കുസാറ്റ് പാഠമാകുമോ; നമുക്ക് വേണ്ടേ കണ്ണീര്‍ പൊടിയാത്ത ആഘോഷപരിപാടികള്‍?

ജീവിതത്തില്‍ മറക്കാന്‍ കഴിയാത്തൊരു കാമ്പസ് ഓര്‍മയായി മാറേണ്ടിയിരുന്ന ആഘോഷരാവ് ദുന്തത്തിലേക്ക് വഴുതിമാറി. ഇന്നലെ വരെ കൂടെയുണ്ടായിരുന്ന സുഹൃത്തുക്കള്‍ ചേതനയറ്റ് കിടക്കുന്നു. മകനെയും മകളെയും കൂടപ്പിറപ്പിനെയും നഷ്ടപ്പെട്ട ദുഃഖം താങ്ങാനാകാതെ അലമുറയിടുന്ന പ്രിയപ്പെട്ടവര്‍. നാടിന്റെയാകെ ചിരി മായ്ച്ച ദുരന്തമാണ് ശനിയാഴ്ച വൈകുന്നേരം കളമശ്ശേരിയിലെ കുസാറ്റ് കാമ്പസില്‍ ഉണ്ടായത്.
സന്തോഷം അവധിയെടുത്ത ഞായറാഴ്ച പുലര്‍ന്നപ്പോള്‍ ഇന്നലെ വരെ ഒപ്പമുണ്ടായിരുന്ന മൂന്ന് പേരുടെ ചേതനയറ്റ ശരീരമാണ് കുസാറ്റ് കാമ്പസിന്റെ മുറ്റത്ത് സുഹൃത്തുക്കള്‍ കണ്ടത്. പൊട്ടിക്കരയുന്നവരെയും കരച്ചിലടക്കാന്‍ പാടുപെടുന്നവരെയുമെല്ലാം അവിടെ കാണാമായിരുന്നു. മനുഷ്യരായി പിറന്നവരുടെയെല്ലാം കണ്ണുനനയിക്കുന്ന കാഴ്ചകള്‍... അന്ത്യയാത്രയ്ക്കായി മൃതദേഹങ്ങള്‍ വീടുകളിലെത്തിച്ചപ്പോഴും വൈകാരികരംഗങ്ങള്‍ മാത്രം.
എന്നാല്‍ വൈകാരികതയ്ക്കപ്പുറം ചര്‍ച്ച ചെയ്യപ്പെടേണ്ട ഒട്ടേറെ കാര്യങ്ങളിലേക്കാണ് കുസാറ്റ് ദുരന്തം വാതില്‍ തുറന്നിരിക്കുന്നത്. അപകടം എങ്ങനെ സംഭവിച്ചു, ആര്‍ക്കാണ് വീഴ്ച പറ്റിയത്, എങ്ങനെ തടയാമായിരുന്നു, ഇനി ആവര്‍ത്തിക്കാതിരിക്കാന്‍ എന്തൊക്കെയാണ് ചെയ്യേണ്ടത് തുടങ്ങി നിരവധി ചോദ്യങ്ങള്‍ക്ക് ഉത്തരം ലഭിക്കുമ്പോള്‍ മാത്രമേ മേല്‍പ്പറഞ്ഞ വൈകാരിക രംഗങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സാധിക്കൂ.
കുസാറ്റില്‍ സംഭവിച്ചത്
Stampede എന്ന് ഒറ്റവാക്കില്‍ വിശേഷിപ്പിക്കപ്പെടുന്ന ദുരന്തമാണ് ശനിയാഴ്ച വൈകുന്നേരം കുസാറ്റ് കാമ്പസിലെ ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയത്തില്‍ ഉണ്ടായത്. കുസാറ്റില്‍ നടന്നുകൊണ്ടിരിക്കുന്ന ടെക് ഫെസ്റ്റ് 'ധിഷണ'യുടെ ഭാഗമായി പ്രമുഖ ഗായിക നിഖിതാ ഗാന്ധിയുടെ സംഗീതനിശയ്ക്ക് ഒരുങ്ങുകയായിരുന്നു ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയം.
