കുസാറ്റ് ദുരന്തം: അന്വേഷണ കാലയളവില്‍ പ്രിന്‍സിപ്പലിനെ പദവിയില്‍നിന്ന് മാറ്റിനിര്‍ത്തുമെന്ന് വി.സി

എഡിജിപി അജിത് കുമാർ സംഭവസ്ഥലം  സന്ദർശിക്കുന്നു | ഫോട്ടോ: ശിഹാബുദ്ദീൻ തങ്ങൾ
എഡിജിപി അജിത് കുമാർ സംഭവസ്ഥലം സന്ദർശിക്കുന്നു | ഫോട്ടോ: ശിഹാബുദ്ദീൻ തങ്ങൾ

കൊച്ചി: ശാസ്ത്രസാങ്കേതിക സര്‍വ്വകലാശാലയിലുണ്ടായ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സ്‌കൂള്‍ ഓഫ് എന്‍ജിനീയറിങ്ങ് പ്രിന്‍സിപ്പല്‍ ഡോ.ദീപക് കുമാര്‍ സാഹുവിനെ അന്വേഷണ കാലയളവില്‍ പ്രിന്‍സിപ്പല്‍ സ്ഥാനത്തുനിന്ന് മാറ്റിനിര്‍ത്തും. വി.സി. ഡോ.പി.ജി.ശങ്കരന്‍ മാധ്യമങ്ങളെ അറിയിച്ചതാണ് ഇക്കാര്യം. തിക്കിലും തിരക്കിലുംപ്പെട്ട് നാലുപേര്‍ മരിച്ച സംഭവം അന്വേഷിക്കാന്‍ മൂന്നംഗസമിതിയെ നിയോഗിച്ചതായും അദ്ദേഹം പറഞ്ഞു.  കെ.കെ.കൃഷ്ണകുമാര്‍ (കണ്‍വീനര്‍), ഡോ.ശശിഗോപാലന്‍, ഡോ.ലാലി എന്നിവരാണ്   സമിതിഅംഗങ്ങള്‍. 

അന്വേഷണം നടക്കുന്ന പശ്ചാത്തലത്തിലാണ് പ്രിന്‍സിപ്പല്‍ സ്ഥാനത്തുനിന്ന് മാറിനില്‍ക്കാന്‍ സാഹുവിനോട് സിന്‍ഡിക്കേറ്റ് ആവശ്യപ്പെട്ടത്. ഈ നിര്‍ദേശം അദ്ദേഹം സ്വീകരിച്ചതായും വി.സി പറഞ്ഞു.

''ആവശ്യമായ വിവരങ്ങള്‍ ശേഖരിച്ച് വെള്ളിയാഴ്ചക്കകം അന്വേഷണ റിപ്പോര്‍ട്ട് നല്‍കാനാണ് സമിതിയോട് ആവശ്യപ്പെട്ടത്. അപകടത്തിലേക്കും മരണത്തിലേക്കും നയിച്ച കാരണങ്ങളെക്കുറിച്ചും ഭാവിയില്‍ സമാനമായ ദുരന്തങ്ങള്‍ ഉണ്ടാവാതിരിക്കാനുള്ള നിര്‍ദേശങ്ങളും റിപ്പോര്‍ട്ടിലുണ്ടാവും. അപകടത്തില്‍ പരിക്കേറ്റ എല്ലാവരുടെയും ചികിത്സാചെലവ് യൂണിവേഴ്‌സിറ്റി വഹിക്കും''- വി.സി. അറിയിച്ചു. ക്യാമ്പസില്‍ സേഫ്റ്റി ഓഡിറ്റ് നടത്താനും തീരുമാനിച്ചതായും ദുരന്തനിവാരണ അതോറിറ്റിയുടെ നിര്‍ദേശപ്രകാരം സര്‍ക്കാര്‍ പുറപ്പെടുവിച്ച മാനദണ്ഡങ്ങളനുസരിച്ച് മാത്രമേ പരിപാടികള്‍ നടത്താന്‍ അനുവദിക്കൂവെന്നും അദ്ദേഹം വ്യക്തമാക്കി.  

അതേസമയം, കുസാറ്റിലെ പരിപാടിയില്‍ പോലീസ് സാന്നിധ്യം ആവശ്യപ്പെട്ട് റജിസ്ട്രാറിന് കത്തുനല്‍കിയ ഡോ.ദീപക് കുമാര്‍സാഹുവിനെതിരെയാണ് നടപടി എന്നതാണ് ശ്രദ്ധേയം. സാഹു എഴുതിയ കത്ത് മാതൃഭൂമി ന്യൂസാണ് പുറത്തുവിട്ടത്. പ്രിന്‍സിപ്പല്‍ നല്‍കിയ കത്ത് പോലീസിന് കൈമാറിയിരുന്നോ എന്നത് ഇപ്പോഴും വ്യക്തമല്ല. കത്തിനെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തില്‍നിന്ന് വി.സി. ഡോ.പി.ജി.ശങ്കരന്‍ ഒഴിഞ്ഞുമാറുകയുംചെയ്തു. എല്ലാം അന്വേഷണത്തിന്റെ പരിധിയില്‍വരുമെന്നാണ് അദ്ദേഹം പ്രതികരിച്ചത്. 

Content Highlights: Cusat disaster: Action against principal, three-member committee to probe