ന്യൂനപക്ഷസമീപനം; സി.പി.എം. നയംമാറ്റത്തോട് വിയോജിപ്പുമായി സി.പി.ഐ.

#പി.കെ. മണികണ്ഠൻ
പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി
പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി

തിരുവനന്തപുരം: മതന്യൂനപക്ഷങ്ങളോടുള്ള സി.പി.എം. നയംമാറ്റത്തിൽ വിയോജിപ്പുമായി സി.പി.ഐ. വയനാട്ടിൽ സി.പി.എം. പൊളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവൻ നടത്തിയ വിവാദപ്രസ്താവനയെ ന്യായീകരിക്കേണ്ടെന്ന് കഴിഞ്ഞദിവസം ചേർന്ന സി.പി.ഐ. സംസ്ഥാന കൗൺസിൽ തീരുമാനിച്ചു. തദ്ദേശ-നിയമസഭാ തിരഞ്ഞെടുപ്പുകൾക്ക്‌ തയ്യാറെടുക്കവേ, സർക്കാരിലും ഇടതുപക്ഷത്തും ശക്തമായ തിരുത്തൽ നടപടികളുമായി മുന്നോട്ടുപോവാൻ എൽ.ഡി.എഫിൽ സമ്മർദംചെലുത്താനും തീരുമാനിച്ചു.

മതന്യൂനപക്ഷങ്ങളെ അകറ്റുന്നതും ഭൂരിപക്ഷത്തെ ധ്രുവീകരിക്കുന്നതുമാണ് എ. വിജയരാഘവന്റെ പ്രസ്താവനയെന്നാണ് സി.പി.ഐ. വിലയിരുത്തൽ. അത്‌ സി.പി.എമ്മിന്റെയും വിജയരാഘവന്റെയുംമാത്രം നിലപാടായി കണ്ടാൽ മതി. എൽ.ഡി.എഫിന്റെ പൊതുനിലപാടായി അവതരിപ്പിക്കാനുള്ള‍ ശ്രമത്തെ ചെറുക്കും. ഭൂരിപക്ഷ-ന്യൂനപക്ഷ തീവ്രവാദത്തെ ആദ്യകാലംമുതൽ സി.പി.ഐ. ശക്തമായി എതിർക്കുകയും തുറന്നുകാട്ടുകയും ചെയ്തിട്ടുണ്ടെന്ന് സംസ്ഥാനസെക്രട്ടറി ബിനോയ് വിശ്വം വ്യക്തമാക്കി.

പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ്. മൂന്നാംസ്ഥാനത്തേക്കു പിന്തള്ളപ്പെടാനുള്ള കാരണം സി.പി.എം. നേതാക്കളുണ്ടാക്കിയ അനാവശ്യവിവാദങ്ങളാണെന്നാണ് സി.പി.ഐ. വിലയിരുത്തൽ. ആദ്യഘട്ടത്തിൽ വിജയസാധ്യതയുണ്ടായിരുന്നു. ട്രോളി വിവാദം ഉൾപ്പെടെയുള്ളവ പരാജയത്തിന് വഴിയൊരുക്കി. നെല്ലുസംഭരണത്തിലെ പ്രശ്നം ജനങ്ങളെ അകറ്റുന്നുവെന്ന് സി.പി.ഐ. മന്ത്രിമാർക്കെതിരേയും വിമർശനമുണ്ടായി.

അജിത്കുമാറിന്റെ ഡി.ജി.പി. റാങ്കിൽ എതിർപ്പ്

ആർ.എസ്.എസ്. നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ എ.ഡി.ജി.പി. എം.ആർ. അജിത്കുമാറിനെ ഡി.ജി.പി. റാങ്കിലേക്ക് ഉയർത്താൻ അനുമതി നൽകിയതിലും യോഗത്തിൽ പ്രതിഷേധമുയർന്നു. ഇക്കാര്യം എൽ.ഡി.എഫിൽ ചർച്ചചെയ്തില്ലെന്നും വിമർശനമുണ്ടായി.

മുന്നണിമാറ്റം ചിന്തയിലില്ല -ബിനോയ് വിശ്വം

മുന്നണിമാറ്റത്തെക്കുറിച്ച് ചിന്തിച്ചിട്ടില്ലെന്ന് സംസ്ഥാനസെക്രട്ടറി ബിനോയ് വിശ്വം കൗൺസിലിൽ വ്യക്തമാക്കി. അതേസമയം, ഇടതുപക്ഷത്ത് തിരുത്തൽ വരുത്തി മുന്നോട്ടുപോവാൻ പാർട്ടി ശക്തമായ നിലപാടെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

Content Highlights: cpi disagree with cpm policy change