നിഖിതാ ഗാന്ധിയുടെ സംഗീതപരിപാടി കാണാനായി കുസാറ്റ് വിദ്യാര്‍ഥികള്‍ക്ക് പുറമെ പുറത്ത് നിന്നുള്ള വിദ്യാര്‍ഥികളും എത്തിയിരുന്നു. ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയത്തിന് താങ്ങാവുന്നതിലും അധികമാളുകള്‍ അവിടെ ഉണ്ടായിരുന്നെങ്കിലും ഭൂരിഭാഗം പേരും ഓഡിറ്റോറിയത്തിന് പുറത്തായിരുന്നു.
ഐ.ഡി. കാര്‍ഡ് പരിശോധിച്ച് 'ധിഷണ'യുടെ പ്രത്യേക ടീഷര്‍ട്ട് ധരിച്ചവരെ മാത്രമാണ് അകത്തേക്ക് പ്രവേശിപ്പിച്ചിരുന്നത്. അകത്തേക്കും പുറത്തേക്കും പോകാന്‍ ആകെയുള്ള ഗെയിറ്റിലൂടെയാണ് ഇവരെ പ്രവേശിപ്പിച്ചത്. ഇതിന്റെ നിയന്ത്രണം പൂര്‍ണമായും വിദ്യാര്‍ഥികള്‍ക്കായിരുന്നു.
ഗെയിറ്റ് കഴിഞ്ഞാല്‍ ഉടന്‍ കുത്തനെ താഴോട്ടുള്ള പടിക്കെട്ടാണ്. ഓഡിറ്റോറിയത്തില്‍ ഉണ്ടായിരുന്ന ഈ ഭാഗത്താണ് കേന്ദ്രീകരിച്ചിരുന്നത്. അപകടം നടക്കുന്നതിന് തൊട്ടുമുമ്പുള്ള ദൃശ്യങ്ങളില്‍ ഇത് വ്യക്തമാണ്.
ആറേമുക്കാലോടെയാണ് നാടിനെ നടുക്കിയ ദുരന്തം ഉണ്ടായത്. ചെറിയൊരു ചാറ്റല്‍ മഴ പെയ്തതോടെ പുറത്തുണ്ടായിരുന്നവര്‍ ഓഡിറ്റോറിയത്തിലേക്ക് കയറാനായി ഗെയിറ്റിലേക്ക് ഇരച്ചെത്തുകയായിരുന്നു. പിന്നീട് സംഭവിച്ചതെല്ലാം പെട്ടെന്നായിരുന്നു.
ഗെയിറ്റ് വഴി അകത്ത് കയറി പടിക്കെട്ടുകള്‍ ഇറങ്ങുകയായിരുന്ന വിദ്യാര്‍ഥികളുടെ മുകളിലേക്ക് പിന്നില്‍ നിന്ന് ആളുകള്‍ വീഴാന്‍ തുടങ്ങി. പടിക്കെട്ടിലും പുറത്തുമായി വീണ് പോയ വിദ്യാര്‍ഥികളുടെ ദേഹത്തേക്ക് വീണ്ടും വീണ്ടും ആളുകള്‍ വീണു. അടിയിലായിപ്പോയ വിദ്യാര്‍ഥികള്‍ ഇതോടെ ശ്വാസം കിട്ടാതെ പിടഞ്ഞു. ചവിട്ടേറ്റും മറ്റും പലര്‍ക്കും ആന്തരികാവയവങ്ങള്‍ക്ക് പരിക്കേറ്റു. നാല് പേരാണ് അപകടത്തില്‍ മരിച്ചത്.
വാക്കാല്‍ അറിയിച്ചെന്ന് വി.സി, രേഖാമൂലം അറിയിച്ചെന്ന് ഡി.സി.പി.
കുസാറ്റില്‍ സംഗീതനിശ നടക്കുന്ന വിവരം പോലീസിനെ അറിയിച്ചിട്ടില്ലെന്നാണ് കൊച്ചി ഡി.സി.പി. കെ.എസ്. സുദര്‍ശനന്‍ പറഞ്ഞത്. പരിപാടിക്കായി പോലീസിനെ ആവശ്യപ്പെട്ടുള്ള യാതൊരു അറിയിപ്പും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ പോലീസിന്റെ ഒരു പട്രോളിങ് യൂണിറ്റ് സംഭവസ്ഥലത്ത് ഉണ്ടായിരുന്നു. ആഴ്ചകളായി കാമ്പസില്‍ വിദ്യാര്‍ഥി സംഘര്‍ഷം നിലനിന്നിരുന്നതിനാലാണ് പട്രോളിങ് സംഘത്തെ ഇവിടേക്ക് നിയോഗിച്ചത്. കോളേജ് കാമ്പസിനകത്ത് നടക്കുന്ന പരിപാടികള്‍ക്ക് പോലീസ് അനുമതി ആവശ്യമില്ലെന്നും ഡി.സി.പി. പറഞ്ഞു.
