‘കൊണ്ടുവന്ന കോളജ് പൂട്ടിക്കാനും പാർട്ടിക്കറിയാം’; ഇടുക്കി നഴ്സിങ് കോളേജ് വിദ്യാർഥികളെ ഭീഷണിപ്പെടുത്തി സിപിഎം ജില്ലാ സെക്രട്ടറി

തൊടുപുഴ: ഇടുക്കി ഗവ. നഴ്സിങ് കോളജിൽ അടിസ്ഥാന സൗകര്യങ്ങൾ ആവശ്യപ്പെട്ട് സമരം നടത്തിയ വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും നേരെ സിപിഎം ജില്ലാ സെക്രട്ടറി സി.വി. വർഗീസിന്റെ ഭീഷണി. പാർട്ടി കൊണ്ടുവന്ന കോളജ് പൂട്ടിക്കാൻ പാർട്ടിക്കറിയാമെന്ന് അദ്ദേഹം ഭീഷണിപ്പെടുത്തിയതായാണ് ആരോപണം.
ഒക്ടോബർ 18നാണ് സിപിഎം ജില്ലാ സെക്രട്ടറി സിവി വർഗീസിന്റെ ഓഫീസിൽ വിഷയം സംബന്ധിച്ച് യോഗം ചേർന്നത്. വഞ്ചിക്കവലയിലുള്ള ഹോളിഫാമിലി ഹോസ്പിറ്റൽ കെട്ടിടത്തിൽ പെൺകുട്ടികൾക്ക് താമസസൗകര്യമൊരുക്കിയിട്ടുണ്ടെന്ന് ജില്ലാ സെക്രട്ടറി അറിയിച്ചു. സർക്കാർ ഹോസ്റ്റലുകളിൽ നൽകുന്ന ഫീസേ നൽകാൻ സാധിക്കുകയുള്ളൂവെന്നും ഭഷണകാര്യത്തിൽ നിരവധി പ്രശ്നങ്ങൾ അഭീമുഖീകരിക്കുന്ന സാഹചര്യത്തിൽ മെസ് പിടിഎ ഏറ്റെടുത്തുനടത്തണമെന്നും കുട്ടികൾ ആവശ്യപ്പെട്ടു. കുട്ടികളോട് കടുത്ത ഭാഷയിൽ മറുപടി പറഞ്ഞ സിവി വർഗീസ് ഞങ്ങളുടെ സർക്കാരിന് ഇടുക്കിയിൽ ഒരു നഴ്സിങ് കോളേജ് കൊണ്ടുവരാമെങ്കിൽ, പറയുന്നത് അനുസരിക്കാൻ കുട്ടികൾ തയ്യാറായില്ലെങ്കിൽ നഴ്സിങ് കോളേജ് തന്നെ ജില്ലയിൽ നിന്ന് തുടച്ചെറിയുമെന്ന് ഭീഷണിപ്പെടുത്തിയതായി പിടിഎ എക്സിക്യൂട്ടീവ് അംഗം വെളിപ്പെടുത്തി.
പൈനാവിലെ ഹോസ്റ്റൽ കുട്ടികൾക്ക് വിട്ടുനൽകണമെന്ന് ജനുവരി മാസം ഉത്തരവിട്ടതാണ്. അവിടെ കുറച്ച് ഡോക്ടർമാരാണ് ഇപ്പോൾ താമസിക്കുന്നതെന്ന് കുട്ടികൾ അറയിച്ചപ്പോൾ പിടിഎക്കാർ പറയുന്നത് കേട്ട് വിദ്യാർഥികൾ തുള്ളാൻ നിന്നാൽ അവരുടെ രണ്ടുവർഷം പോയിക്കിട്ടുമെന്നും നഷ്ടം വിദ്യാർഥികൾക്ക് മാത്രമാണെന്നും എന്തു സമരം ചെയ്താലും ഒരു നടപടിയും ഉണ്ടാകില്ലെന്നും സെക്രട്ടറി കടുപ്പിച്ചു പറഞ്ഞു.
