മരണത്തിൽ ബന്ധുക്കൾക്ക് സംശയം; സംസ്കരിച്ച മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തി

കോഴിക്കോട് : മരണത്തിൽ ബന്ധുക്കൾ സംശയം പ്രകടിപ്പിച്ചതിനെത്തുടർന്ന് സംസ്കരിച്ച മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തി.
കോന്നാട് ബീച്ചിൽ തോണിച്ചാൽ വീട്ടിൽ അസീമി(40)ന്റെ മൃതദേഹമാണ് പുറത്തെടുത്തത്. വ്യാഴാഴ്ച രാവിലെയാണ് വെള്ളയിൽ പോലീസിന്റെയും റവന്യൂവകുപ്പിന്റെയും സാന്നിധ്യത്തിലാണ് മൃതദേഹം പുറത്തെടുത്തത്. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടം നടത്തി.
സംശയിക്കുന്നതരത്തിലുള്ള പരിക്കുകളൊന്നും കണ്ടെത്താനായിട്ടില്ലെന്ന് വെള്ളയിൽ പോലീസ് പറഞ്ഞു. തുടർന്ന് മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി.
ശനിയാഴ്ച ഒൻപതുമണിയോട് കൂടി സ്വന്തംവീട്ടിൽ അബോധാവസ്ഥയിൽ കിടക്കുകയായിരുന്ന അസീമിനെ ഭാര്യയും ബന്ധുക്കളും ചേർന്നാണ് ആശുപത്രിയിൽ എത്തിച്ചത്. ചികിത്സയിലിരിക്കെ ഏഴിന് പുലർച്ചെ രണ്ടോടെയാണ് മരിച്ചത്.
തോപ്പയിൽ ജുമാമസ്ജിദ് കബർസ്ഥാനിൽ ഞായറാഴ്ചയാണ് മൃതദേഹം സംസ്‌കരിച്ചിരുന്നത്.
തുടർന്ന് നെഞ്ചിലും വലതുകൈക്കും മുഖത്തും പരിക്കുണ്ടെന്നും മരണത്തിൽ സംശയമുണ്ടെന്നും ഭാര്യയുടെയും ബന്ധുക്കളുടെയും പരാതിയിലാണ് മൃതദേഹം പുറത്തെടുത്ത് പരിശോധിക്കാൻ തീരുമാനിച്ചത്.
Content Highlights: dead body sent for postmortem after funeral