മണ്ണും പുല്ലും വാരിത്തിന്നു,മൊട്ടയടിച്ചു; അനങ്ങാതെ സര്‍ക്കാര്‍ : സി.പി.ഒ ലിസ്റ്റ് ഇന്ന് അവസാനിക്കും

സി.പി.ഒ റാങ്ക്‌ഹോള്‍ഡേഴ്‌സ് നടത്തിയ സമരത്തില്‍ നിന്ന് | Photo: Mathrubhumi
സി.പി.ഒ റാങ്ക്‌ഹോള്‍ഡേഴ്‌സ് നടത്തിയ സമരത്തില്‍ നിന്ന് | Photo: Mathrubhumi

തിരുവനന്തപുരം: ഭരണസിരാകേന്ദ്രത്തിനു മുന്നില്‍ ചോരയില്‍ മുക്കി കൊടി നാട്ടി, മണ്ണും പുല്ലും വാരിത്തിന്നു, മൊട്ടയടിച്ചു, കുരിശു ചുമന്നു, ചെരിപ്പ് ചുമന്നു, പൊള്ളുന്ന ചൂടില്‍ ചെരിപ്പില്ലാതെ നടന്നു. ജോലിതേടി സിവില്‍ പോലീസ് ഓഫീസര്‍മാരുടെ (സി.പി.ഒ.) റാങ്ക് പട്ടികയില്‍ ഉദ്യോഗാര്‍ഥികള്‍ നടത്തിയ 60 ദിവസത്തെ സമരമുറകള്‍ക്കു ഫലമില്ലാതായി. 9946 പേരുടെ കാത്തിരിപ്പിനു വിരാമമിട്ട് വെള്ളിയാഴ്ച പട്ടികയുടെ കാലാവധി അവസാനിക്കും.

ജോലി കാത്തിരുന്നവരുടെ പ്രതീക്ഷ അസ്തമിച്ചു. സമരം തുടരണോ നിര്‍ത്തണോയെന്നറിയാതെ വിഷമിക്കുകയാണ് ഇവര്‍. 13,975 പേരുടെ പട്ടിക പി.എസ്.സി. പ്രസിദ്ധീകരിച്ചത് കഴിഞ്ഞ ഏപ്രിലിലാണ്. 3100 പേര്‍ക്ക് നിയമനം ലഭിച്ചു.

ഒഴിവില്ലെന്ന പല്ലവിയാണ് ഇപ്പോഴും അധികൃതര്‍ നല്‍കുന്ന വിശദീകരണം. റാങ്ക് പട്ടികയില്‍ ഉള്‍പ്പെട്ടവരില്‍ പലര്‍ക്കും പ്രായം കടന്നുപോയതിനാല്‍ ഇനി എഴുതാനാകില്ലെന്ന് ഓള്‍ കേരള സിവില്‍ പോലീസ് ഓഫീസേഴ്സ് റാങ്ക് ഹോള്‍ഡര്‍ അസോസിയേഷന്‍ ഭാരവാഹികളായ പ്രസീല്‍ദാസ്, രാജേഷ്, അനന്തു, ആര്‍.എസ്.ഹരികൃഷ്ണന്‍ തുടങ്ങിയവര്‍ പറയുന്നു. സമരത്തിന്റെ ഭാഗമായി വ്യാഴാഴ്ച സെക്രട്ടേറിയറ്റിന്റെ നോര്‍ത്ത് ഗേറ്റ് ഉപരോധിച്ചു.

Content Highlights: cpo rank holders strike in thiruvananthapuram