സിപിഎം ഇടപെട്ടു; മർദനമേറ്റ പോലീസുകാരനെതിരായ ജാമ്യമില്ലാ വകുപ്പ് പിൻവലിക്കില്ല

തിരുവനന്തപുരം: സി.പി.എം. നിലപാട് കടുപ്പിച്ചതോടെ എസ്.എഫ്.ഐ.ക്കാരുടെ മർദനമേറ്റ സിവിൽ പോലീസ് ഓഫീസർ മിഥുൻ റോയിക്കെതിരേയുള്ള ജാമ്യമില്ലാവകുപ്പ് പിൻവലിക്കുന്നതിൽ പോലീസ് നിലപാട് മാറ്റി. വകുപ്പ് പിൻവലിച്ചാൽ കോടതിയെ സമീപിക്കുമെന്ന് സി.പി.എം. ജില്ലാ സെക്രട്ടറി വി. ജോയി പറഞ്ഞതോടെയാണ് പിൻമാറ്റം. തത്കാലം തുടർനടപടികളൊന്നും വേണ്ടെന്ന നിലപാടിലാണ് പോലീസ്.
പോലീസിനുള്ളിലുണ്ടായ ശക്തമായ പ്രതിഷേധത്തെത്തുടർന്നാണ് മിഥുനെതിരായ കേസ് പിൻവലിക്കുന്ന കാര്യം ആലോചിക്കാൻ ഉന്നതോദ്യോഗസ്ഥർ തീരുമാനിച്ചത്. മിഥുൻ റോയിക്കെതിരേ രൂക്ഷവിമർശനമാണ് സി.പി.എം. ജില്ലാ നേതൃത്വം ഉയർത്തുന്നത്.
ഗുണ്ടയെപ്പോലെയാണ് സിവിൽ പോലീസ് ഓഫീസർ പെരുമാറുന്നതെന്നും ഇത്തരക്കാർ പോലീസിൽ തുടരരുതെന്നുമാണ് പാർട്ടി ജില്ലാ നേതൃത്വം പറയുന്നത്. തിരഞ്ഞെടുപ്പിനു തൊട്ടുമുൻപ് പ്രവർത്തകരെ മർദിച്ച പോലീസ് ഉദ്യോഗസ്ഥന് അനുകൂലമായ നടപടികളുണ്ടായാൽ ഇത് പാർട്ടിക്കും ക്ഷീണമാണ്.
പേട്ടയിൽ ഡി.വൈ.എഫ്.ഐ. നേതാവിനെ വാഹനപരിശോധനയ്ക്കിടെ പിടികൂടിയതിൽനിന്നാണ് മിഥുനും സി.പി.എം. പ്രവർത്തകരുമായുള്ള വിരോധത്തിന്റെ തുടക്കം. ഇതിനെത്തുടർന്ന് പോലീസുമായുണ്ടായ തർക്കത്തിലും ജില്ലാ സെക്രട്ടറി വി. ജോയി നേരിട്ടെത്തി ഇടപെട്ടിരുന്നു. തത്കാലം വിവാദങ്ങളില്ലാതെ കൊണ്ടുപോകാനാണ് പോലീസിലെ ഉന്നതോദ്യോഗസ്ഥർക്കും താത്പര്യം.
നിയമസഭാ തിരഞ്ഞെടുപ്പ് കഴിയുന്നതുവരെ രണ്ട് കേസുകളിലും തുടർനടപടികളുണ്ടാകാൻ സാധ്യതയില്ല. എസ്.എഫ്.ഐ. പ്രവർത്തകർ നൽകിയ കേസിൽ എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്യുക മാത്രമാണുണ്ടായത്. മിഥുൻ റോയിയുടെ പരാതിയിൽ രണ്ട് എസ്.എഫ്.ഐ. പ്രവർത്തകരെ അറസ്റ്റ് ചെയ്ത് വിട്ടയച്ചിരുന്നു.
Content Highlights: CPM`s firm stance prevents withdrawal of non-bailable charges against police officer Mithun Roy, who was assaulted by SFI activists. Read more on the political intervention.