ദിവ്യക്കെതിരേ പാർട്ടി നടപടി ഉടനുണ്ടാകില്ല; വിഷയം ചർച്ചചെയ്യാതെ ജില്ലാ സെക്രട്ടേറിയേറ്റ് യോഗം

#ഫെലിക്‌സ് | മാതൃഭൂമി ന്യൂസ്
പി.പി.ദിവ്യ | Photo: Mathrubhumi
പി.പി.ദിവ്യ | Photo: Mathrubhumi

കണ്ണൂര്‍: എ.ഡി.എം. നവീന്‍ ബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ആരോപണവിധേയയായ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പി.പി. ദിവ്യക്കെതിരേ സി.പി.എം. ഉടന്‍ അച്ചടക്ക നടപടി സ്വീകരിച്ചേക്കില്ല. ബുധനാഴ്ച ചേര്‍ന്ന സി.പി.എം. കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയേറ്റ് യോഗത്തില്‍ ദിവ്യക്കെതിരായ നടപടി ചര്‍ച്ച ചെയ്തില്ല. നവംബർ മുതല്‍ തുടങ്ങുന്ന പാര്‍ട്ടി ഏരിയ സമ്മേളനങ്ങളാണ് യോ​ഗത്തിൽ ചര്‍ച്ചയായത്. 

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തുനിന്ന് ദിവ്യയെ നീക്കിയത് ഒരു പാര്‍ട്ടി നടപടിയായി കാണാമെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍. അതിനപ്പുറത്തേക്ക്  പാര്‍ട്ടി അച്ചടക്ക നടപടിയിലേക്ക് ഉടന്‍ പോകേണ്ടതില്ലെന്നാണ് സി.പി.എം. നിലപാട്. അതിനാല്‍തന്നെ ഇന്ന് ചേര്‍ന്ന സെക്രട്ടേറിയേറ്റ് യോഗം വിഷയം ചര്‍ച്ച ചെയ്തില്ല. 

നവീന്‍ ബാബുവിന്റെ മരണത്തിന് പിന്നാലെ സി.പി.എം. കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയേറ്റ് പ്രസ്താവന ഇറക്കിയിരുന്നു. ദിവ്യ നടത്തിയത് അഴിമതിക്കെതിരേയുള്ള സദുദ്ദേശപരമായ പരാമര്‍ശമായിരുന്നെന്നും എന്നാല്‍ അത് നടത്തിയ വേദി ശരിയായില്ലെന്നുമുള്ള വിമര്‍ശനം മാത്രമായിരുന്നു പ്രസ്താവനയിലുണ്ടായിരുന്നത്. 

മാധ്യമങ്ങള്‍ നവീന്‍ ബാബുവിന്റെ കുടുംബത്തിനോ അവരുടെ ദുഃഖത്തിനോ ഒപ്പമല്ലെന്നും കമ്യൂണിസ്റ്റ് വിരുദ്ധത മാത്രമാണുള്ളതെന്നുമായിരുന്നു ക്രട്ടേറിയേറ്റ് യോഗത്തിനെത്തിയ പി. ജയരാജന്റെ പ്രതികരണം. ദിവ്യ നിയമത്തിന് മുന്നില്‍ കീഴടങ്ങി. നിയമപരമായാണ് മുന്നോട്ടു പോകുന്നത്. ഈ ഘട്ടത്തില്‍ പാര്‍ട്ടി നടപടികളിലേക്ക് കടക്കേണ്ടതില്ലെന്നാണ് സി.പി.എം. നിലപാട്.

Content Highlights: cpm will note take action against pp divya