പ്രധാന ചർച്ച നേതൃമാറ്റം: വിശാല ജില്ലാ കമ്മിറ്റി ഇന്നുമുതൽ; വി. ജോയിയുടെ മാറ്റം ചർച്ചയാകും, പിണറായി ഉൾപ്പെടെ പങ്കെടുക്കും

തിരുവനന്തപുരം: ജില്ലാ സി.പി.എമ്മിലെ നേതൃമാറ്റമുൾപ്പെടെ ചർച്ചയാകുന്ന വിശാല ജില്ലാ കമ്മിറ്റിക്ക് ബുധനാഴ്ച തുടക്കം. എം.എൽ.എ. കൂടിയായതിനാൽ ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് വി. ജോയിയെ മാറ്റണമെന്ന ആവശ്യം സമ്മേളനത്തിൽ ഉയർന്നേക്കും. ഇരട്ട പദവികൾ അനുവദിക്കേണ്ട എന്ന വിശാല സംസ്ഥാന കമ്മിറ്റിയിലുയർന്ന ചർച്ചകളെ പിൻപറ്റിയാണ് ഒരു വിഭാഗം നേതൃമാറ്റ ആവശ്യവുമായി രംഗത്തെത്തുക.
എം.എൽ.എ. എന്ന നിലയിലുള്ള തിരക്കുകൾക്കിടയിൽ പാർട്ടി കാര്യങ്ങളിൽ ശ്രദ്ധിക്കാൻ വി. ജോയിക്ക് കഴിയുന്നില്ലെന്ന വിമർശനം കീഴ്ഘടകങ്ങളിൽനിന്നുതന്നെ മുൻപേ ഉയർന്നിരുന്നു. കോഴിക്കോട്ട് നടന്ന വിശാല സംസ്ഥാന കമ്മിറ്റിയിൽ തൃശ്ശൂരിൽനിന്നുള്ള പ്രതിനിധികൾ പോലും ഇക്കാര്യം ചൂണ്ടി നേതൃത്വത്തിനെതിരേ രംഗത്ത് വന്നിരുന്നു.
ഇരട്ടപ്പദവി മറ്റിടങ്ങളിൽ അനുവദിക്കാതിരിക്കുമ്പോൾ തിരുവനന്തപുരം ജില്ലയിൽ മാത്രം ഇളവ് എന്തിനെന്നും ചോദ്യമുയർന്നു. ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്ന് വി. ജോയി മാറുകയാണെങ്കിൽ കെ.എസ്. സുനിൽകുമാർ, ഡി.കെ. മുരളി എന്നിവരുടെ പേരുകളാണ് പുതിയ സെക്രട്ടറി സ്ഥാനത്തേക്ക് ഉയർന്നുകേൾക്കുന്നത്.
നിയമസഭാ തിരഞ്ഞെടുപ്പിലെ പരാജയം ഡി.കെ. മുരളിയുടെ സാധ്യതയ്ക്ക് മങ്ങലേൽപ്പിക്കുന്നുണ്ട്. എന്നാൽ ചെറുപ്പക്കാരൻ എന്ന പരിഗണനകൂടി ലഭിച്ചാൽ കെ.എസ്. സുനിൽ കുമാറിനാകും സാധ്യത കൂടുതൽ. അതേസമയം സംസ്ഥാന നേതൃത്വത്തിന് അഭിമതനായ വി. ജോയി തന്നെ ജില്ലാ സെക്രട്ടറിയായി തുടരുമെന്നും അഭ്യൂഹമുണ്ട്.
പാർട്ടി സമ്മേളനം ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കുമ്പോഴും വി. ജോയി എം.എൽ.എ. ആയിരുന്നു. പിന്നീട് 2024-ൽ ആറ്റിങ്ങലിൽനിന്ന് പാർലമെന്റിലേക്കും 2026-ൽ വർക്കലയിൽനിന്ന് നിയമസഭയിലേക്കും മത്സരിച്ചപ്പോഴും പാർട്ടി സെക്രട്ടേറിയറ്റ് ജോയിക്ക് ഇളവ് നൽകിയിരുന്നു. അതുകൊണ്ടുതന്നെ ജോയിക്ക് സ്ഥാനചലനമുണ്ടാകില്ല എന്നാണ് ഒരുവിഭാഗം ചൂണ്ടിക്കാട്ടുന്നത്.
ജില്ലാ സെക്രട്ടേറിയറ്റിലും ചില മാറ്റങ്ങളുണ്ടാകുമെന്ന് സൂചനയുണ്ട്. സീറ്റ് തർക്കവുമായി ബന്ധപ്പെട്ട പാർട്ടിവിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ മാറ്റിനിർത്തപ്പെട്ട മുതിർന്ന നേതാവ് വി.കെ. മധു ജില്ലാ സെക്രട്ടേറിയറ്റിലേക്ക് മടങ്ങിയെത്താനാണ് സാധ്യത. ഷിജൂഖാന്റെ പേരും ജില്ലാ സെക്രട്ടേറിയറ്റിലേക്ക് പരിഗണിക്കുന്നുണ്ട്.
എന്നാൽ ആരെങ്കിലും ഒഴിവായാൽ മാത്രമേ ഇവർക്ക് സാധ്യത തുറക്കൂ. വിശാല ജില്ലാ കമ്മിറ്റിയിലെ ചർച്ചകളുടെ അടിസ്ഥാനത്തിലാകും അന്തിമ തീരുമാനം. ബുധനാഴ്ചയും വ്യാഴാഴ്ചയുമായി കോവളത്ത് ചേരുന്ന വിശാല ജില്ലാ കമ്മിറ്റിയിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഉൾപ്പെടെയുള്ളവർ പങ്കെടുക്കുന്നുണ്ട്.
ജില്ലാ കമ്മിറ്റിയംഗങ്ങൾ, ഓരോ ഏരിയാ കമ്മിറ്റിയിൽനിന്നും സെക്രട്ടറിക്ക് പുറമേ മൂന്നുപേർ, സംസ്ഥാന കമ്മിറ്റിയംഗങ്ങൾ, വർഗ ബഹുജന പ്രസ്ഥാനങ്ങളിൽനിന്നുള്ള വനിതകൾ ഉൾപ്പെടെയുള്ള പ്രതിനിധികൾ തുടങ്ങിയവർ വിശാല സമ്മേളനത്തിൽ പങ്കെടുക്കും.
Content Highlights: The CPM district committee meeting in Thiruvananthapuram is set to discuss leadership changes, with a focus on replacing V. Joy as district secretary due to his dual role as an MLA, which some argue limits his attention to party matters.