നാലുവർഷംകൊണ്ട് പൂട്ടി, ആയിരത്തോളം ചെറിയ ആശുപത്രികൾ; വൻകിടക്കാരും രണ്ടാംനിരക്കാരും വളരുന്നു

തിരുവനന്തപുരം: കിടക്കകൾ കുറഞ്ഞ ആശുപത്രികളുടെ എണ്ണം സംസ്ഥാനത്ത് നാലുവർഷംകൊണ്ട് ആയിരത്തോളം കുറഞ്ഞു. ചില ചെറുകിട ആശുപത്രികൾ പൂർണമായും പ്രവർത്തനം അവസാനിപ്പിച്ചു. ചിലത് വൻകിട ആശുപത്രികളുമായി ലയിച്ചു. ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ നടത്തിയ അന്വേഷണത്തിലാണ് ഈ പ്രവണത വെളിപ്പെട്ടത്.
ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ് നിയമം വന്നതോടെ വ്യവസ്ഥകൾ പാലിക്കാൻ പ്രയാസപ്പെടുന്നതാണ് പൂട്ടലിന് ഒരു കാരണം. വലിയ മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രികൾ കൂടിയതോടെ അവയുമായി മത്സരിച്ച് പിടിച്ചുനിൽക്കാൻ പ്രയാസപ്പെടുന്നതും കാരണമാണ്.
ചെറുകിട ആശുപത്രികളെ സംരക്ഷിക്കുന്നതിനായി നിയമത്തിൽ ഇളവുകൾ വേണമെന്ന് ഐ.എം.എ. സംസ്ഥാന പ്രസിഡന്റ് ഡോ. എം.എൻ. മേനോൻ ആവശ്യപ്പെട്ടു.
വൻകിടക്കാരും രണ്ടാംനിരക്കാരും വളരുന്നു
നിലവിൽ ഉണ്ടായിരുന്ന വൻകിട ആശുപത്രികളിലേക്ക് വൻതോതിൽ വിദേശ നിക്ഷേപം ഒഴുകുന്നുണ്ട്. സഹകരണ മേഖലയിലുള്ളതും നടത്തി വിജയിച്ചവയുമായ രണ്ടാംനിര ആശുപത്രികളും സംസ്ഥാനത്ത് പിടിച്ചുനിൽക്കുന്നുണ്ട്. അടുത്തിടെ വടക്കൻ കേരളത്തിൽ പനി പടർന്നപ്പോൾ വൻകിട ആശുപത്രികൾക്കൊപ്പം രണ്ടാനിര ആശുപത്രികളിലും കിടക്ക കിട്ടാത്ത സ്ഥിതിയുണ്ടായിരുന്നു. കാഷ്ലെസ് ഇൻഷുറൻസ് പട്ടികയിൽ ചെറുകിട ആശുപത്രികൾ അധികമില്ലാത്തത് ഈ മേഖലയ്ക്കുള്ള മറ്റൊരു തിരിച്ചടിയായി.
ചെറുകിട സ്വകാര്യ ആശുപത്രികളുടെ കുറവുമൂലം സർക്കാർമേഖലയിലെ പ്രാഥമികാരോഗ്യകേന്ദ്രങ്ങളിലേക്ക് എത്തുന്നവരുടെ എണ്ണംകൂടുന്നുണ്ട്. ചെറിയ അസുഖങ്ങൾക്ക്, മുൻപ് ക്ലിനിക്കുകളെ ആശ്രയിച്ചിരുന്നവർ ഇപ്പോൾ പ്രാഥമികാരോഗ്യകേന്ദ്രങ്ങളെയാണ് സമീപിക്കുന്നത്.
Content Highlights: Approximately 1,000 small hospitals closed or merged in Kerala over four years., Strict Clinical Establishment Act regulations are forcing small clinic closures., Increased competition from multispecialty hospitals is impacting small-scale providers., Lack of cashless insurance coverage hampers the survival of small private clinics., Shift in patient load toward government primary health centers due to private clinic closures.