വീട് ആക്രമിച്ചത് ദിലീപിന്റെ പദ്ധതി തന്നെ: അഡ്വ. സന്തോഷ്

By: സ്വന്തം ലേഖകന്‍
ആലുവ: ദിലീപ് ജാമ്യത്തിലിറങ്ങിയ ദിവസം തന്റെ വീടിനു നേരെ ഉണ്ടായ ആക്രമണം ദിലീപ് അറിഞ്ഞുകൊണ്ടുള്ള പദ്ധതിയെന്ന് അഡ്വ. കെ.സി. സന്തോഷ്. ദിലീപിന്റെ മുന്‍കാല സുഹൃത്തും ഡി സിനിമാസ് സ്ഥിതി ചെയ്യുന്ന സ്ഥലം സംബന്ധിച്ച കേസിലെ ഹര്‍ജിക്കാരനുമാണ് കെ.സി. സന്തോഷ്. തനിയ്ക്ക് നേരെ മുമ്പും ഭീഷണിയും ഇത്തരത്തിലുള്ള ആക്രമണശ്രമങ്ങളും ഉണ്ടായിട്ടുണ്ടെന്നും സന്തോഷ് പറയുന്നു.
ആക്രമണം ദിലീപിന്റെ ജാമ്യത്തിന് മണിക്കൂറുകള്‍ക്കകം
ചൊവ്വാഴ്ച രാത്രി പത്തു മണിയോടെയാണ് ആലുവ പറവൂര്‍ കവലയില്‍ ഹൈവേയ്ക്ക് സമീപം സ്ഥിതിചെയ്യുന്ന സന്തോഷിന്റെ വീടിനു നേരെ അജ്ഞാതര്‍ ആക്രമണം നടത്തിയത്. ടിവി കണ്ടിരിക്കുമ്പോഴാണ് പുറത്ത് ശബ്ദം കേട്ടത്. താഴെ ചെന്നുനോക്കുമ്പോള്‍ ഗെയ്റ്റിനു പുറത്തു നിന്ന് കല്ലുകള്‍ വന്നുവീഴുന്നു. ഞാന്‍ ഇറങ്ങിച്ചെന്നതോടെ ഗുണ്ടുകള്‍ കത്തിച്ച് മതില്‍ക്കെട്ടിനകത്തേക്ക് വലിച്ചെറിഞ്ഞു. ഗെയ്റ്റിന് മുന്നിലിട്ടും പടക്കം പൊട്ടിച്ചു.
ഗെയ്റ്റിനടുത്തേക്ക് ചെന്നപ്പോഴേക്കും രണ്ടുപേര്‍ റോഡ് ക്രോസ് ചെയ്ത് മറുവശത്തേക്ക് ഓടുന്നതാണ് കണ്ടത്. അവിടെ പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ കയറി രക്ഷപ്പെടുകയും ചെയ്തു. രാത്രി തന്നെ ഞാന്‍ ആലുവ എസ്പിയ്ക്ക് പരാതി നല്‍കുകയും പോലീസ് വന്ന് തെളിവെടുപ്പ് നടത്തുകയും ചെയ്തതാണ്. ഹൈവേയില്‍ സ്ഥാപിച്ചിട്ടുള്ള സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ കാറിനെ കുറിച്ചുള്ള വിവരം ലഭിക്കും -സന്തോഷ് സംഭവം വിവരിക്കുന്നു. അതേസമയം, സിസിടിവി ദൃശ്യങ്ങളില്‍ നിന്നും പോലീസിന് ഇതുവരെ കാര്യമായ സൂചയൊന്നും ലഭിച്ചിട്ടില്ല.
ദിലീപ് അതിബുദ്ധിശാലി
ജാമ്യത്തിലിറങ്ങി മണിക്കൂറുകള്‍ക്കുള്ളില്‍ ദിലീപ് ഇത്തരമൊരു കൃത്യത്തിന് മുതിരാന്‍ മാത്രം വിഡ്ഢിയാണോ ദിലീപ് എന്ന് ചോദിക്കാം. പക്ഷേ, ദിലീപിന് ഇത് ചെയ്യാന്‍ അന്നു മാത്രമേ സാധിക്കുകയുള്ളൂ എന്നാണ് എന്റെ മറുപടി. നിങ്ങള്‍ ഇപ്പോള്‍ ചോദിച്ച ഈ സംശയം എല്ലാവര്‍ക്കും ഉണ്ടാകും എന്നതുതന്നെയാണ് അതിനു കാരണം. അതാണ് ദിലീപിന്റെ അതിബുദ്ധി.
