കുറിപ്പടിയിൽ മരുന്നെഴുതിച്ചേർത്ത് കോടികൾ വെട്ടിച്ചു; DYFI നേതാവിനെ സ്ഥലംമാറ്റി, നീതി ഫാർമസിക്കെതിരെ അന്വേഷണം

#കെ.രാജേഷ് കുമാർ
പ്രതീകാത്മക ചിത്രം | Photo: AI Generated
പ്രതീകാത്മക ചിത്രം | Photo: AI Generated

കണ്ണൂർ: സർക്കാർ മെഡിക്കൽ കോളേജിൽനിന്ന് നൽകുന്ന കുറിപ്പടിയിൽ മരുന്നുകൾ എഴുതിച്ചേർത്ത് കോടിക്കണക്കിന് രൂപ വെട്ടിച്ചു. പരിയാരം കണ്ണൂർ ഗവ. മെഡിക്കൽ കോളേജ്‌ കോമ്പൗണ്ടിനകത്ത് പ്രവർത്തിക്കുന്ന നീതി ഫാർമസിയിലാണ് തട്ടിപ്പ് നടന്നതായി കണ്ടെത്തിയത്. മെഡിക്കൽ കോളേജിലെ ഗവ. ഫാർമസിയിലും ആസ്പത്രിവികസന സൊസൈറ്റി (എച്ച്.ഡി.എസ്.) നടത്തുന്ന ഫാർമസിയിലും കാരുണ്യ ഫാർമസിയിലുമില്ലാത്ത മരുന്നുകളാണ് നീതിയിൽനിന്ന് കടമായി വാങ്ങിയിരുന്നത്. നഴ്‌സുമാർ നൽകുന്ന കുറിപ്പിൽ അവിടെനിന്ന് മരുന്നുകൾ അധികമായി എഴുതിച്ചേർത്ത് അധികബിൽ ഈടാക്കുകയായിരുന്നുവെന്നാണ് കണ്ടെത്തിയത്.

പരാതി ഉയർന്നതോടെ ആറുദിവസത്തെ ബില്ലുകൾ ആഭ്യന്തര അന്വേഷണ സമിതി പരിശോധിച്ചു. ആകെ ക്ലെയിംചെയ്ത തുകയായ 4,19,142 രൂപയിൽ 52,053 രൂപ കൃത്രിമം കാണിച്ചതായി തെളിഞ്ഞു. കടന്നപ്പള്ളി-പാണപ്പുഴ സർവീസ് സഹകരണ ബാങ്കാണ് നീതി ഫാർമസി നടത്തുന്നത്. തട്ടിപ്പ് പുറത്തുവന്നതോടെ ഫാർമസി ചുമതലയിലുണ്ടായിരുന്നയാളെ ബാങ്ക് സ്ഥലംമാറ്റി. ഡി.വൈ.എഫ്.ഐ. ബ്ലോക്ക് സെക്രട്ടറിയാണ് ആരോപണവിധേയൻ.

2020 മുതൽ 2025 വരെ മരുന്ന് വാങ്ങിയ വകയിൽ 1.85 കോടി രൂപ നീതി മെഡിക്കൽ ഷാപ്പിന് നൽകാനുണ്ടെന്നാണ് കണക്ക്. എൻ.ജി.ഒ. അസോസിയേഷൻ പ്രിൻസിപ്പലിന് കത്ത് നൽകിയതോടെയാണ് തട്ടിപ്പ് പുറത്തുവന്നത്. തട്ടിപ്പ് സംബന്ധിച്ച് ആഭ്യന്തരസമിതി അന്വേഷിച്ച് കളക്ടർക്ക് റിപ്പോർട്ട് നൽകാൻ കഴിഞ്ഞദിവസം നടന്ന ആസ്പത്രിവികസന സമിതി (എച്ച്.ഡി.എസ്.) എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം തീരുമാനിച്ചു. ആഭ്യന്തര അന്വേഷണത്തിനുശേഷം കുറ്റക്കാരെ നിയമത്തിനുമുന്നിൽ കൊണ്ടുവരുന്നതിന് പുറത്തുനിന്നുള്ള ഏജൻസിക്ക് അന്വേഷണം കൈമാറുമെന്നാണറിയുന്നത്.

Content Highlights: An internal inquiry uncovered a multi-crore billing fraud at Neethi Pharmacy inside Kannur Government Medical College after extra medicines were added to prescriptions, prompting the transfer of a DYFI leader in charge.