സംസ്ഥാനപാതയിലെ ഡിവൈഡര്‍ തല്ലിത്തകര്‍ത്തു; കോണ്‍ഗ്രസ് നേതാവ് അനില്‍ അക്കരയുടെ പേരില്‍ കേസ്

മുതുവറ: തൃശ്ശൂര്‍-കുറ്റിപ്പുറം സംസ്ഥാനപാതയിലെ മുതുവറയില്‍ ഡിവൈഡര്‍ തല്ലിത്തകര്‍ത്ത സംഭവത്തില്‍ കോണ്‍ഗ്രസ് നേതാവും മുന്‍ എംഎല്‍എയുമായ അനില്‍ അക്കരയ്‌ക്കെതിരേ പോലീസ് കേസെടുത്തു. പേരാമംഗലം പോലീസ് ആണ് കേസെടുത്തത്. കരാര്‍ കമ്പനിയുടെ പരാതിയിലാണ് കേസ്. മുതുവറ മഹാദേവക്ഷേത്രത്തിനു മുന്‍പില്‍ യുടേണില്ലെന്നാരോപിച്ചാണ് ഡിവൈഡര്‍ തല്ലിത്തകര്‍ത്തത്.
വെള്ളിയാഴ്ച രാവിലെ 11-ഓടെയായിരുന്നു സംഭവം. റോഡുപണി നടക്കുന്നതിനിടെ സ്ഥലത്തെത്തിയ അനില്‍ അക്കര ചുറ്റികകൊണ്ട് ഡിവൈഡര്‍ തകര്‍ക്കുകയായിരുന്നു.
മുതുവറ ക്ഷേത്രത്തിന് മുന്‍വശത്തുള്ള ഡിവൈഡറിന്റെ ഒരു ഭാഗമാണ് തകര്‍ത്തത്. ഇതുമൂലം 19,160 രൂപയുടെ നാശനഷ്ടം ഉണ്ടായെന്നും പൊതുമുതല്‍ നശിപ്പിക്കണമെന്ന ഉദ്ദേശത്തോടുകൂടിനടന്ന നടപടിയെന്നുമാണ് എഫ്‌ഐആറില്‍ പറയുന്നത്.
തൃശ്ശൂര്‍-കുറ്റിപ്പുറം സംസ്ഥാനപാതയുടെ പണി അവസാനഘട്ടത്തിലാണ്. മുതുവറ സെന്ററില്‍ ആണ് നിലവില്‍ യുടേണിന് സൗകര്യമിട്ടിട്ടുള്ളത്. തൃശ്ശൂരില്‍നിന്ന് വരുന്ന വാഹനങ്ങള്‍ക്ക് മുതുവറ മഹാദേവക്ഷേത്രത്തിലേക്ക് തിരിയണമെങ്കില്‍ അമലയിലെത്തി യു ടേണ്‍ എടുക്കുന്നത് ബുദ്ധിമുട്ടാണെന്ന് ചൂണ്ടിക്കാണിച്ച് കോണ്‍ഗ്രസ് നേരത്തേ ഇവിടെ പ്രതിഷേധം നടത്തിയിരുന്നു.
അതേസമയം നിയമങ്ങള്‍ പാലിച്ചുകൊണ്ടാണ് എല്ലാ സ്ഥലങ്ങളിലും യുടേണ്‍ സൗകര്യമൊരുക്കിയിട്ടുള്ളതെന്ന് അധികൃതര്‍ പറഞ്ഞു. 800 മീറ്റര്‍ ഇടവേളകളിലാണ് ഡിവൈഡറിനിടയില്‍ യുടേണിനായി വിടവിട്ടിട്ടുള്ളത്. ആശുപത്രികള്‍ ഉള്‍പ്പെടെയുള്ള അത്യാവശ്യ സര്‍വീസുകളുടെ മുന്‍പില്‍ മാത്രമാണ് ഇതിന് ഇളവ് നല്‍കിയിട്ടുള്ളതെന്നാണ് അധികൃതരുടെ വിശദീകരണം.
അനില്‍ അക്കര പൊളിച്ച ഡിവൈഡറിന്റെ ഭാഗങ്ങള്‍ പൂര്‍വസ്ഥിതിയിലാക്കുമെന്നും അധികൃതര്‍ പറഞ്ഞു. ഡിവൈഡര്‍ സ്ഥാപിക്കുന്നതിനെതിരേ നിയമപരമായി മുന്നോട്ടുപോകുമെന്ന് അനില്‍ അക്കരയും അറിയിച്ചു.
സംഭവത്തില്‍ ഡിവൈഎഫ്‌ഐയും പോലീസില്‍ പരാതി നല്‍കി. ഡിവൈഎഫ്‌ഐ പുഴയ്ക്കല്‍ ബ്ലോക്ക് ഖജാന്‍ജി ജിഷ്ണു സത്യനാണ് പരാതി നല്‍കിയത്. പൊതുമുതല്‍ നശിപ്പിച്ച അനില്‍ അക്കരയ്ക്കും കൂട്ടര്‍ക്കും എതിരേ കേസെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് പരാതി.
Content Highlights: Congress leader Anil Akkare booked by police for allegedly damaging a road divider on the Thrissur-Kuppuram state highway. Case filed based on contractor`s complaint