നടിയെ ആക്രമിച്ച സംഭവത്തിലും ഇത്രയും വലിയ നടന്‍ ഈ കൃത്യത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടാകുമോ എന്ന സംശയം എല്ലാവര്‍ക്കും ഉണ്ടായിരുന്നു. വലിയൊരു വിഭാഗത്തിന് ഇപ്പോഴുമുണ്ട്. അതുതന്നെയാണ് ദിലീപിന്റെ വിജയവും.
45 വര്‍ഷത്തെ പരിചയം, അകല്‍ച്ച വ്യക്തിപരം
ദിലീപിനെ കുട്ടിക്കാലം മുതലേ അറിയാവുന്ന അടുത്ത സുഹൃത്തുക്കളില്‍ ഒരാളാണ് ഞാന്‍. മഞ്ജുവുമായുള്ള വിവാഹത്തില്‍ ഉള്‍പ്പെടെ ദിലീപിന് സഹായം ചെയ്തുകൊടുത്തിരുന്നു. എന്നാല്‍, പിന്നീട് പല കാര്യങ്ങളിലും ദിലീപിന്റെ പ്രവര്‍ത്തനങ്ങളോട് വ്യക്തിപരമായി യോജിക്കാന്‍ കഴിയാതെ വന്നു. അതൊന്നും പുറത്തുപറയാന്‍ ഞാനാഗ്രഹിക്കുന്നില്ല. അതിന്റെ ആവശ്യവുമില്ല. പല തിക്താനുഭവങ്ങളും ഉണ്ടായപ്പോള്‍ ആ സുഹൃദ്ബന്ധം വേണ്ടെന്നു വെക്കുകയായിരുന്നു.
ഡി സിനിമാസ് ദേവസ്വം ഭൂമിയില്‍
ഡി സിനിമാസ് ഇരിക്കുന്നത് കൈയേറ്റ ഭൂമിയിലാണെന്ന വ്യക്തമായ തെളിവുകള്‍ ഉള്ളതിനാലാണ് കേസ് കൊടുത്തത്. അതുസംബന്ധിച്ച രേഖകളെല്ലാം എന്റെ കൈയിലുണ്ട്. കേസ് ഇപ്പോഴും നടക്കുകയാണ്. അത് ദേവസ്വം ഭൂമിയാണ്. ഇതിന് ഒരു കാരണവശാലും പട്ടയം ലഭിക്കില്ല. ആധാരത്തില്‍ മുന്‍ കൈവശാവകാശി ആരാണെന്ന് വ്യക്തമാക്കിയിട്ടുമില്ല.
മാത്രമല്ല. ഹൈവേയ്ക്കായി ഈ പ്ലോട്ടില്‍ നിന്ന് മുമ്പ് അഞ്ചുതവണയായി 32 സെന്റ് ഭൂമി ഏറ്റെടുത്തപ്പോഴും ആര്‍ക്കും പണം നല്‍കിയിട്ടില്ല. സര്‍ക്കാര്‍ ഭൂമിയെന്ന നിലയില്‍ മുതല്‍ക്കൂട്ടുകയായിരുന്നു. ഒരു ഉടമസ്ഥന്‍ ഉണ്ടായിരുന്നെങ്കില്‍ കോടികള്‍ വിലമതിക്കുന്ന ഭൂമിയ്ക്ക് അയാള്‍ പണം വാങ്ങുമായിരുന്നില്ലേ. ഈ ഭൂമിയാണ് പെട്ടെന്നൊരു ദിവസം ദിലീപ് സ്വന്തമാക്കുന്നത്. ഇതിനെതിരെ ഞാന്‍ കേസ് നല്‍കിയതില്‍ ദിലീപിന് അതിയായ അമര്‍ഷമുണ്ട്. അത് പലപ്പോഴും പല രീതിയിലും പുറത്തുവന്നിട്ടുമുണ്ട്.
നടി ആക്രമിക്കപ്പെട്ട കേസില്‍ മൊഴിയെടുത്തു
നടി ആക്രമിക്കപ്പെട്ട കേസില്‍ അന്വേഷണസംഘം എന്റെ മൊഴിയെടുത്തിട്ടുണ്ട്. ദിലീപിന്റെ വ്യക്തിവിവരങ്ങള്‍ അറിയാവുന്ന ആള്‍ എന്ന നിലയിലാണ് മൊഴിയെടുത്തത്. അക്കാര്യത്തില്‍ ഒരുപക്ഷേ അവര്‍ക്ക് ആശങ്ക ഉണ്ടായിരിക്കാം. അതാകാം ഇപ്പോഴത്തെ ആക്രമണത്തിന് പിന്നില്‍.


VIEW ON mathrubhumi.com