മുതലപ്പൊഴിയിൽ മണൽ നീക്കാൻ വിദേശനിർമ്മിത കട്ടർ സക്ഷൻ ഡ്രെഡ്ജറെത്തുന്നു; കണ്ണൂരിൽനിന്ന് പുറപ്പട്ടു

തിരുവനന്തപുരം: മുതലപ്പൊഴിയിൽ അഴിമുഖത്തെ മണൽ നീക്കാൻ ചന്ദ്രഗിരി ഡ്രെഡ്ജർ കണ്ണൂരിൽനിന്ന് പുറപ്പെട്ടു. അഴീക്കൽ തുറമുഖത്ത് ആഴംകൂട്ടാൻ 2015 -ൽ 19 കോടി മുടക്കി കൊണ്ടുവന്ന വിദേശ നിർമ്മിത കട്ടർ സക്ഷൻ ഡ്രെഡ്ജറാണ് ഫിഷറീസ് മന്ത്രിയുടെ നിർദ്ദേശാനുസരണം മുതലപ്പൊഴിയിലേക്ക് എത്തിക്കുന്നത്. മണൽമൂടി പൊഴിമുഖം അടഞ്ഞതോടെ വലിയ പ്രതിഷേധമാണ് തീരത്ത് ഉയരുന്നത്.
കണ്ണൂർ അഴീക്കൽ ഹാർബറിൽനിന്ന് തിങ്കളാഴ്ച രാവിലയോടെയാണ് ഡ്രെഡ്ജർ പുറപ്പെട്ടത്. പ്രത്യേക ടഗ്ഗ് ഉപയോഗിച്ച് കെട്ടിവലിച്ചാണ് ഡ്രെഡ്ജർ കൊണ്ടുവരുന്നത്. കാലാവസ്ഥ അനുകൂലമായാൽ ഒരാഴ്ചയ്ക്കുള്ളിൽ ഡ്രെഡ്ജർ മുതലപ്പൊഴിയിലെത്തും. പൊഴിമുഖം മുറിച്ച് ഡ്രെഡ്ജർ അകത്തേക്ക് പ്രവേശിപ്പിക്കുന്നതിനാണ് അധികൃതർ ശ്രമിക്കുന്നത്. പൊഴിമുറിക്കുന്നതിനുള്ള ശക്തമായ എതിർപ്പ് മത്സ്യത്തൊഴിലാളികൾ നേരത്തെ ഉന്നയിച്ചെങ്കിലും ഡ്രെഡ്ജറെത്തുന്നതോടെ പ്രതിഷേധത്തിൽനിന്ന് പിന്മാറിയേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
മത്സ്യത്തൊഴിലാളികൾ 2015-ൽ കൊണ്ടുവന്ന ഡ്രെഡ്ജർ 600 മണിക്കൂർ മാത്രമാണ് അഴീക്കലിൽ മണൽ എടുത്തത്. ഇടക്കിടെ ബ്ലേഡ് മുറിഞ്ഞ് തകരാർപറ്റി തുറമുഖത്ത് കിടക്കുകയായിരുന്നു. സാങ്കേതിക തകരാറുകൾ പരിഹരിച്ച ഡ്രെഡ്ജർ മാസവാടകക്ക് നൽകാനും തീരുമാനമുണ്ടായിരുന്നു. ഇതിനിടെയാണ് മുതലപ്പൊഴിയിൽ ഡ്രെഡ്ജർ കൊണ്ടുവരുന്നത്.
യുഡിഎഫ് സർക്കാരിൻറെ കാലത്ത്, ജേക്കബ് തോമസ് തുറമുഖ ഡയറക്ടർ ആയിരിക്കെ ഹോളണ്ടിൽനിന്നാണ് ഡ്രെഡ്ജർ വാങ്ങിയത്. എട്ട് കോടി രൂപയ്ക്ക് വാങ്ങാനാണ് സർക്കാർ അനുമതി നൽകിയതെങ്കിലും 19 കോടി മുടക്കിയാണ് റോയൽ ഐഎച്ച്ഡി കമ്പനിയിൽനിന്ന് വാങ്ങിയതെന്ന് ആരോപണം ഉയർന്നിരുന്നു. ഇതുസംബന്ധിച്ച കേസും അന്വേഷണവും സുപ്രീംകോടതിയിൽ എത്തിനിൽക്കുകയാണ്. മാരി മരിടൈം ബോർഡിന് കീഴിലായിരുന്നു ഡ്രെഡ്ജർ അഴീക്കലിൽ പ്രവർത്തിച്ചിരുന്നത്. മുതലപ്പൊഴിയിൽ എത്തിക്കുന്ന ഡ്രെഡ്ജർ ഇവിടെത്തന്നെ സ്ഥിരമായി നിലനിർത്താനാണ് ആലോചന.
Content Highlights: cutter suction dredger to reach in muthalapozhi