ലോക യൂണിവേഴ്സിറ്റി റോവിങ് ചാമ്പ്യന്‍ഷിപ്പിലേക്ക് ദേവപ്രിയയും

കലഞ്ഞൂര്‍: നെതര്‍ലന്‍ഡ്സില്‍ നടക്കുന്ന ലോക യൂണിവേഴ്സിറ്റി റോവിങ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ അതിരുങ്കല്‍ സ്വദേശിനി ദേവപ്രിയയും. പഞ്ചാബില്‍ നടന്ന നാഷണല്‍ റോവിങ് ട്രയലില്‍ നിന്നാണ് ദേവപ്രിയയടക്കം അഞ്ച് മലയാളികളെ ലോക ചാമ്പ്യന്‍ഷിപ്പിലേക്ക് തിരഞ്ഞെടുത്തത്.
സാനിയ (ആലപ്പുഴ), വി.ജെ. അരുന്ധതി (തൃശ്ശൂര്‍), പി.ബി. അശ്വതി (കണ്ണൂര്‍), അലീന ആന്റോ (വയനാട്) എന്നിവരാണ് മറ്റുള്ളവര്‍. ഇതില്‍ ദേവപ്രിയയും അരുന്ധതിയും സ്പോര്‍ട്‌സ് കൗണ്‍സിലില്‍നിന്നും ബാക്കിയുള്ളവര്‍ സ്പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയില്‍നിന്നുമാണ്.
നീന്തലിനോ തുഴച്ചിലിനോ യാതൊരു സൗകര്യവുമില്ലാത്ത അതിരുങ്കല്‍ എന്ന മലയോര ഗ്രാമത്തില്‍നിന്നാണ് ദേവപ്രിയ ആലപ്പുഴ ജില്ലാ സ്പോര്‍ട്‌സ് കൗണ്‍സിലിന്റെ നേതൃത്വത്തിലുള്ള പരിശീലനത്തിലൂടെ ലോകചാമ്പ്യന്‍ഷിപ്പിലേക്ക് അര്‍ഹത നേടിയത്.
കലഞ്ഞൂര്‍ അതിരുങ്കല്‍ കൈതയ്ക്കല്‍ വീട്ടില്‍ മുന്‍ ബ്ലോക്ക് പഞ്ചായത്തംഗം ദിലീപ് അതിരുങ്കലിന്റെയും പ്രശാന്തയുടെയും മകളാണ്. ഒന്‍പതാം ക്ലാസില്‍ പഠിക്കുമ്പോഴാണ് സ്പോര്‍ട്‌സ് കൗണ്‍സിലിന്റെ പരിശീലനത്തിലേക്ക് സെലക്ഷന്‍ നേടിയത്. തുടര്‍ന്ന് പഠനവും പരിശീലനവും ആലപ്പുഴയില്‍ തന്നെയായിരുന്നു.
ഇപ്പോള്‍ ആലപ്പുഴ സെയ്ന്റ് ജോസഫ് കോളേജില്‍ അവസാനവര്‍ഷ ബി.കോം വിദ്യാര്‍ഥിനിയാണ്. 2022-ല്‍ അഹമ്മദാബാദില്‍ നടന്ന ദേശീയ ഗെയിംസിലും ശ്രീനഗറില്‍ നടന്ന സബ് ജൂനിയര്‍ ഇന്റര്‍സ്റ്റേറ്റ് ചലഞ്ചര്‍ നാഷണല്‍ റോവിങ് ചാമ്പ്യന്‍ഷിപ്പിലും ദേവപ്രിയ സ്വര്‍ണം നേടിയിരുന്നു.
Content Highlights: devapriya gets selected for world university rowing championships 2024 rotterdam netherlands