ന്യൂനപക്ഷങ്ങളെ തിരികെപ്പിടിക്കാൻ 36 ഇന കർമപദ്ധതിയുമായി CPM, നേതൃത്വത്തിലേക്ക് പുതിയ മുഖങ്ങൾ

കണ്ണൂർ: പാർട്ടിയിൽനിന്ന് അകന്നുപോയ ന്യൂനപക്ഷവിഭാഗങ്ങളെ തിരിച്ചുകൊണ്ടുവരാൻ പദ്ധതിയുമായി സി.പി.എം. ഇതുൾപ്പെടെ ലക്ഷ്യംവെച്ചുള്ള 36 ഇന ഭാവിപ്രവർത്തനപരിപാടികൾക്ക് വിശാല ജില്ലാ കമ്മിറ്റിയോഗം രൂപംനൽകി. 2004 മുതലുള്ള തിരഞ്ഞെടുപ്പുകളിൽ പാർട്ടിയോടൊപ്പമുണ്ടായിരുന്ന മുസ്ലിംന്യൂനപക്ഷവിഭാഗം കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലാണ് പാർട്ടിയിൽനിന്ന് അകന്നുപോയതെന്നാണ് സി.പി.എമ്മിന്റെ വിലയിരുത്തൽ. വർഗീയപ്രചാരണമുൾപ്പെടെ നടത്തി ന്യൂനപക്ഷങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ മുസ്ലിം ലീഗ് മുൻകൈയെടുത്തതായി സി.പി.എം. ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ് പത്രസമ്മേളനത്തിൽ ആരോപിച്ചു. ജമാഅത്തെ ഇസ്ലാമിയുടെ ആശയാടിത്തറയുടെ മുകളിലാണ് ലീഗ് ഇടപെട്ടുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വാട്സാപ്പ് ഗ്രൂപ്പുകൾ വഴിയും മറ്റുരീതിയിലുമുള്ള പ്രചാരണങ്ങൾ പലതും പരിശോധിച്ചാൽ വർഗീയപ്രചാരണങ്ങൾ ഉണ്ടായിരുന്നു എന്നുള്ളത് യാഥാർഥ്യമാണ്. ഇടതുപക്ഷത്തിനൊപ്പം അണിചേർന്നവരെ തെറ്റിദ്ധരിപ്പിച്ച് അകറ്റാനുള്ള നീക്കമാണ് കുറച്ചുകാലമായി നടത്തിക്കൊണ്ടിരിക്കുന്നത്. ഇത് കണക്കിലെടുത്ത് ന്യൂനപക്ഷവിഭാഗങ്ങളുടെ വിശ്വാസം കൂടുതലായി വീണ്ടെടുക്കാനുള്ള ഇടപെടൽ പാർട്ടി നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ന്യൂനപക്ഷമെന്നു പറയുന്നത് ക്രൈസ്തവന്യൂനപക്ഷ വിഭാഗങ്ങളും ഉൾക്കൊള്ളുന്നതാണെന്നും രാഗേഷ് പറഞ്ഞു. വിശ്വാസങ്ങളുടെ ഭാഗമായിട്ടുള്ള ആഘോഷങ്ങൾ, ജനങ്ങൾ ഒത്തുചേരുന്ന ഇടങ്ങൾ എന്നിവിടങ്ങളിലെല്ലാം പാർട്ടിയുടെ സാന്നിധ്യമുണ്ടാവും.
സി.പി.എം. വിശ്വാസികൾക്കെതിരാണെന്ന പ്രചാരണം വർഗീയശക്തികൾ നടത്തുന്നുണ്ട്. വിശ്വാസത്തെയല്ല വർഗീയതയെയാണ് എതിർക്കുന്നത്. ക്ഷേത്രങ്ങളിൽ ഇടപെട്ട് വർഗീയനിലപാടുകൾ വിശ്വാസികളിൽ അടിച്ചേൽപ്പിക്കുന്നതിനുള്ള ആസൂത്രിതമായ പദ്ധതിയാണ് ആർ.എസ്.എസ്. നടപ്പാക്കുന്നത്. അതിനെ പ്രതിരോധിക്കാൻ ഫലപ്രദമായി ഇടപെടും. നഗര, തീരദേശ, മലയോര മേഖലകളിലും പട്ടികജാതി-വർഗവിഭാഗങ്ങൾക്കിടയിലും ഫലപ്രദമായി ഇടപെടും. പാർട്ടി അംഗങ്ങളെ കുറേക്കൂടി രാഷ്ട്രീയവത്കരിക്കുന്ന പ്രവർത്തനപദ്ധതി തയ്യാറാക്കി ബഹുജനങ്ങളുമായുള്ള ബന്ധം ശക്തിപ്പെടുത്തും.
