പോലീസ് മർദിച്ചെന്ന് പരാതി; ആദിവാസിയുവാവ് ആശുപത്രിയിൽ

കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച അഭിലാഷ്
കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച അഭിലാഷ്

കോട്ടയം: മോഷണക്കുറ്റം ആരോപിച്ച് ആദിവാസി യുവാവിനെ പോലീസ് ക്രൂരമായി മർദിച്ചെന്ന് പരാതി. കെ.എസ്.ഇ.ബി. കരാർ മസ്ദൂർ തൊഴിലാളിയായ പൂഞ്ഞാർ പെരുങ്ങുളം പൂവത്തുങ്കൽ വീട്ടിൽ അഭിലാഷ് (33) ആണ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കഴിയുന്നത്. പട്ടികവർഗ ഊരാളി സമുദായത്തിൽപ്പെട്ടതാണ് അഭിലാഷ്.

വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.30 ഓടെ വീട്ടിൽനിന്നുമാണ് അഭിലാഷിനെ പോലീസ് പിടിച്ചുകൊണ്ടുപോയതെന്ന് സഹോദരൻ രാജീവ് പറഞ്ഞു. വീട്ടിലെത്തിയ അഞ്ചുപേർ വാതിൽ ചവിട്ടിത്തുറന്ന് അഭിലാഷിനെ കട്ടിലിൽനിന്ന് വലിച്ചെഴുന്നേൽപ്പിച്ച് കൂടെ വരണമെന്ന് ആവശ്യപ്പെട്ടു. കാരണം ചോദിച്ചപ്പോൾ മർദിച്ച് വലിച്ചിഴച്ച് കാറിൽ കയറ്റി. തടയാൻ ശ്രമിച്ച ബന്ധുക്കളെയും സമീപവാസികളെയും അസഭ്യം പറഞ്ഞു. കാറിനുള്ളിൽ തലയ്ക്ക് അടിച്ചു. കാറിനുള്ളിൽ വീണപ്പോൾ ശരീരമാസകലം ചവിട്ടി. പോകുന്നവഴിയും കാറിൽനിന്ന് ജീപ്പിലേക്ക് കയറ്റുമ്പോഴും മർദിച്ചു. സ്റ്റേഷനിൽ എത്തിയപ്പോഴും മർദനം തുടർന്നു. പരാതി പറഞ്ഞാൽ കെ.എസ്.ഇ.ബി. കമ്പി മോഷ്ടിച്ചു എന്ന് കേസെടുത്ത് അകത്തിടുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു.

ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട അഭിലാഷിനെ പാലാ ജനറൽ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു. അതേസമയം പൂഞ്ഞാർ കെ.എസ്.ഇ.ബി. ഓഫീസിൽനടന്ന കമ്പി മോഷണത്തിന്റെ കാര്യങ്ങൾ ചോദിച്ചറിയാനാണ് അഭിലാഷിനെ പോലീസ് വിളിച്ച് കൊണ്ടുപോന്നതെന്നും വീട്ടിലെത്തിയത് എസ്.പിയുെട കീഴിലുള്ള ഡാൻസാഫ് സംഘമാണെന്നും പാലാ ഡിവൈ.എസ്.പി. പറഞ്ഞു.

പോലീസിനെതിരേ കോട്ടയം എസ്.പി., ഡിവൈ.എസ്.പി. എന്നിവർക്ക് പരാതി നൽകിയെന്ന് അഭിലാഷിന്റെ സഹോദരങ്ങൾ പറഞ്ഞു. കമ്പി മോഷണം നടന്നു എന്നുപറയുന്ന ദിവസം അഭിലാഷ് കട്ടപ്പനയിൽ കെ.എസ്.ഇ.ബി.യുടെ കരാർ ജോലിയിൽ ആയിരുന്നതായി സഹോദരൻ രാജീവ് പറഞ്ഞു. എല്ലാവർക്കും ഉപകാരിയും നാളിതുവരെ യാതൊരുവിധ സ്വഭാവദൂഷ്യവും കേൾക്കാത്ത വ്യക്തിയുമാണ് അഭിലാഷെന്ന് പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത് അംഗം സജി സിബി പറയുന്നു. സംഭവത്തിൽ പ്രതിഷേധിച്ച് ഊരാളി സമുദായസംഘടന പോലീസ് സ്റ്റേഷൻ മാർച്ച് നടത്തി.

മർദനം നിഷേധിച്ച് ജില്ലാ പോലീസ്

കോട്ടയം: പോലീസ് തിരഞ്ഞുവന്ന യുവാവിനെ കണ്ടെത്തിയ ഡാൻസാഫ് സംഘംകൂടെ വരാൻ ആവശ്യപ്പെട്ടപ്പോൾ ചെറുത്തുനിന്നതിനെത്തുടർന്ന് ബലംപ്രയോഗിച്ച് കാറിൽകയറ്റിക്കൊണ്ടുപോവുക മാത്രമാണ് ചെയ്തതെന്ന് ജില്ലാ പോലീസ് മേധാവി കെ.എം. സാബു മാത്യു പറഞ്ഞു. വഴിയിൽവെച്ച് എസ്.ഐയെയും സംഘത്തെയും കണ്ടതോടെ യുവാവിനെ അവർക്ക് കൈമാറി പോലീസ് ജീപ്പിലേക്ക് മാറ്റി. തുടർന്ന് എസ്.ഐ. യുവാവിനെ ഈരാറ്റുപേട്ടയിലെ ആശുപത്രിയിലെത്തിച്ച് വൈദ്യപരിശോധന നടത്തിയശേഷമാണ് പോലീസ് സ്റ്റേഷനിലെത്തിച്ചത്. സ്റ്റേഷനിലെത്തിക്കുമ്പോൾ യുവാവിന് പരിക്കുകളോ പരാതിയോ ഇല്ലായിരുന്നു.

മൊഴിനൽകിയശേഷം സ്റ്റേഷനിൽനിന്ന് മടങ്ങിയ യുവാവ് വൈകുന്നേരത്തോടെയാണ് മർദനമേറ്റെന്ന്കാട്ടി ആശുപത്രിയിലെത്തിയത്. പോലീസ് സ്റ്റേഷനിലെ മുഴുവൻ കാര്യങ്ങളും അവിടെയുള്ള സി.സി.ടി.വി. ക്യാമറകളിൽ പതിഞ്ഞിട്ടുള്ളതാണ്. പി.ആർ.ഒ.യുടെ മുറിയിലിരുന്നാണ് എസ്.ഐ. യുവാവുമായി സംസാരിച്ചത്. സ്റ്റേഷനിൽനിന്ന് സന്തോഷത്തോടെ പോയ യുവാവ് വൈകുന്നേരം ആശുപത്രിയിലെത്തുകയായിരുന്നു. യുവാവിന്റെ വീട്ടുകാർ സി.ഐ.ക്ക് പരാതി നൽകിയിട്ടുണ്ടെന്നും ഇതിൽ അന്വേഷണം ആരംഭിച്ചതായും ജില്ലാ പോലീസ് മേധാവി പറഞ്ഞു.

Content Highlights: A tribal youth alleges custodial torture by Kottayam police, leading to hospitalization. Family claims innocence in theft case.