എന്നാല്‍ പരിപാടി നടക്കുന്ന വിവരം പോലീസിനെ വാക്കാല്‍ അറിയിച്ചിരുന്നുവെന്നാണ് കുസാറ്റ് വി.സി. ഡോ. പി.ജി. ശങ്കരന്‍ പറഞ്ഞത്. നിര്‍ദ്ദേശം നല്‍കിയതനുസരിച്ച് ആറ് പോലീസുകാര്‍ വന്നിരുന്നു. പരിപാടിക്ക് എത്രപേര്‍ വരുമെന്നും പരിപാടിയുടെ സ്വഭാവം എന്താണെന്നും എത്ര പോലീസുകാര്‍ വേണമെന്നും വ്യക്തമാക്കിയിരുന്നില്ലെന്നും പറഞ്ഞ അദ്ദേഹം പോലീസിന്റെ ഭാഗത്ത് വീഴ്ച സംഭവിച്ചിട്ടില്ല എന്നും വ്യക്തമാക്കി.
'ടീഷര്‍ട്ട് ഇട്ടവരെ മാത്രം അകത്ത് കയറ്റാന്‍ നോക്കി, മഴയൊന്നുമല്ല കാരണം'
സംഘാടനത്തിലെ ഗുരുതരമായ പിഴവാണ് അപകടകാരണം എന്നാണ് പരിക്കേറ്റ വിദ്യാര്‍ഥിയുടെ ശബ്ദരേഖ സൂചിപ്പിക്കുന്നത്. ഗെയിറ്റ് അടച്ചിട്ടുവെന്നും എല്ലാവര്‍ക്കും പ്രവേശനമുള്ള പരിപാടിയില്‍ ടിഷര്‍ട്ട് ഇട്ടവരെ മാത്രം പ്രവേശിപ്പിക്കാന്‍ ശ്രമിച്ചുവെന്നും വിദ്യാര്‍ഥി ആരോപിക്കുന്നു.
'ആര്‍ക്ക് വേണമെങ്കിലും കേറാവുന്ന പരിപാടിയാണ്. ടെക് ഫെസ്റ്റിന് ഫണ്ടിട്ടവര്‍ക്ക് മാത്രമാണ് സംഘാടകര്‍ ടീഷര്‍ട്ട് നല്‍കിയത്. പത്ത് നാലായിരം ആള്‍ക്കാര്‍ ഉണ്ടായിട്ടും ഇവരീ ടീഷര്‍ട്ടിട്ടവരെ മാത്രം കയറ്റാന്‍ നോക്കി. ഗെയിറ്റ് അടച്ചിട്ടേക്കുകയായിരുന്നു. ആറരയായിട്ടും ഗെയിറ്റ് തുറന്നില്ല. മഴ കാരണം സംഭവിച്ചതൊന്നുമല്ല. പരിപാടി നടത്തിയവരുടെ കുറ്റം തന്നെയാണ്. ഗെയിറ്റ് തുറന്നിടുന്നതിന് പകരം ഒന്നും രണ്ടും പേരെ വീതം നാലായിരം ആളുകളെ കയറ്റാനാണ് അവര്‍ നോക്കിയത്.' -ഇതാണ് വിദ്യാര്‍ഥി പറയുന്നത്.
എ.ഡി.ജി.പിയുടെ പ്രതികരണം
കുസാറ്റ് ദുരന്തത്തില്‍ പ്രത്യേകിച്ച് ആരെയും കുറ്റപ്പെടുത്താനാകില്ലെന്നാണ് എ.ഡി.ജി.പി. അജിത് കുമാര്‍ മാതൃഭൂമിയോട് പറഞ്ഞത്. ഓഡിറ്റോറിയത്തിന്റെ ഘടനയും സംഘാടനത്തിലെ പിഴവുമാണ് അപകടത്തിലേക്ക് നയിച്ചതെന്നും അദ്ദേഹം പറഞ്ഞു.
