‘ഗോവിന്ദൻ തികഞ്ഞ പരാജയം, തളിപ്പറമ്പിൽ മാത്രം ഒതുങ്ങി’; തിരുവനന്തപുരത്ത് സെക്രട്ടറിയെ ഇരുത്തി വിമർശനം

തിരുവനന്തപുരം: സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ തികഞ്ഞ പരാജയമെന്ന് സി.പി.എം. ജില്ലാ നേതൃയോഗങ്ങളിൽ വിമർശനം. തിരഞ്ഞെടുപ്പിന് നേതൃത്വം കൊടുക്കുന്നതിൽ സംസ്ഥാന സെക്രട്ടറി പരാജയപ്പെട്ടു. ഭാര്യ പി.കെ. ശ്യാമള മത്സരിച്ചതോടെ ഗോവിന്ദൻ കണ്ണൂരിൽ ശ്രദ്ധ കേന്ദ്രീകരിച്ചന്നും വിമർശനമുണ്ട്.
സംസ്ഥാനത്തുടനീളം പ്രചാരണത്തിന് നേതൃത്വംനൽകേണ്ടിയിരുന്ന പാർട്ടി സെക്രട്ടറി പി.കെ. ശ്യാമള മത്സരിക്കുന്ന തളിപ്പറമ്പിൽ മാത്രമൊതുങ്ങിനിന്നു എന്നതാണ് പ്രധാനമായും ഉയരുന്ന വിമർശനം. എം.വി. ഗോവിന്ദന്റെ സാന്നിധ്യത്തിലാണ് അദ്ദേഹത്തിനെതിരേ വിമർശനമുയർന്നത്.
തിരുവനന്തപുരത്തെ സി.പി.എം. ജില്ലാ നേതൃത്വത്തിനെതിരേയും യോഗത്തിൽ വിമർശനമുയർന്നു. ജില്ലാ സെക്രട്ടറിയാകാൻ കഴിവുള്ള നേതാക്കൾ ഇല്ലെന്ന് ഗോവിന്ദൻ വിമർശിച്ചു. നേമത്തും കഴക്കൂട്ടത്തും സി.പി.എമ്മിന്റെ സംഘടനാപരമായ വീഴ്ച കാരണമാണ് പരാജയപ്പെട്ടത്. ശബരിമല സ്വർണക്കൊള്ളയടക്കമുള്ള സർക്കാരിനെതിരായ വിമർശനങ്ങൾ ഇവിടങ്ങളിലെല്ലാം തിരിച്ചടിയായി.
ആര്യ രാജേന്ദ്രനെതിരേയും വിമർശനമുയർന്നു. മുൻ മേയറെന്ന നിലയിലുള്ള പ്രവർത്തനങ്ങൾ അവമതിപ്പുണ്ടാക്കി. നേമത്ത് 1,400 വോട്ട് ലീഡ് പ്രതീക്ഷിച്ച ബൂത്തിൽ അഞ്ചു വോട്ടിന്റെ ലീഡ് മാത്രമാണ് ലഭിച്ചതെന്ന് വി. ശിവൻകുട്ടിയും വ്യക്തമാക്കി.