വധുവിനുള്ള മോതിരമടക്കമുള്ള ആഭരണങ്ങൾ തിരികെനൽകാൻ മലയാളി കുടുംബത്തെ കസ്റ്റംസ് കഷ്ടപ്പെടുത്തി,18 മാസം

#ന്യൂസ് ഡെസ്ക്
പ്രതീകാത്മക ചിത്രം | PTI
പ്രതീകാത്മക ചിത്രം | PTI

തൃശ്ശൂർ: വധുവിനെ അണിയിക്കാനുള്ള മോതിരമുൾപ്പെടെയുള്ളവയുമായി ദുബായിൽനിന്നു ഗുരുവായൂർ ക്ഷേത്രത്തിലേക്കു പുറപ്പെട്ട വരനും സംഘത്തിനും ഡൽഹി വിമാനത്താവളത്തിൽ കസ്റ്റംസിൽനിന്ന് നേരിട്ടത് കൊടിയ മാനസികപീഡനം. ആഭരണം ഊരിവാങ്ങിയ കസ്റ്റംസ് ഇത് തിരികെ നൽകാനായി കുടുംബത്തെ കഷ്ടപ്പെടുത്തിയത് 18 മാസം. തിരികെ വാങ്ങാനായി മൂന്നുതവണ ദുബായിൽനിന്ന് ഡൽഹിയിലെത്തിയതുൾപ്പെടെ കുടുംബത്തിന് ചെലവായത് ഏഴുലക്ഷം രൂപ.

പ്രധാനമന്ത്രിക്കും ദുബായിലെ ഇന്ത്യൻ എംബസിക്കും കേന്ദ്രമന്ത്രി സുരേഷ്‌ഗോപിക്കുമെല്ലാം പരാതി നൽകിയെങ്കിലും കാര്യമുണ്ടായില്ല. ഒടുവിൽ ഡൽഹി ഹൈക്കോടതിയിൽ നൽകിയ റിട്ട് ഹർജി ഫലം കണ്ടു. 2024 ഏപ്രിൽ ഒൻപതിന് പിടിച്ചുവെച്ച 352 ഗ്രാം സ്വർണം കസ്റ്റംസ് തിരികെ നൽകിയത് കഴിഞ്ഞ നവംബറിൽ. അവസാന ഭാഗം വിട്ടുനൽകിയത് ഒരാഴ്ചമുമ്പ്.

ദുബായ് മക്‌ഡൊണാൾഡിൽ സീനിയർ കൺസൾട്ടന്റായ തൃശ്ശൂർ വെങ്കിടങ്ങ് വെണ്ണേങ്കോട്ട് വീട്ടിൽ ഗോവിന്ദാണ് നിയമപോരാട്ടത്തിലൂടെ സ്വർണം തിരികെ നേടിയത്. അടുത്ത ബന്ധുവായ അമൽകൃഷ്ണയുടെ വിവാഹത്തിനായാണ് അമൽകൃഷ്ണയോടൊപ്പം ഗോവിന്ദും ഭാര്യയും മകളും ഒരു ബന്ധുവുമുൾപ്പെടെ അഞ്ചുപേർ ദുബായിൽനിന്നു ഗുരുവായൂരിലേക്കു പുറപ്പെട്ടത്. വളരെ കാലപ്പഴക്കമുള്ള സ്വർണമാണ് മിക്കവരും അണിഞ്ഞിരുന്നതെങ്കിലും അനുവദിക്കാവുന്നതിൽ കൂടുതലാണെന്ന് കാണിച്ച് എല്ലാ സ്വർണവും കസ്റ്റംസ് പിടിച്ചുവെച്ചു. വധുവിനെ അണിയിക്കാനുള്ള മോതിരംപോലും കൊടുത്തില്ല.

മടങ്ങുമ്പോൾ സ്വർണം തിരികെ തരാമെന്നായിരുന്നു കസ്റ്റംസ് പറഞ്ഞിരുന്നത്. എന്നാൽ, വാക്ക് മാറ്റി. കസ്റ്റംസ് പറഞ്ഞത് വിശ്വസിച്ച് മൂന്നുതവണ ദുബായിൽനിന്ന് ഡൽഹിയിലെത്തിയെങ്കിലും നൽകിയില്ല. തുടർന്നാണു ദുബായിലെ ഫ്രാൻ ഗൾഫ് അഡ്വക്കേറ്റ്‌സിലെ സുഹൃത്ത് വെങ്കിടങ്ങ് സ്വദേശിയായ അഡ്വ. ജോസഫ് ബാബു വടക്കനെ കണ്ട് പ്രശ്‌നം പറഞ്ഞത്.

അദ്ദേഹത്തിന്റെ നിർദേശപ്രകാരം ഡൽഹിയിലെ മലയാളി അഭിഭാഷകരായ സുഭാഷ്ചന്ദ്രൻ, കവിത എന്നിവരെ ബന്ധപ്പെട്ട് ഡൽഹി ൈഹക്കോടതിയിൽ കേസ് ഫയൽ ചെയ്തു. കസ്റ്റംസ് അസിസ്റ്റന്റ് കമ്മിഷണറെ കോടതി നേരിട്ട് വിളിച്ചുവരുത്തി. അഞ്ച് േലാക്കറുകളിലാണ് സ്വർണം സൂക്ഷിച്ചിരിക്കുന്നതെന്നും ഓരോ ലോക്കറിനും പ്രതിദിനം 250 രൂപ വീതം വാടക വേണമെന്നും കസ്റ്റംസ് ആവശ്യപ്പെട്ടെങ്കിലും കോടതി അനുവദിച്ചില്ല. ഒരു ലോക്കറിന്റെ വാടക മാത്രം ഈടാക്കി സ്വർണം വിട്ടുകൊടുക്കാനായിരുന്നു വിധി.

Content Highlights: A couple faced an 18-month ordeal after customs seized gold meant for a wedding at Delhi Airport. Read about their legal battle and eventual retrieval.