'കണ്ണേട്ടനൊക്കെ കോടാനുകോടി സ്വത്താണ്'; ശബ്ദരേഖയിൽ DYFI നേതാവിന് പാർട്ടിയുടെ നോട്ടീസ്, വിശദീകരണം വേണം

തൃശ്ശൂര്‍: സിപിഎമ്മിലെ ശബ്ദരേഖ വിവാദത്തില്‍ ഡിവൈഎഫ്‌ഐ തൃശ്ശൂര്‍ ജില്ലാ സെക്രട്ടറി ശരത്പ്രസാദിന് പാര്‍ട്ടി ഇന്ന് നോട്ടീസ് നല്‍കും. ശബ്ദരേഖയിലെ ആരോപണത്തില്‍ മൂന്നുദിവസത്തിനകം വിശദീകരണം നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് പാര്‍ട്ടി ശനിയാഴ്ച അദ്ദേഹത്തിന് നോട്ടീസ് നല്‍കുക. വിശദീകരണം ലഭിച്ചശേഷം വിഷയത്തില്‍ തുടര്‍നടപടികള്‍ തീരുമാനിക്കും.
സിപിഎമ്മില്‍ ആര്‍ക്കാ കാശില്ലാത്തത്..
'സിപിഎമ്മില്‍ ആര്‍ക്കാ കാശില്ലാത്തത്. ഒരു ഘട്ടം കഴിഞ്ഞാല്‍ എല്ലാവരും കാശുകാരാകും. ജില്ലാ നേതൃത്വത്തിലുള്ള ആര്‍ക്കും സാമ്പത്തികപ്രശ്‌നമുണ്ടാകില്ല. ഞാന്‍ എസ്എഫ്‌ഐ ജില്ലാ സെക്രട്ടറിയായിരിക്കുമ്പോള്‍ പിരിവ് നടത്തിയാല്‍ മാക്‌സിമം കിട്ടുന്നത് അയ്യായിരം രൂപ. അതേസമയത്ത് പാര്‍ട്ടി ജില്ലാ കമ്മിറ്റിയംഗമാകുമ്പോള്‍ 25,000. പാര്‍ട്ടി ഭാരവാഹിയാകുന്‌പോള്‍ 75,000 മുതല്‍ ഒരുലക്ഷം വരെ കിട്ടും. ഇടപെടുന്ന ആളുകളുടെ സാമ്പത്തികനിലവാരം മാറിയാല്‍ നേതാക്കള്‍ ആ നിലവാരത്തിനൊത്താണ് പിന്നെ ജീവിക്കുന്നത്' -സിപിഎം തൃശ്ശൂര്‍ ജില്ലാ നേതൃത്വത്തെ കുരുക്കിലാക്കിയാണ് ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി ശരത്പ്രസാദിന്റെ ശബ്ദരേഖ കഴിഞ്ഞദിവസം പുറത്തുവന്നത്.
സിപിഎം മുന്‍ സംസ്ഥാനസമിതി അംഗവും കേരള ബാങ്ക് വൈസ് ചെയര്‍മാനുമായ എം.കെ. കണ്ണന്‍, മുന്‍മന്ത്രി എ.സി. മൊയ്തീന്‍ എംഎല്‍എ എന്നിവരടക്കമുള്ള നേതാക്കള്‍ക്കെതിരേ ശരത്പ്രസാദ് നടത്തുന്ന സംഭാഷണമാണ് പുറത്തുവന്നിട്ടുള്ളത്. അവരവരുടെ കാര്യംനോക്കാന്‍ നേതാക്കള്‍ മിടുക്കന്മാരാണെന്ന് പറയുന്ന ഡിവൈഎഫ്‌ഐ നേതാവ് കോര്‍പറേഷന്‍ വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ വര്‍ഗീസ് കണ്ടംകുളത്തി, കൗണ്‍സിലര്‍ അനൂപ് ഡേവിസ് കാട തുടങ്ങിയവരൊക്കെ നിസ്സാരക്കാരാണോ എന്നും ചോദിക്കുന്നുണ്ട്.
'കണ്ണേട്ടനൊക്കെ കോടാനുകോടി സ്വത്താണ്. പൊളിറ്റിക്‌സ് കാരണം രക്ഷപ്പെട്ടതാ. കപ്പലണ്ടിക്കച്ചവടമായിരുന്നു തൃശ്ശൂരൊക്കെ. ആ ആളാ ഇന്ന് കോടിക്കണക്കിന് രൂപയുടെ സ്വത്തുണ്ടാക്കിയത്. അങ്ങനത്തെ ഡീലര്‍മാരുമായാണ് ഇവര്‍ക്കൊക്കെ ബന്ധം' -കേരള ബാങ്ക് വൈസ് ചെയര്‍മാന്‍കൂടിയായ എം.കെ. കണ്ണനെക്കുറിച്ച് പറയുന്നത് ഇങ്ങനെയാണ്. 'എ.സി. മൊയ്തീനൊക്കെ ജില്ലയിലെ അപ്പര്‍ ക്ലാസ് ആളുകള്‍ക്കിടയില്‍ ഇടപെടുന്ന ആളാണ്' എന്നും പറയുന്നുണ്ട്.