പ്രശ്നങ്ങളിൽ ക്ഷമാപൂർവമായ ഇടപെടൽ
ജില്ലയിലെ ശക്തികേന്ദ്രങ്ങളിൽ ചിലയിടങ്ങളിൽ പ്രതീക്ഷിച്ച വോട്ട് ലഭിക്കാത്ത സ്ഥിതിയുണ്ടായിട്ടുണ്ടെന്ന് രാഗേഷ് പറഞ്ഞു. പയ്യന്നൂരിലെ കാര്യങ്ങൾ കേന്ദ്ര, സംസ്ഥാന, ജില്ലാ കമ്മിറ്റികൾ ചർച്ച ചെയ്ത് വിലയിരുത്തിയതാണ്. തളിപ്പറമ്പിനെ സംബന്ധിച്ചും നേരത്തേതന്നെ നിലപാട് സ്വീകരിച്ചു. ഇവിടങ്ങളിലെല്ലാം അകന്നുപോയ ജനവിഭാഗങ്ങളെ പാർട്ടിയോടൊപ്പം ചേർത്തുനിർത്തുന്നതിനുള്ള ക്ഷമാപൂർവമായ പ്രവർത്തനം നടത്തും. സമയബന്ധിതമായി ഏറ്റവും സൂക്ഷ്മമായ പ്രശ്നമടക്കം പരിശോധിക്കും. കാരണം കണ്ടുപിടിച്ച് അതിൽ ഇടപെടും.
ദിവ്യയുടെ കാര്യം പിന്നെ ചർച്ചചെയ്യേണ്ടത്
പി.പി. ദിവ്യ പാർട്ടിയുടെ ഭാഗമാണെന്നും അവരുടെ കാര്യം അടഞ്ഞ അധ്യായമല്ലെന്നും രാഗേഷ് പറഞ്ഞു. ദിവ്യയുമായി ബന്ധപ്പെട്ട കേസ് നടക്കുകയാണ്. അതിനുശേഷം ചർച്ചചെയ്യേണ്ടതാണ് അവരെ തിരിച്ചുകൊണ്ടുവരുന്ന കാര്യമെന്നും ഇതുസംബന്ധിച്ച ചോദ്യത്തിന് രാഗേഷ് മറുപടി നൽകി.
നേതാക്കളുടെ വീഴ്ചയിൽ അനുഭവിക്കുന്നത് പാർട്ടി
രണ്ടുദിവസത്തെ സി.പി.എം. വിശാല ജില്ലാ കമ്മിറ്റി യോഗത്തിൽ സംസ്ഥാന-ജില്ലാ നേതൃത്വത്തിനെതിരേ പ്രതിനിധികളുടെ രൂക്ഷവിമർശം. നേതാക്കളുടെ വീഴ്ചയിൽ ഇന്ന് അനുഭവിക്കുന്നത് പാർട്ടിയാണെന്ന് പ്രതിനിധികളിൽ ചിലർ തുറന്നടിച്ചു. സ്ഥാനാർഥിനിർണയത്തിലും വോട്ടുചോർച്ചയിലുമാണ് കൂടുതൽ വിമർശവും ചർച്ചയും നടന്നത്.
ജില്ലാ സെക്രട്ടേറിയറ്റ് മുതൽ മണ്ഡലം കമ്മിറ്റിവരെ തളിപ്പറമ്പിലെ സ്ഥാനാർഥിനിർണയത്തിൽ എതിർപ്പ് തുറന്നുപറഞ്ഞിട്ടും പി.കെ. ശ്യാമള സ്ഥാനാർഥിയാകണമെന്ന് നേതൃത്വം ശഠിച്ചു. ഇക്കാര്യത്തെക്കുറിച്ച് സംസ്ഥാന സെക്രട്ടറി മറുപടിപറയണമെന്ന് മയ്യിൽ ഏരിയാ കമ്മിറ്റി പ്രതിനിധികൾ ആവശ്യപ്പെട്ടു. വിമർശകർ എന്താണോ ഉന്നയിച്ചത് അത് തന്നെയല്ലേ സംഭവിച്ചത്. എം.വി. ഗോവിന്ദനുശേഷം ഭാര്യ സ്ഥാനാർഥിയാകണമെന്ന് സെക്രട്ടറിക്ക് നിർബന്ധമുണ്ടായിരുന്നു. അതിനനുസരിച്ചാണ് കാര്യങ്ങൾ നീക്കിയത്.
