്നെ ജയിച്ചുകഴിഞ്ഞാൽ ഇവരുടെ പിന്തുണ യുഡിഎഫിനാകുമെന്ന് പ്രതീക്ഷിക്കുകയും ചെയ്തിരുന്നു.

ബിനു പുളിക്കക്കണ്ടം രണ്ടുതവണ പ്രതിനിധീകരിച്ച 15-ാം വാർഡിൽനിന്നാണ് മകൾ ദിയ ജയിച്ചുകയറിയത്. മദ്രാസ് ക്രിസ്ത്യൻ കോളേജിൽനിന്ന് ഇക്കണോമിക്സിൽ ബിരുദം പൂർത്തിയാക്കിയശേഷം എംബിഎ പഠനത്തിന് ഒരുങ്ങുന്നതിനിടെയാണ് ദിയ തിരഞ്ഞെടുപ്പ് ഗോദയിലിറങ്ങിയത്. കന്നിമത്സരത്തിൽത്തന്നെ തിളക്കമാർന്ന വിജയം സ്വന്തമാക്കിയ ദിയ, ഒടുവിൽ പാലാ നഗരസഭയുടെ അധ്യക്ഷപദവിയിലെത്തി ചരിത്രം സൃഷ്ടിക്കുകയായിരുന്നു.

എന്നാൽ അധികാരത്തിലേറി മാസങ്ങൾക്കുള്ളിൽ തന്നെ ദിയയും കോൺഗ്രസും തമ്മിൽ തെറ്റി. നഗരസഭയുടെ കൊട്ടാരമറ്റം ബസ്സ്റ്റാൻഡ് ഡി.വൈ.എഫ്.ഐ. ജില്ലാ സമ്മേളനത്തിനായി വിട്ടുകൊടുക്കാനുള്ള തീരുമാനത്തെത്തുടർന്ന് നഗരസഭയിൽ ഭരണമുന്നണിയിൽ ഭിന്നത രൂക്ഷമായി. ഭരണമുന്നണിയിലെ സ്വതന്ത്ര അംഗങ്ങളായ നഗരസഭാ ചെയർമാൻ ഉൾപ്പെടെയുള്ളവർ ഇടതുപക്ഷ നീക്കത്തിന് ഒത്താശചെയ്തുകൊടുത്തുവെന്ന് കോൺഗ്രസ് അംഗങ്ങൾ ആരോപിച്ചു. സ്വതന്ത്ര കൂട്ടായ്മയുമായി ഇനി ഭരണത്തിൽ യോജിപ്പിനില്ലെന്ന് കോൺഗ്രസ് അംഗങ്ങൾ പ്രമേയം പാസാക്കുകയും ചെയ്തിരുന്നു. പിന്നാലെയാണ് എൽഡിഎഫ് അവിശ്വാസ പ്രമേയം കൊണ്ടുവന്നത്. വിപ്പ് ലംഘിച്ചെത്തിയ ചില കോൺഗ്രസ് കൗൺസിലർമാരും വിമതയായി വിജയിച്ച മായാ രാഹുലും എൽഡിഎഫ് അവിശ്വാസത്തെ പിന്തുണച്ചു.

ഡിസിസി തീരുമാനം അവിശ്വാസ പ്രമേയത്ത എതിർത്ത് വോട്ട് ചെയ്യാനായിരുന്നു. എന്നാൽ ചില കോൺഗ്രസ് അംഗങ്ങൾ വിപ്പ് സ്വീകരിക്കാൻ പോലും കൂട്ടാക്കിയില്ല. നാല് കോൺഗ്രസ് അംഗങ്ങൾ പാർട്ടി തീരുമാനം ധിക്കരിച്ച് നഗരസഭയിലെ വോട്ടിങ്ങിൽ പങ്കെടുത്ത് പ്രമേയത്തെ അനുകൂലിച്ചതോടെയാണ് ദിയ പുറത്തായത്.

Content Highlights: Diya Binu Pulikkakandam removed as Pala Municipal Chairperson., LDF motion supported by Congress members led to her ousting., Political rift triggered by the allocation of Kottaramattom bus stand to DYFI., End of the UDF-Independent coalition alliance in Pala Municipality., Events unfolded within the 2026 political landscape.