ശബ്ദരേഖ പുറത്തുവിടൂ; ജയചന്ദ്രനെ തോൽപിക്കാൻ CPM നേതാക്കൾ സമീപിച്ചെന്ന അവകാശവാദത്തിനെതിരേ സി.വി. വർഗീസ്

കട്ടപ്പന: നിയമസഭാ തിരഞ്ഞെടുപ്പിൽ ഉടുമ്പൻചോല മണ്ഡലത്തിലെ ഇടതുപക്ഷ സ്ഥാനാർഥി കെ.കെ. ജയചന്ദ്രനെ പരാജയപ്പെടുത്താൻ സിപിഎം നേതാക്കൾ സമീപിച്ചെന്ന കോൺഗ്രസ് നേതാവ് ഇബ്രാഹിംകുട്ടി കല്ലാറിന്റെ അവകാശവാദത്തിനെതിരേ സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി സി.വി. വർഗീസ്.
സിപിഎം അണികളെപോലും സ്വാധീനിക്കാൻ കഴിയുന്ന അമാനുഷികനാണോ ഇബ്രാഹിംകുട്ടി കല്ലാർ എന്ന് വർഗീസ് ചോദിച്ചു. സിപിഎമ്മിന് ഈ കാര്യത്തിൽ യാതൊരു ആശങ്കയുമില്ല. സിപിഎം നേതാക്കൾ സമീപിച്ചതിന്റെ ശബ്ദരേഖയുണ്ടെങ്കിൽ ഇബ്രാഹിംകുട്ടി കല്ലാർ അത് പുറത്തുവിടണമെന്ന് വർഗീസ് വെല്ലുവിളിക്കുകയും ചെയ്തു.
‘ഇബ്രാഹിംകുട്ടി കല്ലാറിന് സിപിഎമ്മിന്റെ വോട്ടർമാരെ സ്വാധീനിക്കാൻ കഴിയുന്ന സർവാധിപനാണെന്നാണല്ലോ അദ്ദേഹം ഇപ്പോൾ സ്ഥാപിച്ചിരിക്കുന്നത്. അദ്ദേഹം ധൈര്യമായിട്ട് ആ ശബ്ദരേഖ പുറത്തുവിടട്ടേ. പുറത്തുവിട്ടതിനുശേഷം അത് സംബന്ധിച്ചുള്ള അഭിപ്രായം സിപിഎം പറയാം.’ സി.വി. വർഗീസ് പറഞ്ഞു.
കെ.കെ. ജയചന്ദ്രനെ പരാജയപ്പെടുത്തിയത് സി.പി.എം. നേതാക്കൾ തന്നെയെന്നായിരുന്നു കെ.പി.സി.സി. ജനറൽ സെക്രട്ടറികൂടിയായ ഇബ്രാഹിംകുട്ടി കല്ലാർ കഴിഞ്ഞദിവസം പറഞ്ഞത്. ഇതിനായി പാർട്ടി നേതാക്കൾ തങ്ങളെ സമീപിച്ചു. അതിന്റെ ശബ്ദരേഖകൾ കൈവശമുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു. നെടുങ്കണ്ടത്ത് കോൺഗ്രസിന്റെ പ്രതിഷേധ പരിപാടിയിൽ സംസാരിക്കവേ ആയിരുന്നു ഇബ്രാഹിംകുട്ടി ഇങ്ങനെ പറഞ്ഞത്.
Content Highlights: CPM Idukki District Secretary CV Varghese responds to Congress leader Ibrahimkutty Kallar's claims., Kallar claimed CPM leaders approached him to defeat KK Jayachandran in Udumbanchola., Varghese challenged Kallar to boldly release the alleged audio clip if it exists., CPM expressed no concern over the claims, questioning Kallar's influence over party voters.