മന്ത്രി റോഷി അഗസ്റ്റിൻ വാഗ്ദാനം ചെയ്തിരുന്ന പൈനാവിലുള്ള ഹോസ്റ്റൽ ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ചാണ് വിദ്യാർഥികൾ കഴിഞ്ഞ മാസം 16-ന് സമരം നടത്തിയത്. പിന്നീട് മന്ത്രി ഉൾപ്പെടെയുള്ളവരുടെ ചർച്ചയെ തുടർന്ന് സമരം അവസാനിപ്പിച്ചു. നിലവിൽ വിദ്യാർഥിനികൾ ഒരു സ്വകാര്യ സംവിധാനത്തിലാണ് താമസിക്കുന്നത്. ഇവിടെ സർക്കാർ ഫീസല്ല നൽകുന്നത്, മറിച്ച് കുട്ടികൾ കൂടുതൽ പണം നൽകിയാണ് താമസിക്കുന്നത്.
സമരത്തെ തുടർന്ന് 18-ന് കലക്ടറുടെ ഓഫിസിൽ ഒരു യോഗം വിളിച്ചിരുന്നു. പിന്നീട് ഈ യോഗം മാറ്റിവെച്ചു. പിന്നാലെയാണ് സിപിഎം ജില്ലാ സെക്രട്ടറി സി.വി. വർഗീസിന്റെ ചെറുതോണിയിലെ ഓഫിസിൽ യോഗം ചേർന്നത്. സർക്കാരുമായി ബന്ധപ്പെട്ട വിഷയത്തിൽ സിപിഎം ജില്ലാ സെക്രട്ടറി എന്തിന് യോഗം വിളിച്ചുവെന്ന കാര്യത്തിൽ അധികൃതർ വ്യക്തമായ മറുപടി നൽകാൻ തയ്യാറായിട്ടില്ല.
നഴ്സിങ് കോളേജ് പ്രിൻസിപ്പാൾ, രണ്ട് അധ്യാപകർ, പിടിഎയുടെ രണ്ട് പ്രതിനിധികൾ, പിടിഎ പ്രസിഡൻ്റ്, കുട്ടികളുടെ അഞ്ച് പ്രതിനിധികൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു. ഒരു ഗവൺമെൻ്റ് നഴ്സിങ് കോളേജിലെ കാര്യങ്ങൾ തീരുമാനിക്കേണ്ടത് സി.പി.എം. ജില്ലാ സെക്രട്ടറി അല്ല. സി.വി. വർഗീസിന് ഇത്തരത്തിൽ ഒരു യോഗം വിളിച്ചു ചേർക്കാൻ എന്ത് അധികാരമാണുള്ളത് എന്ന ചോദ്യവും ഉയരുന്നുണ്ട്. പ്രിൻസിപ്പാൾ അടക്കമുള്ളവരാണ് രക്ഷിതാക്കളെയും കുട്ടികളെയും പാർട്ടി ഓഫീസിലെ യോഗത്തിലേക്ക് കൊണ്ടുപോയത് എന്നുള്ളത് ഗൗരവകരമായ കാര്യമാണ്.
ഇടുക്കി നഴ്സിങ് കോളജ് പൂട്ടിക്കാൻ സിപിഎം നേതാവും പ്രിൻസിപ്പലും ഗൂഢാലോചന നടത്തുകയാണെന്ന് ഇടുക്കി എംപി അഡ്വ. ഡീൻ കുര്യാക്കോസ് വിമർശിച്ചു. വകുപ്പ് മന്ത്രി അടിയന്തരമായി ഇടപെടണമെന്നും പ്രിൻസിപ്പലിനെ റിമൂവ് ചെയ്തുകൊണ്ട് സ്ഥാപനത്തിന്റെ ആവശ്യങ്ങൾ പരിഹരിച്ചു കൊടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നഴ്സിങ് കോളേജ് സി.വി. വർഗീസിൻ്റെ പിതൃസ്വത്തല്ലെന്നും, അദ്ദേഹം മാപ്പ് പറയണമെന്നും കെ.എസ്.യുവും ആവശ്യപ്പെട്ടു.
Content Highlights: CPM District Secretary allegedly threatened Idukki Nursing College students and parents protesting for facilities, warning to shut down the college. MP Dean Kuriakose criticizes.