പാർട്ടിയെ അടിതെറ്റിച്ച രണ്ട് പരാജയങ്ങളാണ് പയ്യന്നൂരിലേതും തളിപ്പറമ്പിലേതും. പയ്യന്നൂരിൽ സ്ഥാനാർഥിനിർണയ പാളിച്ചയെക്കാൾ വിഭാഗീയതയാണ് തോൽവിക്ക് കാരണം. കമ്മിറ്റികളിലെ എതിർപ്പ് നോക്കിനിന്നിട്ട് ഇപ്പോ നിലവിളിച്ചിട്ട് കാര്യമെന്തെന്ന് പ്രതിനിധികൾ ചോദിച്ചു. സംസ്ഥാന-ജില്ലാ നേതാക്കൾക്ക് ഇക്കാര്യത്തിൽ വീഴ്ചസംഭവിച്ചു. പയ്യന്നൂരിൽ പാർട്ടിക്കകത്ത് ‘വലിയ ചികിത്സ’ അനിവാര്യമാണ്. പാർട്ടിക്കൊപ്പംനിന്നവർ പാർട്ടിയെ വഞ്ചിച്ചു. ധനരാജ് രക്തസാക്ഷി ഫണ്ട്, ഓഫീസ് നിർമാണ ഫണ്ട്, തിരഞ്ഞെടുപ്പ് പരാജയം എന്നിവയെക്കുറിച്ച് അന്വേഷിച്ച കമ്മിഷൻ റിപ്പോർട്ട് വൈകുന്നതിലും പ്രതിനിധികൾ വിമർശം ഉന്നയിച്ചു.
പയ്യന്നൂരിൽ സംഘടനാതലത്തിൽ അഴിച്ചുപണി അനിവാര്യമാണെന്നും ഒന്നിച്ചുനിന്നവർ സംഘടനാവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയതായും പ്രതിനിധികൾ ചൂണ്ടിക്കാട്ടി. തിരഞ്ഞെടുപ്പിന് ആറുമാസം മാത്രമാണുള്ളതെന്ന് അറിഞ്ഞിട്ടും പി.എം. ശ്രീയിൽ ഒപ്പുവെച്ചതിലും വലിയ മണ്ടത്തരം എന്താണെന്ന ചോദ്യവും ഉയർന്നു. സി.പി.എം.-ബി.ജെ.പി. ഡീൽ എന്ന നട്ടാൽ കുരുക്കാത്ത നുണയ്ക്ക് പി.എം. ശ്രീ ഒപ്പിട്ടതിലൂടെ സാധുതലഭിച്ചു. സി.പി.ഐ. വരെ ഞങ്ങളെ വിമർശിക്കാൻ എത്തിയില്ലേയെന്നും പിണറായിയോട് പ്രതിനിധികൾ ചോദിച്ചു.
തളിപ്പറമ്പിൽ സ്ഥാനാർഥി നിർണയത്തിൽ പിഴവുണ്ടായി; ഉത്തരവാദിത്വം സംസ്ഥാന കമ്മിറ്റിക്കും
തളിപ്പറമ്പിലെ സ്ഥാനാർഥിനിർണയത്തിൽ പാളിച്ചയുണ്ടായതായി സി.പി.എം. വിശാല ജില്ലാ കമ്മിറ്റി. സ്ഥാനാർഥിനിർണയത്തിൽ സംസ്ഥാന കമ്മിറ്റിക്കും ഉത്തരവാദിത്വമുണ്ടെന്ന് പിണറായി വിജയൻ പറഞ്ഞു. രണ്ടുദിവസമായി നടന്ന പൊതുചർച്ചയ്ക്ക് സംസ്ഥാന റിപ്പോർട്ടിനുള്ള മറുപടി നൽകുകയായിരുന്നു പിണറായി.
