അരവണ വിതരണത്തിന് ദേവസ്വം കണ്ടെയ്‌നർ; സെപ്റ്റംബർ അവസാനത്തോടെ നിർമാണം, തുടക്കത്തിൽ നാലുക്ഷേത്രങ്ങളിൽ

അരവണ ടിന്നുകള്‍
അരവണ ടിന്നുകള്‍

തിരുവനന്തപുരം: ശബരിമല ഉൾപ്പെടെയുള്ള ക്ഷേത്രങ്ങളിൽ അരവണ നൽകാൻ നിലയ്ക്കലിൽ തുടങ്ങുന്ന പാത്ര(കണ്ടെയ്‌നർ) നിർമാണ പ്ലാന്റ് സ്ഥാപിക്കുന്നത് ബി.ഒ.ടി. അടിസ്ഥാനത്തിൽ.

സെപ്റ്റംബർ അവസാനത്തോടെ നിർമാണം ആരംഭിക്കാനാണ് തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ തീരുമാനം.

ആദ്യഘട്ടത്തിൽ ശബരിമല, പമ്പ, നിലയ്ക്കൽ, എരുമേലി ക്ഷേത്രങ്ങൾക്കാണ് കണ്ടെയ്‌നർ നൽകുക. പ്ലാന്റ് പൂർണതോതിൽ സജ്ജമാകുമ്പോൾ മലയാലപ്പുഴ, അമ്പലപ്പുഴ ഉൾപ്പെടെയുള്ള എല്ലാ ക്ഷേത്രങ്ങൾക്കും നൽകുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് പറഞ്ഞു.

രണ്ടുകോടിയോളം കണ്ടെയ്‌നറാണ് ദേവസ്വം ബോർഡ് ഓരോവർഷവും വാങ്ങുന്നത്. ഒരെണ്ണത്തിന് 6.42 രൂപയാണ് വില. നിലയ്ക്കലിൽ ഫാക്ടറി സ്ഥാപിക്കാൻ മൂന്നരക്കോടി രൂപ മതിയാകും. നിർമിച്ച്, പ്രവർത്തിപ്പിച്ച് കൈമാറുകയെന്ന (ബി.ഒ.ടി.) വ്യവസ്ഥയിലായതിനാൽ ബോർഡിന് സാമ്പത്തികബാധ്യതയുണ്ടാകില്ല.നിലയ്ക്കലിൽ ടാറ്റ ഗ്രൂപ്പ് സ്പോൺസർ ചയ്ത വിരിഷെഡിന്റെ സ്ഥലത്താണ് പ്ലാന്റിന് സ്ഥലം കണ്ടെത്തിയത്.

ദേവസ്വം ബോർഡിന് നേരിട്ട് പ്ലാന്റ് സ്ഥാപിക്കാൻ പരിമിതികളുള്ളതിനാലാണ് ബി.ഒ.ടി. വ്യവസ്ഥയിലാക്കുന്നത്. തീർഥാടനകാലത്തെ കണ്ടെയ്‌നർ ക്ഷാമം ശബരിമലയിലെ അരവണവില്പനയെ ബാധിച്ചിരുന്നു.

Content Highlights: Devaswom container for aravana distribution