തലസ്ഥാനത്തും രക്തസാക്ഷി ഫണ്ട് വിവാദം; പിരിവ് നടത്തിയത് 17-കാരൻ കൊല്ലപ്പെട്ട് 29 വർഷത്തിനുശേഷം

#സി. ശ്രീകാന്ത്‌
പ്രതീകാത്മകചിത്രം | ചിത്രം: സുധീർമോഹൻ, മാതൃഭൂമി
പ്രതീകാത്മകചിത്രം | ചിത്രം: സുധീർമോഹൻ, മാതൃഭൂമി

തിരുവനന്തപുരം: പയ്യന്നൂരിലെ ധൻരാജ് രക്തസാക്ഷിഫണ്ട് തട്ടിപ്പ് സി.പി.എമ്മിനെ കുഴക്കുന്നതിനിടെ തിരുവനന്തപുരത്തും രക്തസാക്ഷിഫണ്ട് വിവാദം. 29 വർഷംമുൻപ്‌ കൊല്ലപ്പെട്ട ചെമ്പഴന്തി എസ്.എൻ. കോളേജിലെ എസ്.എഫ്.ഐ. നേതാവ് എ. അജയിന്റെ സ്മാരകമന്ദിര ഫണ്ടിന്റെ പേരിലാണ് പാർട്ടിയിൽ അമർഷം പുകയുന്നത്. അജയ് കൊലചെയ്യപ്പെട്ട് മൂന്ന് പതിറ്റാണ്ട് കഴിഞ്ഞ് സ്മാരകം നിർമ്മിക്കാൻ മുന്നിട്ടിറങ്ങിയതിനുപിന്നിൽ വൻ പണപ്പിരിവും തട്ടിപ്പുമാണെന്നാണ് ആരോപണം.

1997 സെപ്തംബർ മൂന്നിനാണ് കോളേജിലേക്ക് പോകവെ അജയ്‌യെ ഒരു സംഘം ബസിൽനിന്ന്‌ പിടിച്ചിറക്കി വെട്ടിക്കൊന്നത്. 28 വർഷത്തിനിപ്പുറം 2025 സെപ്തംബർ മൂന്നിനാണ് സ്മാരകമന്ദിരം ഉദ്ഘാടനം ചെയ്തത്. സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനാണ് ഉദ്ഘാടനം നിർവഹിച്ചത്. ഇതുകഴിഞ്ഞ് ഒരു വർഷം തികയുമ്പോഴും എത്ര രൂപ പിരിഞ്ഞുവെന്നോ എത്ര ചെലവാക്കിയെന്നോ കണക്ക് പുറത്തുവിടുന്നില്ലെന്നാണ് പാർട്ടിക്കുള്ളിലെ ആരോപണം. ചെമ്പഴന്തിയിലാണ് ഒന്നേമുക്കാൽ സെന്റ് സ്ഥലവും പഴയ ഇരുനിലക്കെട്ടിടവും വാങ്ങി സ്മാരകമാക്കിയത്. നഗരത്തിലെ ഒരു നിർമാണക്കമ്പനിയാണ് കെട്ടിടം നവീകരിച്ചുനൽകിയത്.

സ്മാരകനിർമാണത്തിന് രണ്ട് കമ്മിറ്റികളുണ്ടാക്കി. ഒന്ന് മന്ദിരനിർമാണത്തിനും രണ്ടാമത്തേത് സ്മരണിക പുറത്തിറക്കാനും. രണ്ടിന്റെയും ചെയർമാൻ മുതിർന്ന നേതാവ് കടകംപള്ളി സുന്ദ്രേനായിരുന്നു.

എസ്.പി. ദീപക് എഡിറ്ററായ സ്മരണിക കമ്മിറ്റിയും പണം പിരിച്ചു. ബെവറജസ് കോർപ്പറേഷനും കെ.എസ്.എഫ്.ഇ.യും ഉൾപ്പെടെയുള്ള സ്ഥാപനങ്ങളും സ്വകാര്യസംരംഭകരും സ്മരണികയ്ക്ക് വലിയ തുക നൽകി. പാർട്ടി അംഗങ്ങളും എസ്.എഫ്.ഐ., ഡി.വൈ.എഫ്.ഐ. സംഘടനകളും പണം പിരിച്ചുനൽകി. എസ്.എഫ്.ഐ. 20 രൂപ കൂപ്പൺ വെച്ച് വിദ്യാർഥികളിൽനിന്ന്‌ പിരിച്ചെങ്കിലും കണക്കിൽ വ്യക്തതയില്ല.