പി.എം. ശ്രീയിൽ ഒപ്പിടാൻ സർക്കാർ നിർബന്ധിതമായതാണ്. പിന്നീട് തിരുത്തി. പയ്യന്നൂരിൽ വിഭാഗീയപ്രവർത്തനങ്ങൾ നടന്നതായി ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷും പറഞ്ഞു. ജില്ലാ റിപ്പോർട്ടിൽ മറുപടി പറയുകയായിരുന്നു അദ്ദേഹം. പയ്യന്നൂരിൽ കമ്മിഷൻ റിപ്പോർട്ട് വൈകുന്നത് പ്രശ്നം സൂക്ഷ്മമായി പഠിക്കാനാണ്. സഖാക്കളെ കണ്ട് റിപ്പോർട്ട് തയ്യാറാക്കും. താമസിയാതെ റിപ്പോർട്ട് പുറത്തുവരും. കെ.കെ. ശൈലജയെ മട്ടന്നൂരിൽ മത്സരിപ്പിച്ചത് കെ.പി.സി.സി. പ്രസിഡന്റിനെതിരേ ശക്തമായ സ്ഥാനാർഥിയെന്ന നിലയ്ക്കാണ്. തളിപ്പറമ്പും പയ്യന്നൂരും രണ്ടായി കാണണം. തളിപ്പറമ്പിൽ സ്ഥാനാർഥിനിർണയം പാളിയെന്ന് രാഗേഷ് റിപ്പോർട്ടിന്റെ മറുപടിയിൽ പറഞ്ഞു.
പയ്യന്നൂരിൽ പരിശോധനയ്ക്കുശേഷം നടപടി -കെ.കെ. രാഗേഷ്
നിയമസഭാ തിരഞ്ഞെടുപ്പിൽ പയ്യന്നൂർ മണ്ഡലത്തിലുണ്ടായ പരാജയത്തെക്കുറിച്ച് വിശദമായ പരിശോധന നടക്കുകയാണെന്നും പെട്ടെന്ന് പൂർത്തിയാക്കിയശേഷം അതിന്റെ അടിസ്ഥാനത്തിൽ സംഘടനാപരമായ നടപടികളുണ്ടാകുമെന്നും സി.പി.എം. കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ്. തളിപ്പറമ്പിൽ വിവിധ ഘടകങ്ങൾ പരിശോധിക്കേണ്ടതുണ്ട്. എസ്.ഐ.ആറിൽ കൂടുതൽ വോട്ടുചേർത്ത മണ്ഡലങ്ങളിലൊന്നാണ് തളിപ്പറമ്പ്. ഇവിടെ തുടർച്ചയായി രണ്ട് ലോക്സഭാ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ്. പിന്നിലായിരുന്നു. മണ്ഡലത്തിന്റെ ഘടനയിൽ വന്ന മാറ്റംകൂടി കണക്കിലെടുക്കേണ്ടതായിരുന്നു. കണ്ണൂർ ജില്ലയിൽ സ്വാധീനകേന്ദ്രങ്ങളിൽ ചിലയിടങ്ങളിൽ വോട്ടുചോർന്നിട്ടുണ്ട്. പാർട്ടിയിൽ നിന്നകന്നുപോയവരെ തിരിച്ചുകൊണ്ടുവരാൻ ക്ഷമാപൂർവമായ പരിശോധനയുണ്ടാകും. സ്ഥാനാർഥിനിർണയത്തിൽ വീഴ്ചയുണ്ടായത് പലതവണ പറഞ്ഞതാണ്. സി.പി.എം. വിശാല ജില്ലാ കമ്മിറ്റിയോഗ തീരുമാനങ്ങൾ മാധ്യമങ്ങളോട് വിശദീകരിക്കുകയായിരുന്നു അദ്ദേഹം.
