ഇതിലും ഭേദം CPMൽ ലയിക്കുന്നത്, CPI സംസ്ഥാന സെക്രട്ടേറിയറ്റ് പിരിച്ചുവിടണം;രൂക്ഷവിമർശനവുമായി നേതാക്കൾ

#സ്വന്തം ലേഖകൻ
പ്രതീകാത്മകചിത്രം-മാതൃഭൂമി
പ്രതീകാത്മകചിത്രം-മാതൃഭൂമി

കൊല്ലം: സി.പി.ഐ. കൊല്ലം ജില്ലാ കൗൺസിൽ യോഗത്തിൽ സംസ്ഥാന നേതൃത്വത്തിന് രൂക്ഷ വിമർശനം. കഴിഞ്ഞ സമ്മേളനത്തിൽ രൂപവത്‌കരിച്ച സംസ്ഥാന സെക്രട്ടേറിയറ്റ് എന്ന ഘടകം എന്തിനാണെന്ന് മുതിർന്ന നേതാവ് ചോദിച്ചു. പാർട്ടിയിൽ തിരുത്തൽ തുടങ്ങേണ്ടത് താഴെ ഘടകത്തിൽനിന്നല്ല മുകളിൽനിന്നാണെന്നും അദ്ദേഹം പറഞ്ഞു. 

ജില്ലയിലെ പാർട്ടി സി.പി.എമ്മിൽ ലയിക്കുന്നതാണ്‌ നല്ലതെന്ന് മുതിർന്ന നേതാവ് പറഞ്ഞപ്പോൾ മറ്റുള്ളവർ മിണ്ടാതിരുന്നു. ജില്ലാ നേതൃത്വവുമായി അടുപ്പംപുലർത്തുന്ന കിഴക്കൻമേഖലയിലുള്ള കൗൺസിൽ അംഗവും സംസ്ഥാന നേതൃത്വത്തെ വിമർശിച്ചതായാണ് വിവരം.

തിരഞ്ഞെടുപ്പ് വിശകലനം എന്ന അജൻഡ ഉൾപ്പെടുത്താതെ മെമ്പർഷിപ്പ് അടക്കമുള്ള വിവരങ്ങൾ ചർച്ച ചെയ്യാൻ ചേർന്ന നേതൃയോഗത്തിലാണ് മുതിർന്ന നേതാവ് ഇങ്ങനെ പ്രതികരിച്ചത്. മറ്റുള്ളവർ ആരും തിരഞ്ഞെടുപ്പ് വിവരങ്ങൾ യോഗത്തിൽ ഉന്നയിച്ചില്ലെന്നാണ് അറിയുന്നത്.

സംസ്ഥാന നേതൃത്വവുമായി സമീപകാലത്തായി ഭിന്നതയിലുള്ള മുതിർന്ന നേതാവാണ് രൂക്ഷ വിമർശനങ്ങൾ ഉന്നയിച്ചത്. ജില്ലയിലെ തിരഞ്ഞെടുപ്പ് ഫലം വിശകലനം ചെയ്യാൻ ജൂൺ മൂന്ന്, നാല് തീയതികളിൽ ജില്ലാ എക്സിക്യുട്ടീവും കൗൺസിലും ചേരാൻ തീരുമാനിച്ചു. ഈ യോഗങ്ങളിൽ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പങ്കെടുക്കും.

ഇതിനു മുന്നോടിയായി മണ്ഡലങ്ങളിൽ സംസ്ഥാന നേതാക്കൾ പങ്കെടുക്കുന്ന വിശകലന യോഗങ്ങൾ നടത്തും. പാർട്ടി മത്സരിച്ച മണ്ഡലങ്ങളിൽ മാത്രമല്ല ജില്ലയിലെ മുഴുവൻ മണ്ഡലങ്ങളിലും വിശകലനയോഗങ്ങൾ നടത്താനാണ് തീരുമാനം.

ജില്ലയുടെ ചുമതലക്കാരനായ സംസ്ഥാന എക്സിക്യുട്ടീവ്‌ അംഗം മുല്ലക്കര രത്നാകരൻ, ദേശീയ കൗൺസിൽ അംഗം ജെ. ചിഞ്ചുറാണി, ജില്ലാ സെക്രട്ടറി പി.എസ്‌. സുപാൽ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു വിമർശനം. 

സിപിഐക്ക് ശക്തമായ സ്വാധീനമുള്ള ജില്ലയാണ് കൊല്ലം. എന്നാൽ ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പിൽ ചാത്തന്നൂരിൽ ബിജെപി സീറ്റ് പിടിച്ചെടുത്തു, സിപിഐ സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം ആർ രാജേന്ദ്രന്റെ സിറ്റിങ് സീറ്റായിരുന്നു ഇത്.

തിരഞ്ഞെടുപ്പിന് നേതൃത്വം കൊടുക്കേണ്ട സെക്രട്ടേറിയറ്റ് അംഗങ്ങൾ മത്സരത്തിന് ഇറങ്ങുകയാണ് ഉണ്ടായത്. അതുകൊണ്ടാണ് ഈ പരാജയങ്ങൾ സംഭവിച്ചത് എന്നാണ് വിമർശനം. ചാത്തന്നൂരിൽ ബിജെപി സ്ഥാനാർഥി വിജയിക്കാനുള്ള കാരണം സിപിഐയുടെ സംസ്ഥാന സെക്രട്ടേറിയറ്റാണ് എന്നും ആരോപണമുയർന്നു.

അടൂരിൽ കെട്ടിയിറക്കിയ സ്ഥാനാർഥിയാണ് നിന്നത്, വൈക്കത്തടക്കം സ്ഥാനാർഥി നിർണയത്തിൽ പാളിച്ചയുണ്ടായി. ഈ വിഷയങ്ങളിലെല്ലാം അടിയന്തരമായി ചർച്ചകൾ നടക്കണം എന്നാണ് ഇന്നലെ നടന്ന ജില്ലാ എക്‌സിക്യുട്ടീവിലും മറ്റ് നേതൃയോഗങ്ങളിലും ഉയർന്നുവന്ന പ്രധാന ആവശ്യം.

Content Highlights: CPI leaders in Kollam criticized the state secretariat's performance. Calls for the dissolution of the state secretariat. Suggestions of merging with CPM voiced during the meeting. Upcoming district executive meetings scheduled for June 3-4, 2026. State Secretary Binoy Viswam to oversee election analysis sessions.