പിരിച്ച തുകയുടേതോ ചെലവായ പണത്തിന്റെയോ കണക്ക് സ്മാരകനിർമാണ കമ്മിറ്റിയെയോ പാർട്ടിഘടകങ്ങളെയോ ബോധ്യപ്പെടുത്തിയിട്ടില്ലെന്നാണ് ആരോപണം. പാർട്ടിഘടകങ്ങൾക്ക് നൽകിയ രസീത് ബുക്കിന്റെ കൗണ്ടർഫോയിൽ നഷ്ടപ്പെട്ടതായാണ് വിവരം. അണിയൂർ, കീരിക്കുഴി, പേരൂർ ഉൾപ്പെടെയുള്ള ബ്രാഞ്ചുകൾ രസീതുപോലും മടക്കിനൽകിയില്ല. വരവുചെലവ് കണക്ക് ചോദിച്ച പാർട്ടി അംഗങ്ങളോട് നേതാക്കൾ ക്ഷുഭിതരായതായാണ് വിവരം.

അജയ് രക്തസാക്ഷിദിനം ഇന്ന്; ഒരാൾപോലും ശിക്ഷിക്കപ്പെട്ടില്ല

പ്രീഡിഗ്രി രണ്ടാം വർഷ വിദ്യാർഥിയായിരുന്ന 17-കാരൻ അജയ്‌യെ സഹപാഠികളുടെ മുന്നിലിട്ട് വെട്ടിയും കുത്തിയും കൊലപ്പെടുത്തിയിട്ട് വ്യാഴാഴ്ച 29 വർഷം.

ആർ.എസ്.എസുകാരാണ് കൊലയ്ക്ക് പിന്നിലെന്നായിരുന്നു എസ്.എഫ്.ഐ.യുടെയും സി.പി.എമ്മിന്റെയും ആരോപണം. അന്ന് എൽ.ഡി.എഫ്. ഭരണമായിരുന്നിട്ടും പ്രതികൾക്ക് രക്ഷപ്പെടാൻ പഴുതൊരുക്കിക്കൊടുത്തുവെന്നും ആക്ഷേപമുയർന്നിരുന്നു. പിടിയിലായവരെ തെളിവില്ലെന്ന കാരണത്താൽ കോടതി വെറുതേ വിട്ടു. അജയ്‌യുടെ അച്ഛനും മാനസികവെല്ലുവിളി നേരിടുന്ന സഹോദരിയും മാത്രമാണ് ഇപ്പോഴുള്ളത്. അച്ഛൻ അപ്പുക്കുട്ടൻ കിടപ്പിലാണ്. ഈ കുടുംബത്തെ പാർട്ടി നേതാക്കൾ തിരിഞ്ഞുനോക്കാറില്ലെന്നും ആക്ഷേപമുണ്ട്.

പണിതത് എൽ.സി. ഓഫീസ്; കണക്കുകൾ കൃത്യമെന്ന് കടകംപള്ളി

സി.പി.എം. ചെമ്പഴന്തി ലോക്കൽ കമ്മിറ്റി മന്ദിരത്തിനായാണ് പണം പിരിച്ചതെന്നും അതിനായി 29 ലക്ഷം രൂപയാണ് ചെലവാക്കിയതെന്നും കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. മന്ദിരത്തിന് അജയ്‌യുടെ പേരിടുക മാത്രമായിരുന്നു.

പാർട്ടിയുടെ 16 ലക്ഷം രൂപയും പരസ്യവരുമാനത്തിൽ രണ്ടരലക്ഷം രൂപയും ലഭിച്ചു. കൂടാതെ അന്നത്തെ എസ്.എഫ്.ഐ. നേതൃത്വവും പണം തന്നു. പാർട്ടി ചെമ്പഴന്തി ലോക്കൽ കമ്മിറ്റി രൂപവത്കരിച്ചതിന്റെ ഭാഗമായാണ് പുതിയ കെട്ടിടം വാങ്ങിയതെന്നും അദ്ദേഹം പറഞ്ഞു.

Content Highlights: Controversy surrounds the fund collection for the memorial of SFI leader A. Ajay, who was killed 29 years ago., Allegations of financial irregularities and lack of proper accounting for the funds collected through various committees., Kadakampally Surendran stated the money was used for the local committee office, and accounts are accurate., The victim's family allegedly remains neglected by party leaders.