മുഖ്യമന്ത്രിക്കെതിരെ കോൺഗ്രസിൽ പുതിയ ചേരി; ബോർഡ്-കോർപ്പറേഷൻ നിയമനങ്ങളിൽ കടുത്ത അതൃപ്തി

തിരുവനന്തപുരം: ബോർഡ്-കോർപ്പറേഷൻ സ്ഥാനവിഭജനത്തിൽ കൂടിയാലോചനകൾ നടക്കുന്നില്ലെന്ന ആക്ഷേപത്തെച്ചൊല്ലി കോൺഗ്രസിനുള്ളിൽ ഗ്രൂപ്പ് വ്യത്യാസങ്ങൾക്കപ്പുറത്ത് നേതാക്കൾ ഒന്നിക്കുന്ന പുതിയ ചേരി രൂപപ്പെടുന്നു. നാലു മാസം പിന്നിട്ടിട്ടും പൂർത്തിയാകാത്ത സ്ഥാനവിഭജനത്തിൽ മുഖ്യമന്ത്രി ഏകപക്ഷീയമായി പെരുമാറുന്നുവെന്ന നിലപാടാണ് പാർട്ടിക്കുള്ളിലും മുന്നണിയിലും കടുത്ത അതൃപ്തിക്ക് കാരണമായിരിക്കുന്നത്.
പാർട്ടി നേതൃത്വത്തിനും മുഖ്യമന്ത്രിക്കെതിരെയും സമീപദിവസങ്ങളിൽ ചില യുവനേതാക്കൾ നടത്തുന്ന പരസ്യപ്രതികരണങ്ങൾ സ്വാഭാവികമായി ഉണ്ടാകുന്നതല്ലെന്നാണ് വിലയിരുത്തൽ. രാഷ്ട്രീയകാര്യ സമിതിയിലെ ഏറ്റവും പ്രധാനപ്പെട്ട നേതാക്കളുടെ പൂർണ്ണ അറിവോടും സമ്മതത്തോടും കൂടിയാണ് ഇത്തരം നിലപാടുകൾ പുറത്തുവരുന്നതെന്നാണ് സൂചന. വരുംദിവസങ്ങളിലും ബോർഡ്-കോർപ്പറേഷൻ നിയമനങ്ങളിൽ കൃത്യമായ ആലോചനകൾ നടന്നില്ലെങ്കിൽ മുതിർന്ന നേതാക്കൾ തന്നെ നേരിട്ട് പരസ്യപ്രതികരണത്തിന് തയ്യാറെടുത്തിരിക്കുകയാണെന്നാണ് വിവരം.
തിരഞ്ഞെടുപ്പിൽ 102 സീറ്റ് എന്ന വലിയ ചരിത്രപരമായ നേട്ടം നേടി മുന്നേറുന്ന സർക്കാരിന്, തുടർച്ചയായി ഉണ്ടാകുന്ന ആഭ്യന്തരപ്രശ്നങ്ങൾ തലവേദനയായിരിക്കുകയാണ്. സർക്കാർ അധികാരത്തിൽ വന്നതുമുതൽ പാർട്ടിയും മുഖ്യമന്ത്രിയും നിരന്തരം വിവാദങ്ങളിൽപ്പെടുന്ന സാഹചര്യമാണുള്ളത്. പാർട്ടി നേതൃത്വത്തിനും മുഖ്യമന്ത്രിക്കെതിരെയും പല നേതാക്കളും പരസ്യമായി രംഗത്തുവരുന്നുണ്ട്. യുഡിഎഫ് കൺവീനർ പോലും പരസ്യപ്രതികരണത്തിലൂടെ പാർട്ടിക്കും മുഖ്യമന്ത്രിക്കെതിരെയും സംസാരിക്കുന്ന നിലയുണ്ടായി. ഇത്തരം പരസ്യ പോരുകൾ പാർട്ടിക്ക് വലിയ ക്ഷീണമാണ് വരുത്തിവെക്കുന്നത്.
ബോർഡ്-കോർപ്പറേഷൻ സ്ഥാനങ്ങൾ വിഭജിക്കുന്നതുമായി ബന്ധപ്പെട്ട് മുന്നണിക്കുള്ളിലും വലിയ പ്രശ്നങ്ങളുണ്ട്. കേരള കോൺഗ്രസ് ജോസഫിൽ പി.ജെ. ജോസഫിന് ഒരു നല്ല പദവി നൽകാത്തതിൽ അവരും പരസ്യമായി അതൃപ്തി പ്രകടിപ്പിച്ചിരുന്നു. നാലു മാസം പിന്നിടുമ്പോഴും ബോർഡ്-കോർപ്പറേഷൻ സ്ഥാനങ്ങൾ പങ്കുവെച്ച് നൽകുന്നത് പൂർത്തിയായിട്ടില്ല. സ്ഥാനമാനങ്ങൾ നൽകുന്നതുമായി ബന്ധപ്പെട്ട് പാർട്ടിയിൽ ഒരു കൂടിയാലോചനയും ഇതുവരെ നടന്നിട്ടില്ലെന്നതാണ് നേതാക്കളുടെ പ്രധാന വിമർശനം.
Content Highlights: A new faction has formed within the Congress party in Kerala, expressing intense dissatisfaction with the Chief Minister over unilateral decisions and prolonged delays in board and corporation appointments.