റിപ്പോർട്ടിൽ ചോദ്യങ്ങൾക്കുള്ള ഉത്തരം മതി, നേതാക്കളെ പഴിക്കേണ്ട; കീഴ്ഘടകങ്ങൾക്ക് സി.പി.എം. നിർദേശം

തിരുവനന്തപുരം: തിരഞ്ഞെടുപ്പിലെ തോൽവിയിൽ നേതാക്കളെ പഴിച്ചുള്ള തീർപ്പിലേക്ക് പാർട്ടിഘടകങ്ങൾ എത്തേണ്ടതില്ലെന്ന് സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം. ഏരിയാ കമ്മിറ്റികൾ തയ്യാറാക്കേണ്ട റിപ്പോർട്ടിൽ എന്തൊക്കെയാണ് ഉൾപ്പെടുത്തേണ്ടത് എന്നതിനെക്കുറിച്ചുള്ള മാർഗരേഖ സംസ്ഥാനനേതൃത്വം തയ്യാറാക്കിനൽകി. ഇതിന്റെ അടിസ്ഥാനത്തിലുള്ള ചർച്ചയായിരിക്കും കീഴ്ഘടകങ്ങളിലുണ്ടാകേണ്ടതെന്നാണ് നിർദേശം.
നേതാക്കളുടെ സമീപനം, ഭാഷ, സ്വജനപക്ഷപാതം എന്നിങ്ങനെ ജില്ലാകമ്മിറ്റികളിൽ ഉയർന്ന വിമർശനങ്ങളെ അടിസ്ഥാനമാക്കിയുള്ള ഒന്നും ഏരിയാ കമ്മിറ്റി നൽകുന്ന റിപ്പോർട്ടിൽ വേണ്ട. ജില്ലാകമ്മിറ്റികളിലുയർന്ന അതിരൂക്ഷ വിമർശനത്തിന്റെ അതേ രീതി കീഴ്ഘടകങ്ങളിലുണ്ടാവാതിരിക്കാനുള്ള ജാഗ്രതയാണ് മാർഗരേഖയിലൂടെ സംസ്ഥാനനേതൃത്വം സ്വീകരിക്കുന്നത്.
ഏരിയാറിപ്പോർട്ടിൽ ഉൾപ്പെടേണ്ട വിവരങ്ങൾക്ക് 34 ചോദ്യങ്ങൾ സംസ്ഥാനനേതൃത്വം നൽകിയിട്ടുണ്ട്. ഇതിന്റെ ഉത്തരങ്ങളാകണം റിപ്പോർട്ടിന്റെ ഉള്ളടക്കം. പതിവിന് വിരുദ്ധമായി ഏരിയാകമ്മിറ്റികൾ സംസ്ഥാനസെന്ററിനാണ് റിപ്പോർട്ട് നൽകേണ്ടത്. ജില്ലാഘടകങ്ങൾക്ക് ഈ റിപ്പോർട്ട് അറിയാനാവില്ല.
സർക്കാരിന്റെ ‘രാഷ്ട്രീയ’പദ്ധതി
സർക്കാർ പദ്ധതികളുടെ ഗുണഭോക്താക്കളെ ഇടതുപക്ഷത്തിന്റെ വോട്ടുബാങ്കാക്കാനുള്ള നീക്കം സി.പി.എം. സ്വീകരിച്ചിരുന്നുവെന്ന് വ്യക്തമാക്കുന്ന വിവരങ്ങളും ഈ ചോദ്യാവലിക്കൊപ്പമുണ്ട്. ക്ഷേമപെൻഷൻ വാങ്ങുന്നവരെ ഇടതുപക്ഷത്തിന് അനുകൂലമാക്കിമാറ്റാനുള്ള യോഗങ്ങൾ എത്രസ്ഥലത്ത് വിളിച്ചിട്ടുണ്ടെന്ന് വിശദീകരിക്കണം.
കുടുംബശ്രീ രംഗത്ത് പ്രവർത്തിക്കുന്നവർ എത്രത്തോളം ഇടതുപക്ഷ പ്രവർത്തനങ്ങളിൽ ഉണ്ടായിട്ടുണ്ട്, ആശ-അങ്കണവാടി, ഹരിതകർമസേന, പാചകത്തൊഴിലാളികൾ ഉൾപ്പെടെയുള്ളവരുടെ യോഗങ്ങൾ എത്രത്തോളം വിളിച്ചുചേർത്തു, തൊഴിലുറപ്പ് തൊഴിലാളികളുടെ യോഗം വിളിച്ചോ എന്നതെല്ലാം ഏരിയാകമ്മിറ്റി പരിശോധിച്ച് റിപ്പോർട്ടിൽ ഉൾപ്പെടുത്തണമെന്നാണ് നിർദേശം.
Content Highlights: State leadership directs area committees to avoid personal criticism of leaders., Guidelines provided via 34 specific questions for standardized reporting., Reports to be submitted directly to the state center, bypassing district committees., Focus on evaluating the effectiveness of government welfare schemes in securing votes.