ഗോവിന്ദനും ജോയിക്കും ആകാം, മറ്റുള്ളർക്ക് പറ്റില്ല; ഇരട്ടനീതിയെന്ന് കൊല്ലം ജില്ലാസമ്മേളനത്തിൽ വിമർശനം

എം.വി.ഗോവിന്ദന്‍, വി.ജോയ് |ഫോട്ടോ:മാതൃഭൂമി
എം.വി.ഗോവിന്ദന്‍, വി.ജോയ് |ഫോട്ടോ:മാതൃഭൂമി

കൊല്ലം: സി.പി.എം. ജില്ലാസമ്മേളന പൊതുചര്‍ച്ചയില്‍ സംസ്ഥാനസെക്രട്ടറി എം.വി. ഗോവിന്ദന്‍ അടക്കമുള്ള നേതാക്കള്‍ക്കുനേരേ വിമര്‍ശനം. എം.എല്‍.എ.യായിരിക്കെ എം.വി. ഗോവിന്ദന്‍ സംസ്ഥാനസെക്രട്ടറിയായി. എം.എല്‍.എ. ആയിരിക്കുമ്പോഴാണ് വി. ജോയി തിരുവനന്തപുരം ജില്ലാസെക്രട്ടറിയായത്. എന്നാല്‍, താഴേത്തട്ടില്‍ പഞ്ചായത്ത് പ്രസിഡന്റോ സഹകരണബാങ്ക് പ്രസിഡന്റോ ആയി പ്രവര്‍ത്തിക്കുന്ന സഖാക്കള്‍ക്ക് ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയാകാന്‍ കഴിയില്ല. ഇത് ഇരട്ടനീതിയാണെന്ന് പുനലൂരില്‍നിന്നുള്ള പ്രതിനിധി പറഞ്ഞു.

ജനങ്ങളോട് നന്നായി പെരുമാറണമെന്ന് പ്രവര്‍ത്തകര്‍ക്ക് സാരോപദേശം നല്‍കുന്ന സംസ്ഥാനസെക്രട്ടറി മൈക്ക് ഓപ്പറേറ്ററോട് എങ്ങനെയാണ് പെരുമാറിയതെന്ന് എല്ലാവരും കണ്ടതാണെന്ന് ഒരു പ്രതിനിധി പറഞ്ഞു. ഇ.പി. ജയരാജന്‍ പിന്തുടരുന്നത് കമ്യൂണിസ്റ്റ് രീതിയല്ല. ലോക്സഭാതിരഞ്ഞെടുപ്പുദിവസം പ്രകാശ് ജാവഡേക്കറെ കണ്ടത് വലിയ തിരിച്ചടിയായി. ആ സന്ദര്‍ശനത്തില്‍ ഒരുകുഴപ്പവും കാണാത്തവര്‍ക്ക് ഏരിയാസെക്രട്ടറി ബി.ജെ.പി.യില്‍ പോകുന്നതിനെ എങ്ങനെ വിമര്‍ശിക്കാനാകും -പ്രതിനിധികള്‍ ചോദിച്ചു.

എ.കെ. ബാലന്റെ പരാമര്‍ശങ്ങള്‍ പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ തിരിച്ചടിയായി. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് കൈവശമിരിക്കെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ എം. മുകേഷിനെ സ്ഥാനാര്‍ഥിയാക്കിയത് വലിയ പാളിച്ചയായെന്നും പാര്‍ട്ടിക്ക് നാണക്കേടായെന്നും പ്രതിനിധികള്‍ പറഞ്ഞു. സീതാറാം യെച്ചൂരി മരിച്ചപ്പോള്‍ പകരം അഖിലേന്ത്യാ സെക്രട്ടറിയെ നിയോഗിക്കാതിരുന്നത് നാണക്കേടാണെന്ന് കടയ്ക്കലില്‍നിന്നുള്ള പ്രതിനിധി പറഞ്ഞു. ഇന്ത്യമുന്നണിയുമായി ബന്ധപ്പെട്ട് അടുത്തകാലത്തുണ്ടായ തീരുമാനങ്ങളും അടവുനയങ്ങളും തെറ്റിയെന്നും വിമര്‍ശനമുണ്ടായി.

ദേശീയതലത്തില്‍ സമരങ്ങള്‍ ആസൂത്രണംചെയ്യുന്നതിലും ഏറ്റെടുക്കുന്നതിലും പാര്‍ട്ടി പരാജയപ്പെട്ടു. രണ്ടാം പിണറായിസര്‍ക്കാര്‍ കയര്‍, കശുവണ്ടി മേഖലയെ പാടേ തഴഞ്ഞതായി പരവൂരില്‍നിന്നുള്ള പ്രതിനിധി പറഞ്ഞു. എം.എ. ബേബിയുടെ ഉദ്ഘാടനപ്രസംഗം സമഗ്രവും ആധികാരികവുമായിരുന്നില്ലെന്ന വിമര്‍ശനവുമുണ്ടായി.

Content Highlights: cpm kollam district meet-double justice in cpm-mv govindan-v joy