തിരഞ്ഞെടുപ്പിലെ തിരിച്ചടി മറികടക്കാൻ സിപിഎം; തിരുത്തൽ നടപടികൾ സ്വീകരിക്കും, ഞായറാഴ്ച LDF യോഗം

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ ജയിലിലായ എ. പത്മകുമാറിനെതിരെ നടപടി സ്വീകരിക്കാൻ വൈകിയതിനെ എതിരാളികൾ തിരഞ്ഞെടുപ്പിൽ പ്രചാരണായുധമാക്കിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിൽ വിലയിരുത്തൽ. പത്മകുമാറിനെതിരെ സംഘടനാപരമായി നടപടി സ്വീകരിച്ചിരുന്നുവെങ്കിലും, അത് തെരഞ്ഞെടുപ്പിൽ തിരിച്ചടിയായി. പത്മകുമാറിനെതിരെ നടപടി ഉണ്ടായില്ലെന്ന എതിരാളികളുടെ പ്രചാരണം ഫലപ്രദമായി ചെറുക്കാൻ കഴിഞ്ഞില്ലെന്നും സംസ്ഥാന സെക്രട്ടറിയേറ്റ് വിലയിരുത്തി.
തദ്ദേശ സ്ഥാപനങ്ങളിലെ ഭരണസമിതികൾക്ക് വീഴ്ച സംഭവിച്ചതായും യോഗത്തിൽ വിലയിരുത്തി. തിരുവനന്തപുരം കോർപറേഷൻ ഉൾപ്പെടെ ഉണ്ടായ വൻ തോൽവികളുടെ പശ്ചാത്തലത്തിലാണ് ഈ വിലയിരുത്തൽ. പ്രാദേശിക പ്രശ്നങ്ങൾ കൃത്യമായി മനസ്സിലാക്കുന്നതിൽ നേതൃത്വത്തിന് വീഴ്ച ഉണ്ടായതായും സംസ്ഥാന സെക്രട്ടറിയേറ്റിൽ അഭിപ്രായമുയർന്നു.
തദ്ദേശ തിരഞ്ഞെടുപ്പിൽ നേരിട്ട തിരിച്ചടി മറികടക്കാൻ വേഗത്തിൽ നടപടി സ്വീകരിക്കാനും സംസ്ഥാന സെക്രട്ടറിയേറ്റിൽ തീരുമാനമായി. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തതോടെ തിരുത്തൽ നടപടികൾ വേഗത്തിൽ ആരംഭിക്കും. പ്രവർത്തകരെയും ജനങ്ങളെയും പാർട്ടിയോട് കൂടുതൽ അടുപ്പിക്കാൻ പ്രത്യേക പദ്ധതികൾ ആവിഷ്കരിക്കാനും തീരുമാനിച്ചു.
തിരുത്തൽ നടപടികൾ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിൽ അവതരിപ്പിച്ചു. കേന്ദ്ര സർക്കാരിനെതിരായ പ്രക്ഷോഭ പരിപാടികളും പ്രധാന നേതാക്കൾ പങ്കെടുക്കുന്ന പൊതുസമ്മേളനങ്ങളും സംഘടിപ്പിക്കാനും തീരുമാനമായി. കേന്ദ്ര സർക്കാരിനെതിരായ പ്രതിഷേധ പരിപാടികൾ ചർച്ച ചെയ്യാൻ നാളെ ഉച്ചയ്ക്ക് എൽഡിഎഫ് യോഗം ചേരും.