സിപിഎം ജനറല്‍സെക്രട്ടറിസ്ഥാനം: നേതാക്കള്‍ പലതട്ടില്‍, വൃന്ദയ്ക്ക് വഴിയൊരുക്കാന്‍ കേരള നേതൃത്വം

തിരുവനന്തപുരം: പ്രായപരിധിയും പൊളിറ്റ് ബ്യൂറോയില്‍നിന്നടക്കം നേതാക്കളുടെ കൂട്ടപ്പിരിയിലും കാരണം സി.പി.എമ്മില്‍ പുതിയ ജനറല്‍ സെക്രട്ടറി ആരാകുമെന്ന ചര്‍ച്ച പാര്‍ട്ടിക്കുള്ളില്‍ സജീവമാകുന്നു. ഇക്കാര്യത്തില്‍ വിവിധ സംസ്ഥാനഘടകങ്ങള്‍ ഓരോനിലപാടിലാണ്. കേരളനേതാക്കള്‍ ഏകാഭിപ്രായത്തിലല്ലെന്ന പ്രത്യേകതയും ഇത്തവണയുണ്ട്.
ഏപ്രില്‍ രണ്ടിന് മധുരയില്‍ നടക്കുന്ന പാര്‍ട്ടികോണ്‍ഗ്രസിന് മുന്നോടിയായി, കഴിഞ്ഞയാഴ്ചനടന്ന കേന്ദ്രകമ്മിറ്റിയോഗത്തിലെ ചര്‍ച്ചയിലും ഈ ഭിന്നാഭിപ്രായം പ്രകടമായി.
പൊളിറ്റ് ബ്യൂറോയിലും കേന്ദ്രകമ്മിറ്റിയിലും 75 വയസ്സ് പ്രായപരിധി കര്‍ശനമായി നടപ്പാക്കുന്നതില്‍ ഇളവുവേണമെന്നാണ് മലയാളികളായ ഒരുവിഭാഗം നേതാക്കള്‍ ആവശ്യപ്പെട്ടത്. ആന്ധ്രാപ്രദേശില്‍നിന്നുള്ള ആര്‍. അരുണ്‍കുമാറും ഇതിനെ പിന്തുണച്ചു.
പ്രായപരിധിയുടെപേരില്‍ ഇത്തവണ പിബിയില്‍നിന്നൊഴിയുന്ന വൃന്ദാ കാരാട്ടിന് ജനറല്‍ സെക്രട്ടറിസ്ഥാനത്തേക്ക് വഴിയൊരുക്കാനാണ് ഈ വാദമെന്നാണ് സൂചന. എം.എ. ബേബിയെ ജനറല്‍ സെക്രട്ടറിയാക്കണമെന്നാണ് പ്രകാശ് കാരാട്ടിന്റെ താത്പര്യം. ഇതിനിടെയാണ്, വൃന്ദയുടെ പേര് മനസ്സില്‍വെച്ചുള്ള കേരള നേതാക്കളുടെ ചര്‍ച്ച.
ഹിന്ദി സംസ്ഥാനങ്ങളെ പാര്‍ട്ടി അവഗണിക്കുന്നുവെന്ന അഭിപ്രായവുമുണ്ടായി. കര്‍ഷകപ്രക്ഷോഭത്തില്‍ പാര്‍ട്ടിയുടെയും കിസാന്‍സഭയുടെയും പങ്കാളിത്തവും രാജസ്ഥാനില്‍ ഒരു ലോക്സഭാസീറ്റു ലഭിച്ചതുമൊക്കെ അവര്‍ നേട്ടങ്ങളായി ഉയര്‍ത്തിക്കാട്ടുന്നു. അതനുസരിച്ചുള്ള നേതൃത്വം പാര്‍ട്ടിക്കു വേണമെന്ന് ബംഗാള്‍ ഘടകം കേന്ദ്രകമ്മിറ്റിയില്‍ ആവശ്യപ്പെട്ടു. കിസാന്‍സഭ ദേശീയ പ്രസിഡന്റ് അശോക് ധാവ്ളെയെ പരിഗണിക്കണമെന്ന നിലപാടിലാണവര്‍.
കേരളത്തില്‍ പാര്‍ട്ടി ശക്തമാണെന്നാണ് ബേബിയെ ഉയര്‍ത്തിക്കാട്ടുന്നവരുടെ വാദം. ത്രിപുര മുഖ്യമന്ത്രിയായിരുന്ന മണിക് സര്‍ക്കാരിനെ പരിഗണിക്കണമെന്നാണ് അവിടന്നുള്ള നേതാക്കളുടെ ആവശ്യം. 75 വയസ്സ് കഴിഞ്ഞെങ്കിലും മണിക് സര്‍ക്കാരിനെ ത്രിപുര സംസ്ഥാന സമ്മേളനം പാര്‍ട്ടികമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയത് ഇതിനാണ്. ആദ്യഘട്ടചര്‍ച്ചകളിലും മണികിന്റെ പേരുണ്ടായിരുന്നു.
Content Highlights: CPM General Secretary post-kerala leadership back brinda karat