മന്ത്രിസഭ പറഞ്ഞിട്ടും ഡിഎ കുടിശ്ശിക നല്‍കിയില്ല; വെട്ടിയത് ധനവകുപ്പ്

#ജെ.എസ് മനോജ്
Representational Image | Photo:Reuters
Representational Image | Photo:Reuters

തിരുവനന്തപുരം: സര്‍ക്കാര്‍ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും നാലുശതമാനം ക്ഷാമബത്ത അനുവദിച്ച് ധനവകുപ്പ് ഇറക്കിയ ഉത്തരവിലൂടെ മന്ത്രിസഭാ തീരുമാനം അട്ടിമറിച്ചതായി വിലയിരുത്തല്‍. 2023 ജനുവരിമുതലുള്ള കുടിശ്ശിക ഉള്‍പ്പെടെ ക്ഷാമബത്ത അനുവദിക്കാനാണ് മന്ത്രിസഭ തീരുമാനിച്ചത്.

എന്നാല്‍, ധനവകുപ്പിന്റെ ഉത്തരവില്‍ ജീവനക്കാരുടെ, പെന്‍ഷന്‍കാരുടെ ഡിഎനിരക്ക് നിലവിലുള്ള 18 ശതമാനത്തില്‍നിന്ന് 22 ശതമാനമായി ഉയര്‍ത്തി എന്നുമാത്രം സൂചിപ്പിച്ചതിനാല്‍ കുടിശ്ശിക നിഷേധിക്കപ്പെട്ടെന്നാണ് കണ്ടെത്തല്‍. ഇതുവഴി ഡിഎ വര്‍ധനയുടെ 33 മാസത്തെ കുടിശ്ശികയാണ് നിഷേധിക്കപ്പെട്ടത്.

ഒക്ടോബര്‍ 29-ന് ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ക്ഷാമബത്ത വര്‍ധിപ്പിക്കുന്നതടക്കമുള്ള ക്ഷേമപ്രഖ്യാപനങ്ങള്‍ സര്‍ക്കാര്‍ നടത്തിയത്. ജീവനക്കാരുടെയും അധ്യാപകരുടെയും പെന്‍ഷന്‍കാരുടെയും 2023 ജനുവരി ഒന്നുമുതല്‍ നല്‍കാനുള്ള ഒരു ഗഡു ഡിഎ/ഡിആര്‍ (4 ശതമാനം) നവംബര്‍ മാസത്തില്‍ വിതരണം ചെയ്യുന്ന ശമ്പളം/പെന്‍ഷനോടൊപ്പം അനുവദിക്കാവുന്നതാണെന്ന് മന്ത്രിസഭായോഗത്തിനുള്ള കുറിപ്പില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഈ നിര്‍ദേശത്തില്‍ മാറ്റമൊന്നും വരുത്താതെയാണ് മന്ത്രിസഭ അംഗീകരിച്ചത്.

ഈ തീരുമാനപ്രകാരം കുടിശ്ശിക ലഭിക്കത്തക്ക വിധത്തിലാണ് താഴെനിന്ന് ഫയല്‍ ധനവകുപ്പില്‍ എത്തിയതെന്നുമറിയുന്നു. എന്നാല്‍ മന്ത്രിതലത്തില്‍ ഇടപെട്ട് കുടിശ്ശിക ഒഴിവാക്കുകയായിരുന്നു. ഒക്ടോബര്‍ 31-ന് ധനവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി പുറപ്പെടുവിച്ച ഉത്തരവില്‍ ഡിഎ കുടിശ്ശികയായ തീയതി ഒഴിവാക്കി ജിവനക്കാരുടെയും അധ്യാപകരുടെയും പെന്‍ഷന്‍കാരുടെയും ഡിഎ നിരക്ക് നിലവിലുള്ള 18 ശതമാനത്തില്‍നിന്ന് 22 ശതമാനമായി ഉയര്‍ത്തി എന്നുമാത്രമാണ് കാണിച്ചിട്ടുള്ളത്. ഇതാണ് കുടിശ്ശിക നിഷേധിക്കപ്പെടാന്‍ കാരണമായത്.

മന്ത്രിസഭയെടുക്കുന്ന തീരുമാനങ്ങളില്‍ കാര്യമായ മാറ്റം വരുത്താന്‍ മന്ത്രിസഭയ്ക്കേ അധികാരമുള്ളൂ. ചെറിയമാറ്റങ്ങള്‍ മുഖ്യമന്ത്രിതലത്തില്‍ വരുത്താറുണ്ട്. ഇക്കാര്യത്തില്‍ ധനവകുപ്പ് ഏകപക്ഷീയമായി മാറ്റംവരുത്തിയത് ചട്ടലംഘനമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

ഡിഎ വര്‍ധനയിലൂടെ 188 കോടി രൂപയാണ് പ്രതിമാസം സര്‍ക്കാരിന് അധികച്ചെലവ് നേരിടുന്നത്. കുടിശ്ശിക അനുവദിക്കുകയാണെങ്കില്‍ 6204 കോടി രൂപയാണ് ബാധ്യത. നിലവില്‍ ആറുഗഡുക്കളായി 13 ശതമാനം ഡിഎയാണ് ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും കുടിശ്ശികയുള്ളത്. ഡിഎ വര്‍ധന ഒഴികെയുള്ള ആ മന്ത്രിസഭയിലെ മറ്റു തീരുമാനങ്ങള്‍ അതേപടി നടപ്പായിട്ടുമുണ്ട്.

Content Highlights: da arrears were not paid despite the cabinets request the finance department cut them off