ബിനു പുളിക്കക്കണ്ടം എന്നും വിവാദനായകൻ; എൽഡിഎഫിന്റെ കെട്ടുറപ്പിനെ ഉലച്ചു, ഒടുവിൽ പുറത്ത്‌

ബിനു പുളിക്കക്കണ്ടം
ബിനു പുളിക്കക്കണ്ടം

കോട്ടയം: എൽ.ഡി.എഫിന്റെ കെട്ടുറപ്പിനെ ഉലച്ച ഒട്ടേറെ വിവാദങ്ങളുടെ നായകനായിരുന്നു സി.പി.എം. പുറത്താക്കിയ ബിനു പുളിക്കക്കണ്ടം.കേരള കോൺഗ്രസ്‌-എം മുന്നണിയിൽ ചേർന്നതിനുശേഷം ആദ്യമായി നടന്ന തദ്ദേശ തിരഞ്ഞെടുപ്പിലാണ് 2020-ൽ പാലാ നഗരസഭയിൽ ആദ്യമായി എൽ.ഡി.എഫ്. അധികാരത്തിൽ വരുന്നത്. അന്നുമുതൽ ബിനു പുളിക്കക്കണ്ടമായിരുന്നു വിവാദങ്ങളുടെ കേന്ദ്രബിന്ദു. 

2021-ലെ നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് നഗരസഭാ കൗൺസിൽ യോഗത്തിനിടെ ബിനു പുളിക്കക്കണ്ടവും കേരള കോൺഗ്രസ്‌ എമ്മിലെ ബൈജു കൊല്ലംപറമ്പിലും തമ്മിലുണ്ടായ സംഘർഷം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. തിരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്ക് ഏറെ ദോഷംചെയ്തതായി പരാമർശങ്ങളുണ്ടായി. നഗരസഭാ ചെയർമാൻ സ്ഥാനം ഒരുവർഷം സി.പിഎമ്മിന് നൽകാൻ മുന്നണിയിൽ ധാരണയുണ്ടായിരുന്നു. 

ബിനു പുളിക്കക്കണ്ടം സി.പി. എമ്മിനെ പ്രതിനിധീകരിച്ച് ചെയർമാനാകുമെന്ന് ഏറെക്കുെറ ഉറപ്പായിരുന്നു. എന്നാൽ 2023-ൽ സി.പി.എമ്മിന്റെ ഊഴമെത്തിയപ്പോൾ കേരള കോൺഗ്രസ്‌ എം തിരിച്ചടിച്ചു. ജോസ് വിഭാഗത്തിന്റെ സമ്മർദങ്ങളെ സി.പി.എമ്മിനും തള്ളിക്കളയുവാനാകുമായിരുന്നില്ല. ജോസിൻ ബിനോ സി.പി.എം. പ്രതിനിധിയായി നഗരസഭാധ്യക്ഷയായി. ഇതോടെ കേരള കോൺഗ്രസ്‌ എമ്മിനെതിേരയും ജോസ് കെ.മാണിക്കെതിരേയും പരസ്യപ്രസ്താവനകളുമായി ബിനു രംഗത്തെത്തി. 

പിന്നീട് കൗൺസിൽ യോഗത്തിൽ കറുത്ത ഷർട്ട് ധരിച്ചാണ് വന്നിരുന്നത്. ഇതിനിടെ നഗരസഭയിൽ നിരന്തരമായി വിവാദങ്ങളുണ്ടാകുന്നത് തടയാൻ ഇടതുമുന്നണിയുടെയും സി.പി.എമ്മിന്റെയും നേതൃത്വത്തിൽ ശ്രമങ്ങളുണ്ടായെങ്കിലും ഫലമുണ്ടായില്ല. ഏറ്റവുമൊടുവിൽ കേരളകോൺഗ്രസ്‌ എം അംഗമായ ജോസ് ചീരാംകുഴിയുടെ എയർപോഡ് മോഷ്ടിച്ച കേസിൽ ബിനുവിന്റെ പേരിൽ പോലീസ് കേസെടുത്തിരുന്നു. 

 എപ്പോൾ വേണമെങ്കിലും അറസ്റ്റുണ്ടാകുമെന്ന സാഹചര്യവുമുണ്ട്. ഈ കേസ് ജോസ് കെ.മാണി നടത്തിയ ഗൂഢാലോചനയാണെന്ന് ബിനു പുളിക്കക്കണ്ടം ആരോപിച്ചിരുന്നു. മുമ്പ് കോൺഗ്രസ്‌ പ്രവർത്തകനായിരുന്ന ബിനു പുളിക്കക്കണ്ടം നിരവധിതവണ പാലാ നഗരസഭാ കൗൺസിലറായിരുന്നു. കെ.മുരളീധരൻ അടക്കമുള്ള കോൺഗ്രസ്‌ നേതാക്കളുമായി അടുത്ത ബന്ധമുണ്ടായിരുന്നു. പിന്നീട് സ്വതന്ത്രനായി കൗൺസിലറായി.

കഴിഞ്ഞതവണ നഗരസഭാ കൗൺസിലറായിരിക്കുമ്പോൾ ബി.ജെ.പിയിൽ ചേർന്ന് പാലാ നിയോജകമണ്ഡലം പ്രസിഡന്റായി. 2019-ലെ ഉപതിരഞ്ഞെടുപ്പോടെ ബി.ജെ.പിയുടെ ചില നേതാക്കളുമായുള്ള എതിർപ്പിനെത്തുടർന്ന് പാർട്ടിവിട്ടു. 2020-ൽ സി.പി.എം.അംഗമായി നഗരസഭയിലേക്ക്‌ പാർട്ടിചിഹ്നത്തിൽ മത്സരിച്ചു.

Content Highlights: CPM expelled Binu Pulikkakandam is always controversial