'ഇത്തരം അപകടം സംഭവിക്കാനുള്ള പല സാചര്യങ്ങളും അവിടെ ഉണ്ടായിരുന്നു. ഓഡിറ്റോറിയത്തിന്റെ ഘടന നോക്കിയാല്‍ അത് മനസിലാകും. അകത്തേക്ക് പ്രവേശിക്കുന്നതിനുള്ള ഗെയിറ്റില്‍ തന്നെ പടിക്കെട്ടുകള്‍ ആരംഭിക്കുകയാണ്. ഇങ്ങനെയുള്ള സ്ഥലത്ത് ആളുകളെ അകത്ത് കടത്തിവിടാനുള്ള പരിശോധന ഗെയിറ്റില്‍ വച്ച് തന്നെയാണ് നടത്തുന്നതെങ്കില്‍ അവിടെ സ്വാഭാവികമായും തിരക്കുണ്ടാകാനും ഉന്തുംതള്ളുമുണ്ടായി ആളുകള്‍ താഴെ വീഴാനും സാധ്യതയുണ്ട്. എന്നാല്‍ പരിശോധിക്കുന്ന സ്ഥലം ഗെയിറ്റില്‍ നിന്ന് കുറച്ച് മാറിയായിരുന്നെങ്കില്‍ ഈ അപകടം ഒഴിവാക്കാമായിരുന്നു.'
'രണ്ടാമത്തെ കാരണം ഇതിന്റെ സംഘാടനമാണ്. കൊച്ചി ഉള്‍പ്പെടെയുള്ള നഗരങ്ങളില്‍ ഒരുപാട് ഇത്തരം പരിപാടികള്‍ നടത്താറുണ്ട്. വലിയ പരിപാടികളിലാണ് പോലീസ് ഇടപെടല്‍ ഉണ്ടാകാറ്. ഇതുപോലുള്ള ചെറിയ പരിപാടികള്‍ സംഘാടകര്‍ തന്നെ നടത്തുകയാണ് പതിവ്. ഇതിന്റെ സംഘാടകര്‍ കുറച്ചുകൂടി ശ്രദ്ധിക്കണമായിരുന്നു. ഓഡിറ്റോറിയത്തിന്റെ ശേഷി എത്രയാണ്, എത്ര പേരെ കയറ്റാന്‍ പറ്റും, എത്ര സമയം മുമ്പ് ആളുകളെ കയറ്റണം, ആ സമയം കൊണ്ട് മുഴുവനാളുകളെയും കയറ്റാന്‍ കഴിയുമോ, അകത്ത് കടക്കാന്‍ എത്ര വഴികള്‍ വേണം, എന്തെങ്കിലും പ്രശ്‌നമുണ്ടായാല്‍ പുറത്ത് പോകാന്‍ എത്ര വഴികള്‍ വേണം തുടങ്ങിയ കാര്യങ്ങളെല്ലാം കൃത്യമായി കണക്കുകൂട്ടാന്‍ കഴിയുന്നതാണ്. എന്നാല്‍ ഇവിടെ അതൊന്നും ഉണ്ടായില്ല.' -എ.ഡി.ജി.പി. പറഞ്ഞു.
ആവര്‍ത്തിക്കുമോ ഇനിയും?
അപകടമുണ്ടായി. നാല് വിലപ്പെട്ട ജീവനുകള്‍ പൊലിഞ്ഞു. കുറ്റപ്പെടുത്തലുകള്‍ക്കും വാദപ്രതിവാദങ്ങള്‍ക്കുമപ്പുറം ഇത്തരം അപകടങ്ങള്‍ ഭാവിയില്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള ക്രിയാത്മക നടപടികളാണ് അധികൃതരുടെ ഭാഗത്ത് നിന്ന് ഉണ്ടാകേണ്ടത്. അതിനുവേണ്ടിയുള്ള ചര്‍ച്ചകള്‍ നടക്കുന്നുവെന്ന വാര്‍ത്തകള്‍ വരുന്നത് അഗാധമായ ദുഃഖത്തിനിടയിലും നേരിയ ആശ്വാസം പകരുന്നതാണ്.
ഇത്തരം പരിപാടികള്‍ സംഘടിപ്പിക്കുമ്പോള്‍ പാലിക്കേണ്ട മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി അറിയിച്ചിട്ടുണ്ട്. ഇനിയൊരു കുസാറ്റ് ആവര്‍ത്തിക്കാതിരിക്കാനായി പഴുതടച്ച സംവിധാനം നിലവില്‍ വരേണ്ടത് അത്യാവശ്യമാണ്.
Content Highlights: CUSAT Stampede, Cusat Campus, Malayalam News, Kerala News