പുതുക്കാട് എംഎല്‍എ കെ.കെ. രാമചന്ദ്രനെക്കുറിച്ച് ചോദിക്കുമ്പോള്‍ വലിയ സാമ്പത്തിക സ്ഥിതിയിലാണെല്ലാവരും എന്നാണ് മറുപടി. മറ്റൊരാളോടുള്ള സൗഹൃദസംഭാഷണത്തിന്റെ ഒരുഭാഗം മാത്രമാണ് പുറത്തുവന്നിരിക്കുന്നത്.
ശരത് പ്രസാദ് സുഹൃത്തും സിപിഎം നേതാവുമായിരുന്ന നിബിന്‍ ശ്രീനിവാസനോട് നടത്തിയ സംഭാഷണമാണിത്. കരുവന്നൂര്‍ അഴിമതി പുറത്തുവന്ന സന്ദര്‍ഭത്തിലായിരുന്നു സംഭാഷണം. കേസില്‍ പ്രതിക്കൂട്ടിലായ നേതാക്കളില്‍ പലര്‍ക്കുമെതിരേയാണ് ആരോപണമെന്നതും ശ്രദ്ധേയമാണ്. എ.സി. മൊയ്തീന്‍, എം.കെ. കണ്ണന്‍, അനൂപ് ഡേവിസ് കാട എന്നിവരുടെ സാമ്പത്തിക ഇടപാടുകള്‍ എന്‍ഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷിച്ചതുമാണ്.
ശബ്ദരേഖ പുറത്തുവന്നതിങ്ങനെ
സിപിഎം നടത്തറ ഈസ്റ്റ് ലോക്കല്‍ കമ്മിറ്റിയംഗമായ നിബിനെ രണ്ടുദിവസംമുന്‍പ് പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയിരുന്നു. കഴിഞ്ഞദിവസം രാജിവെച്ച് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്ന നടത്തറ ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയും പഞ്ചായത്തംഗവുമായ ടി.എസ്. ബിജുവിനെയും ഇതോടൊപ്പം പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയിരുന്നു. ഇതിനുപിന്നാലെ പ്രദേശത്തെ പാര്‍ട്ടി നിയന്ത്രണത്തിലുള്ള സഹകരണസംഘങ്ങള്‍ക്കെതിരേ അഴിമതിയാരോപണവുമായി ഇരുവരും മുന്നോട്ടുവന്നിരുന്നു.
അതേസമയം, തന്റെ ശബ്ദസന്ദേശം എന്ന പേരില്‍ പ്രചരിക്കുന്നതിന്റെ ആധികാരികത ദുരൂഹമാണെന്ന ആരോപണവുമായി ശരത്പ്രസാദ് രംഗത്തെത്തി. വസ്തുതാവിരുദ്ധവും കള്ളവുമായ കാര്യങ്ങളാണ് ജില്ലയിലെ പാര്‍ട്ടി നേതൃത്വത്തെക്കുറിച്ച് ആ ശബ്ദസന്ദേശം മുഖാന്തരം പ്രചരിപ്പിക്കുന്നത്. പാര്‍ട്ടി നേതാക്കളെക്കുറിച്ചോ പാര്‍ട്ടിയെക്കുറിച്ചോ എനിക്ക് അത്തരത്തില്‍ യാതൊരു അഭിപ്രായവുമില്ല, സാമൂഹികമാധ്യമത്തില്‍ ശരത് കുറിച്ചു.
ശരത്പ്രസാദിന്റെ വാദം നിബിന്‍ ശ്രീനിവാസ് തള്ളി. ഇപ്പോഴത്തെ മലക്കംമറിച്ചില്‍ സമ്മര്‍ദംമൂലമാണെന്നും ശബ്ദരേഖ പുറത്തുവിട്ട നിബിന്‍ പറഞ്ഞു. ശബ്ദരേഖയുടെ കാലപ്പഴക്കം അഞ്ചുവര്‍ഷം എന്നത് ശരിയല്ല. ഒന്നരവര്‍ഷം മുന്‍പുള്ളതാണ് ശബ്ദരേഖ. പാര്‍ട്ടി സഖാക്കളുടെ വേദിയില്‍ പലയിടത്തും ശരത് ഇത്തരം ആരോപണങ്ങള്‍ ഉന്നയിച്ചിട്ടുണ്ടെന്നും നിബിന്‍ പറയുന്നു.
Content Highlights: DYFI Thrissur Secy Sarath Prasad faces party notice over leaked audio