തിരഞ്ഞെടുപ്പ് തോൽവി; CPI ജില്ലാനേതൃയോഗത്തിൽ ചേരിതിരിഞ്ഞ് പോർവിളി; ആത്മഹത്യാഭീഷണി മുഴക്കി വനിതാനേതാവ്

#രതീഷ് രവി
പ്രതീകാത്മകചിത്രം-മാതൃഭൂമി
പ്രതീകാത്മകചിത്രം-മാതൃഭൂമി

കൊല്ലം: തിരഞ്ഞെടുപ്പ് തോൽവി വിലയിരുത്താൻ ചേർന്ന സി.പി.ഐ. കൊല്ലം ജില്ലാ നേതൃയോഗങ്ങളിൽ ചേരിതിരിഞ്ഞ് പോർവിളി. സംസ്ഥാന നേതൃത്വവും പാർട്ടിക്ക് ഏറ്റവും കൂടുതൽ അംഗത്വമുള്ള കൊല്ലം ജില്ലാ കമ്മിറ്റിയും രണ്ടു ധ്രുവങ്ങളിലായിനിന്ന് പോരടിക്കുകയായിരുന്നു.

തോൽവിയുടെ പൂർണ ഉത്തരവാദിത്വം സംസ്ഥാന സെക്രട്ടേറിയറ്റിനാണെന്ന് ജില്ലാ സെക്രട്ടറി പി.എസ്. സുപാലിനെ അനുകൂലിക്കുന്ന വിഭാഗം തുറന്നടിച്ചു. ജില്ലാ നേതൃത്വത്തെ രൂക്ഷമായി വിമർശിച്ച്, ബിനോയ് വിശ്വത്തെ അനുകൂലിക്കുന്ന പഴയ കാനംപക്ഷ നേതാക്കളും രംഗത്തുവന്നു.

തന്നെ അപമാനിക്കുന്ന രീതിയിൽ സംസാരിച്ചുവെന്നാരോപിച്ച് വനിതാ നേതാവ് ആത്മഹത്യാ ഭീഷണി മുഴക്കുന്നതുവരെയെത്തി കാര്യങ്ങൾ. ജില്ലയിലെ ഏക സി.പി.ഐ. എം.എൽ.എ. ആർ. അജയപ്രസാദും ജില്ലാ സെക്രട്ടറി പി.എസ്. സുപാലും അരമണിക്കൂർ തർക്കിച്ചു. പിണറായി വിജയനെ കാണുമ്പോൾ കവാത്തുമറക്കുന്ന സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഒഴിയണമെന്ന് അദ്ദേഹത്തിന്റെ സാന്നിധ്യത്തിൽ ആവശ്യമുയർന്നു.

കഴിഞ്ഞദിവസം അർധരാത്രിവരെ നീണ്ട എക്സിക്യുട്ടീവ് യോഗത്തിൽ ‘സി.പി.എം.-ബി.ജെ.പി. ഡീൽ’ എന്ന ഗുരുതര ആരോപണവുമുയർന്നു. ചാത്തന്നൂർ, കൊട്ടാരക്കര മണ്ഡലങ്ങളിൽ വിജയിക്കാൻ സി.പി.എമ്മും ബി.ജെ.പി.യും പരസ്പരം വോട്ട് മറിച്ചെന്നായിരുന്നു വിമർശനം. ജില്ലാ നേതൃത്വവുമായി ചേർന്നുനിൽക്കുന്നവർ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തെയും സംസ്ഥാന സെൻററിനെയും രൂക്ഷമായി വിമർശിച്ചു.

സംസ്ഥാന സെക്രട്ടേറിയറ്റിനും സെക്രട്ടറിക്കും മുകളിൽ സൂപ്പർ സെക്രട്ടേറിയറ്റായി സെക്രട്ടേറിയറ്റ്‌ അംഗം ആർ. രാജേന്ദ്രൻ പ്രവർത്തിച്ചതാണ് നാലു മണ്ഡലങ്ങളിൽ തോൽക്കാൻ കാരണമെന്ന് അവർ ആരോപിച്ചു. അഞ്ചുമണ്ഡലങ്ങളിൽ ആർ. രാജേന്ദ്രനാണ് സ്ഥാനാർഥിയെ തീരുമാനിച്ചതെന്നായിരുന്നു വിമർശനം.

പഴയ കാനം വിഭാഗക്കാരായ നേതാക്കൾ ജില്ലാ സെക്രട്ടറിയെയും ജില്ലാ നേതൃത്വത്തെയും കടന്നാക്രമിച്ചു. കൊല്ലം ജില്ലാ സെക്രട്ടറിക്കു മുകളിൽ അഞ്ചലിലെ നേതാവ് സൂപ്പർ സെക്രട്ടറിയായി പ്രവർത്തിക്കുകയാണെന്ന് അവർ പറഞ്ഞു. ഈ വാദമുയർത്തിയ വനിതാ നേതാവിനുനേരേ ആരോപണമുയർന്നപ്പോഴാണ് ആത്മഹത്യാ ഭീഷണിയുണ്ടായത്.

‌ ജില്ലാ കൗൺസിൽ യോഗത്തിൽ സംസ്ഥാന സെക്രട്ടേറിയറ്റിനെതിരേ ഏകപക്ഷീയമായ ആക്രമണമാണുണ്ടായത്. മൂന്നുതവണ മത്സരിച്ച നേതാക്കൾക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ അവസരം നൽകേണ്ടെന്ന സംസ്ഥാന സെൻറർ തീരുമാനവും സ്ഥാനാർഥികളെ ഏകപക്ഷീയമായി തീരുമാനിച്ചതും പരാജയത്തിന് കാരണമായതായി ജില്ലാ നേതൃത്വത്തെ അനുകൂലിക്കുന്നവർ ആരോപിച്ചു.

ജില്ലാപഞ്ചായത്ത്, കോർപ്പറേഷൻ സ്ഥാനാർഥികളെ തീരുമാനിച്ച ജില്ലാ നേതൃത്വം, അന്നത്തെ തോൽവിയുടെ ഉത്തരവാദിത്വം ഏറ്റെടുക്കണമായിരുന്നെന്ന് മുതിർന്ന നേതാവ് കെ. രാജു തിരിച്ചടിച്ചു.

Content Highlights: Severe internal rift in CPI Kollam district committee following election defeat. Allegations of CPM-BJP vote sharing in Chathannoor and Kottarakkara. Calls for State Secretary Binoy Viswam to step down. Dispute over candidate selection by R. Rajendran and district leadership. Tensions escalated to a suicide threat by a female leader during the meeting.