യു.ഡി.എഫ്. പകപോക്കുന്നു; പോലീസുകാരുടെ സസ്‌പെൻഷനെതിരേ സി.പി.എം.

#ന്യൂസ് ഡെസ്ക്
മർദനത്തിന്റെ ദൃശ്യത്തിൽ നിന്ന് | Photo: Screengrab / Mathrubhumi News
മർദനത്തിന്റെ ദൃശ്യത്തിൽ നിന്ന് | Photo: Screengrab / Mathrubhumi News

തിരുവനന്തപുരം: നവകേരള യാത്രയ്ക്കിടെ പ്രതിഷേധിച്ച കെ.എസ്.യു. യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച സംഭവത്തിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൺമാൻ ഉൾപ്പെടെ അഞ്ചുപോലീസുകാരെ സസ്‌പെൻഡ് ചെയ്തതിനെതിരേ സി.പി.എം. സെക്രട്ടേറിയറ്റ്.

മുഖ്യമന്ത്രിയുൾപ്പെടെയുള്ള മന്ത്രിമാർ സഞ്ചരിച്ച വാഹനം ആക്രമിക്കാൻ ശ്രമിച്ചവരെ പിന്തിരിപ്പിക്കുന്ന ഉത്തരവാദിത്വം നിർവഹിച്ച പോലീസുദ്യോഗസ്ഥർക്കെതിരായ നടപടി പകപോക്കലാണെന്ന് സി.പി.എം. സെക്രട്ടേറിയറ്റ് കുറ്റപ്പെടുത്തി. യു.ഡി.എഫ്. സർക്കാർ തുടക്കമിട്ട പ്രതികാര നടപടികൾ അടിയന്തരമായി അവസാനിപ്പിക്കണമെന്ന് സി.പി.എം. ആവശ്യപ്പെട്ടു.

മുഖ്യമന്ത്രിക്ക് ഇസെഡ് കാറ്റഗറിയിലുള്ള സുരക്ഷ നിശ്ചയിക്കുന്നത് സംസ്ഥാന സർക്കാരല്ല. സർക്കാർ അധികാരത്തിൽ വന്നപ്പോൾ പൈലറ്റും എസ്‌കോർട്ടുംമാത്രം മതിയെന്ന് തീരുമാനമെടുത്തതാണ്. പിന്നീട്, ഐ.ബി.യുടെ നിർദേശത്തിലാണ് ഇസെഡ് കാറ്റഗറിയുള്ള സുരക്ഷ ഏർപ്പെടുത്തിയത്.

പോലീസിനെ രാഷ്ട്രീയ താത്‌പര്യത്തോടെ ഉപയോഗിക്കുന്നെന്നതിന്റെ ഉദാഹരണമാണ് കഴിഞ്ഞദിവസം എസ്.എഫ്.ഐ.ക്കാർക്കെതിരേ നടന്ന ആക്രമണം. ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ നടപ്പാക്കാനാവാതെ പോകുന്ന സാഹചര്യത്തിൽ അതിൽനിന്നും ശ്രദ്ധ തിരിക്കുന്നതിനുവേണ്ടിയാണ് സർക്കാർ ഇത്തരം നടപടികൾ ചെയ്യുന്നതെന്നും സി.പി.എം. കുറ്റപ്പെടുത്തി.

Content Highlights: CPM Secretariat labels police suspension as political vendetta by UDF, Defense of officers who managed security during the Navakerala Yatra, Clarification on Z-category security protocols initiated by IB, Allegations of UDF using police for political gain against SFI