'പോലീസിന്റേയും അവരുടെ മക്കളുടേയും ജനനേന്ദ്രിയം അടിച്ചുടയ്ക്കാൻ ആളുകളുണ്ട്'; ഭീഷണി പ്രസംഗവുമായി സിപിഎം നേതാവ്

അടൂർ: വിവാദ പ്രസംഗവുമായി അടൂരിലെ സിപിഎം നേതാവ്. പോലീസിന്റേയും അവരുടെ മക്കളുടേയും ജനനേന്ദ്രിയം അടിച്ചുടയ്ക്കാൻ തന്റേടമുള്ള പ്രവർത്തകർ തങ്ങൾക്കൊപ്പമുണ്ടെന്നാണ് സിപിഎം നേതാവും പികെഎസ് (പട്ടികജാതി ക്ഷേമ സമിതി) ട്രഷററുമായ എ.ആർ. അജീഷ് കുമാർ പ്രസംഗിച്ചത്. പോലീസ് മർദ്ദനത്തിൽ യുവാവിന്റെ ജനനേന്ദ്രിയം തകർന്ന സംഭവത്തിൽ പികെഎസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അടൂർ ഡിവൈഎസ്പി ഓഫീസിലേക്ക് നടത്തിയ മാർച്ചിലാണ് വിവാദ പ്രസംഗം നടത്തിയത്.
'അകാരണമായ പോലീസ് മർദ്ദനം അനുവദിക്കില്ല. അതു കൊണ്ട് ഒന്നു പറഞ്ഞേക്കാം പോലീസ് ഇത്തരത്തിലുള്ള പണികൾ നിർത്തണം.' -അജീഷ് പറഞ്ഞു. സിപിഎം സംസ്ഥാന കമ്മിറ്റിയംഗം കെ.പി. ഉദയഭാനുവും രൂക്ഷവിമർശനമാണ് പോലീസിനെതിരെ ഉന്നയിച്ചത്. പോലീസിന് ജനനേന്ദ്രിയത്തിനോട് എന്താണിത്ര താൽപര്യം. അവരുടെ വീട്ടിലില്ലേ, അവർ അത് പിടിച്ചു നോക്കണമെന്നുമാണ് കെ.പി. ഉദയഭാനു പറഞ്ഞത്.
മേയ് 29-നാണ് പോക്‌സോ കേസിൽ പ്രതിയായ സഹോദരനെ അന്വേഷിച്ചെത്തിയ യുവാവിനെ പോലീസ് സംഘം കാറിൽ കയറ്റിക്കൊണ്ടുപോയി മണിക്കൂറുകളോളം മർദിച്ചത്.
Content Highlights: CPM leader and PKS Treasurer AR Ajeesh Kumar delivered a controversial speech threatening police officers and their families during a protest march in Adoor over an alleged police brutality incident.