ജനങ്ങൾ എങ്ങനെ ചിന്തിക്കുന്നു എന്നു മനസ്സിലാക്കാൻ കഴിയാത്തതാണ് പരാജയപ്പെടാനുള്ള ഘടകമെന്നും അദ്ദേഹം പറഞ്ഞു. എല്ലാ തലങ്ങളിലും അത്തരം കാര്യങ്ങൾ മനസ്സിലാക്കുന്നതിൽ കുറവുണ്ടായി. അത് ഏതെങ്കിലും വ്യക്തിയുടെ കുറവല്ല. കൂട്ടായ നേതൃത്വമാണ് തീരുമാനമെടുക്കുന്നതെന്നതിനാൽ കൂട്ടായ ഉത്തരവാദിത്വവും വ്യക്തിപരമായ ഉത്തരവാദിത്വവുമുണ്ട്. അത് വിമർശനപരമായും സ്വയംവിമർശനപരമായും ഉൾക്കൊള്ളുമെന്നും അദ്ദേഹം പറഞ്ഞു. മതന്യൂനപക്ഷവിഭാഗത്തിൽപ്പെട്ട ഒരാളെ കണ്ണൂരിൽ സ്ഥാനാർഥിയാക്കാതിരുന്നത് പിഴവാണ്. അത് കേന്ദ്രകമ്മിറ്റിയും ചൂണ്ടിക്കാണിച്ചിട്ടുണ്ട്. സ്ഥാനാർഥിനിർണയ ചർച്ചകളുടെ സമയത്ത് ന്യൂനപക്ഷവിഭാഗത്തിൽപ്പെട്ടവരുടെ പേരുകൾ ജില്ലാ കമ്മറ്റി ചർച്ചചെയ്തതാണ്. അന്തിമതീരുമാനമെടുത്തപ്പോൾ ഉൾപ്പെടുത്താനായില്ല. അത് സ്വയംവിമർശനപരമായി ജില്ലാ കമ്മിറ്റി ഉൾക്കൊണ്ടതാണ്. ന്യൂനപക്ഷവിഭാഗങ്ങളെ പാർട്ടിയിലേക്ക് തിരിച്ചുെകാണ്ടുവരാൻ ഇടപെടലുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
സക്കീർ ഹുസൈൻ ജില്ലാ സെക്രട്ടേറിയറ്റിൽ
ഇരിട്ടി ഏരിയാ സെക്രട്ടറി കെ.വി. സക്കീർ ഹുസൈനെ ജില്ലാ സെക്രട്ടേറിയറ്റംഗമായി നിയോഗിക്കാൻ വിശാല ജില്ലാ കമ്മിറ്റിയോഗം തീരുമാനിച്ചു. ടി.കെ. ഗോവിന്ദൻ പാർട്ടി വിട്ടതിനെത്തുടർന്നുണ്ടായ ഒഴിവ് നികത്താനാണ് സക്കീർ ഹുസൈനെ സെക്രട്ടേറിയറ്റിൽ ഉൾപ്പെടുത്തിയത്. ന്യൂനപക്ഷവിഭാഗങ്ങളുടെ വിശ്വാസം വീണ്ടെടുക്കാനുള്ള തീരുമാനം കൂടി സക്കീർ ഹുസൈനെ പരിഗണിക്കാനുള്ള തീരുമാനത്തിന് പിന്നിലുണ്ട്.
ശ്രീകണ്ഠപുരം ഏരിയാ സെക്രട്ടറി എം.സി. രാഘവൻ, മാടായി ഏരിയാ സെക്രട്ടറി എം. ശ്രീധരൻ എന്നിവരെ ജില്ലാ കമ്മിറ്റിയിലും ഉൾപ്പെടുത്തി. നാല് ഏരിയാ സെക്രട്ടറിമാർ ഉൾപ്പെടെ എട്ടുപേരെ ജില്ലാ കമ്മിറ്റിയിലെ ക്ഷണിതാക്കളായി തീരുമാനിച്ചു. കെ. നാരായണൻ (പാപ്പിനിശ്ശേരി), എം. സുകുമാരൻ (കൂത്തുപറമ്പ്), എം. രതീഷ് (മട്ടന്നൂർ) സി.ടി. അനീഷ് (പേരാവൂർ) എന്നിവരാണ് ക്ഷണിതാക്കളായ ഏരിയാ സെക്രട്ടറിമാർ. കെ.എസ്.ടി.എ. സംസ്ഥാന പ്രസിഡന്റ് എ.കെ. ബീന, മഹിള അസോസിയേഷൻ ജില്ലാ സെക്രട്ടറി സി. രജനി, തളിപ്പറമ്പിൽനിന്നുള്ള പി. മുകുന്ദൻ, ജില്ലാ കമ്മിറ്റി ഓഫീസ് ചുമതലയുള്ള വി. ബാബു എന്നിവരാണ് മറ്റുള്ള ക്ഷണിതാക്കൾ. അമ്പതംഗ ജില്ലാ കമ്മിറ്റിയാണ് കണ്ണൂരിൽ സി.പി.എമ്മിനുള്ളത്.