നാലുദശകത്തിലെ പ്രവർത്തനം പരസ്യമാക്കി ചെന്നിത്തല

തിരുവനന്തപുരം: കോൺഗ്രസിലെ മുഖ്യമന്ത്രിപദവുമായി ബന്ധപ്പെട്ട കസേരക്കളിക്കെതിരേ കെ.പി.സി.സി. ഭാരവാഹിയോഗത്തിൽ വിമർശനം. അതിരുവിട്ട കളികൾ അവസാനിപ്പിച്ചില്ലെങ്കിൽ ആരായാലും നടപടി സ്വീകരിക്കേണ്ടിവരുമെന്ന് എ.ഐ.സി.സി. ജനറൽ സെക്രട്ടറി ദീപാ ദാസ്മുൻഷി മുന്നറിയിപ്പും നൽകി. കടുത്ത അമർഷമാണ് 'മുഖ്യമന്ത്രിച്ചർച്ച'യിൽ അവർ രേഖപ്പെടുത്തിയത്.
മുഖ്യമന്ത്രിപദവിയെക്കുറിച്ചുള്ള ചർച്ച അതിരുവിട്ടതോടെ ശനിയാഴ്ച രാത്രിയാണ് ദീപാദാസ് മുൻഷിയുടെ സാന്നിധ്യത്തിൽ അടിയന്തര കെ.പി.സി.സി. ഭാരവാഹിയോഗം ചേർന്നത്. വെടിനിർത്തൽ ആഹ്വാനംചെയ്തും അച്ചടക്കനടപടി പ്രഖ്യാപിച്ചുമാണ് യോഗം അവസാനിച്ചത്.
ഇതിന്റെ പിറ്റേദിവസമാണ്, കോൺഗ്രസ് പ്രവർത്തകസമിതി അംഗം രമേശ് ചെന്നിത്തലയുടെ നാലുപതിറ്റാണ്ടുനീളുന്ന രാഷ്ട്രീയപ്രവർത്തനം വിവരിച്ചുള്ള ഫീച്ചർ ഇംഗ്ലീഷ് പത്രത്തിൽ പരസ്യമായി പ്രത്യക്ഷപ്പെട്ടത്.
സമരമുഖത്തെ സാന്നിധ്യവും ഭരണരംഗത്തെ മികവും പ്രതിപക്ഷനേതാവ് എന്ന നിലയിലെ പ്രവർത്തനങ്ങളും വിവരിച്ചാണ് 'ലോങ് മാർച്ച് ഓഫ് എ കോൺഗ്രസ് മാൻ' എന്ന തലക്കെട്ടിൽ ചെന്നിത്തലയെക്കുറിച്ച് ഒരു പേജ് ഫീച്ചർ പ്രസിദ്ധീകരിച്ചത്.
കേരളയാത്ര എന്നപേരിൽ പോഡ് കാസ്റ്റ് തുടങ്ങിയതിനു പിന്നാലെയാണ് ചെന്നിത്തല, രാഷ്ട്രീയജീവിതം ജനങ്ങൾക്കുമുന്നിൽ ഓർമ്മിപ്പിച്ച് ഫീച്ചറും നൽകിയത്.
മുഖ്യമന്ത്രിപദത്തിലേക്ക് പേരുയരുന്ന എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിന്റെയും പ്രതിപക്ഷനേതാവ് വി.ഡി. സതീശന്റെയും പുസ്തകങ്ങൾ അണിയറയിൽ തയ്യാറായിക്കൊണ്ടിരിക്കുകയാണ്. തിരഞ്ഞെടുപ്പുഫലം വരുംമുൻപ് സൈബറിടത്തിൽ നടക്കുന്ന മുഖ്യമന്ത്രിക്കസേരയ്ക്കായുള്ള പോര്, പലരുടെയും മൗനാനുവാദത്തോടെയാണെന്നായിരുന്നു കെ.പി.സി.സി. ഭാരവാഹിയോഗത്തിലെ വിമർശനം. എന്നാൽ, ഒരു നേതാവിന്റെയും പേരെടുത്ത് ആരും കുറ്റപ്പെടുത്തിയില്ല.
നേതാക്കളെ ആഹ്വാനംചെയ്തുകൊണ്ടുള്ള ചാറ്റുകൾ പുറത്തുവന്നതും സാമൂഹിക മാധ്യമത്തിന്റെ കോഡിനേറ്റർ പക്ഷംചേർന്ന് പോരിനിറങ്ങിയതും യോഗത്തിൽ ചർച്ചയായി. ഇതൊന്നും തടയാൻ കഴിഞ്ഞില്ലെന്ന വിമർശനം സാമൂഹികമാധ്യമവിഭാഗം ചെയർമാൻ ഹൈബി ഈഡന് നേരേയുമുണ്ടായി.
ചെയർമാൻസ്ഥാനത്തുനിന്ന് രാജിവെക്കുകയാണെന്ന് ഹൈബി കെ.പി.സി.സി. നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. എന്നാൽ, അതിൽ പാർട്ടി തീരുമാനമെടുത്തിട്ടില്ല.
സംഘടനാമര്യാദകൾ ലംഘിച്ചുള്ള പ്രതികരണങ്ങളും പ്രചാരണങ്ങളും അവസാനിപ്പിക്കാനുള്ള ഉത്തരവാദിത്വം എല്ലാവർക്കുമുണ്ടെന്ന് കെ.പി.സി.സി. പ്രസിഡന്റ് സണ്ണി ജോസഫ്പറഞ്ഞു.
Content Highlights: AICC General Secretary Deepa Dasmunshi warns against public CM candidacy discussions., KPCC held an emergency meeting to enforce party discipline