'എല്ലാം മറക്കാനല്ല, കിട്ടുന്ന അവസരത്തിൽ ചോദിക്കാനാണ് തിരഞ്ഞെടുത്തത്’; മാസപ്പടിയിൽ മുന്നറിയിപ്പുമായി കുഴൽനാടൻ

#ന്യൂസ് ഡെസ്ക്
മാത്യു കുഴല്‍നാടന്‍, പിണറായി വിജയനും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും |ഫോട്ടോ:മാതൃഭൂമി
മാത്യു കുഴല്‍നാടന്‍, പിണറായി വിജയനും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും |ഫോട്ടോ:മാതൃഭൂമി

തിരുവനന്തപുരം: സി.എം.ആർ.എൽ.-എക്‌സാലോജിക് കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരേ നടപടിയെടുക്കുന്നതിൽ യുഡിഎഫ് സർക്കാർ വിമുഖത കാണിക്കുന്നതായുള്ള ആക്ഷേപത്തിൽ കോൺഗ്രസിൽ ഭിന്നത രൂക്ഷമാകുന്നു. കേസിൽ ഭീഷണികൾ അതിജീവിച്ച് താൻ നടത്തിയ പോരാട്ടം എടുത്ത് പറഞ്ഞ കോൺഗ്രസ് എംഎൽഎ മാത്യു കുഴൽനാടൻ, ജനം യുഡിഎഫിനെ തിരഞ്ഞെടുത്തയച്ചത് ഇതുപോലുള്ള അനീതികളോട് സന്ധിയില്ലാത്ത നിലപാടുകൾ സ്വീകരിക്കാനാണെന്നും ഓർമ്മപ്പെടുത്തി. ഇതെല്ലാം തങ്ങൾ മറക്കണോ എന്ന് മാത്യു കുഴൽനാടൻ ചോദിച്ചു. ഉമ്മൻ ചാണ്ടിക്കെതിരെ ബലാത്സംഗ കേസെടുത്തതടക്കം അദ്ദേഹം ചൂണ്ടിക്കാട്ടി.

കോൺഗ്രസ് എംഎൽഎമാരായ സി.ആർ.മഹേഷ്, ചാണ്ടി ഉമ്മൻ തുടങ്ങിയവരും പാർട്ടി വക്താവ് ജിന്റൊ ജോൺ അടക്കമുള്ളവരും സമാനമായ നിലപാടുകൾ കഴിഞ്ഞ ദിവസങ്ങളിൽ പറഞ്ഞിരുന്നു.

ഇ.ഡി. റിപ്പോർട്ടിനെ അടിസ്ഥാനമാക്കി പിണറായിക്കെതിരേ കേസെടുക്കണമായിരുന്നുവെന്ന് പറഞ്ഞ് മാത്യു കുഴൽനാടൻ തന്നെയാണ് സർക്കാർ നിലപാടിനെ ആദ്യം ചോദ്യംചെയ്തത്. കഴിഞ്ഞ ദിവസം മൂവാറ്റുപ്പുഴയിൽ നടന്ന പൊതുയോഗത്തിലും വികാരഭരിതനായി മാത്യു കുഴൽനാടൻ ഇതുമായി ബന്ധപ്പെട്ട് സംസാരിച്ചു.

'മാസപ്പടിയുടെ പോരാട്ടം ഒട്ടും എളുപ്പമായിരുന്നില്ല ഒരുപാട് പ്രയാസം നിറഞ്ഞതായിരുന്നു ഇതുവരെ ഞാൻ ആരോടും പറഞ്ഞിട്ടില്ലാത്ത കാര്യങ്ങളുണ്ട്. നമുക്ക് നേരെ വരുന്ന ആക്രമങ്ങൾ നേരിടാൻ പറ്റും. നമ്മളൊക്കെ രാഷ്ട്രീയക്കാരാണ്, നമ്മളൊക്കെ ഇത് കണ്ടു വളർന്നു വന്നവരാണ് പക്ഷേ, ഈ പോരാട്ടം തുടങ്ങിയതിനുശേഷം പ്രായാധിക്യത്തിൽ നിൽക്കുന്ന എന്റെ അമ്മച്ചിയുടെ ഫോണിലേക്ക്, എന്റെ ഭാര്യയുടെ ഫോണിലേക്ക് ഭാര്യയുടെ വീട്ടുകാരുടെ ഫോണിലേക്ക് നിരന്തരം ഭീഷണിയാണ്. ഒരുപാട് പേർ സൂക്ഷിക്കണമെന്ന് പറഞ്ഞു. ഇതുവരെയുള്ള അനുഭവം അതാണ്. കാരണം ഇതിനുമുമ്പ് ആരൊക്കെ ഇവർക്ക് നേരെ വിരലുയർത്തിയിട്ടുണ്ടോ അവരെയൊക്കെ അവർ എങ്ങനെയാണ് കൈകാര്യം ചെയ്തിട്ടുള്ളത് എന്ന് കേരളം കണ്ടിട്ടുള്ളതാണ്. എല്ലാം ഏറ്റുവാങ്ങി ഈ പോരാട്ടം മുന്നോട്ടു കൊണ്ടുപോയി. ഒരുപാട് ആക്ഷേപവും പരിഹാസവും കേട്ടു. ഒടുവിൽ തമ്പുരാൻ വലിയവനായതുകൊണ്ട് പിണറായി വിജയനെതിരെ വിജിലൻസ് കേസ് എടുക്കാൻ കേരള ഹൈക്കോടതി പറയുന്ന സന്ദർഭം ഉണ്ടായി. സ്വാഭാവികമായിട്ടും എനിക്കൊരു ആവേശം കൂടുതൽ ഉണ്ടാകില്ലേ' കുഴൽനാടൻ ചോദിച്ചു.

കാരണം എന്നെ രാഷ്ട്രീയത്തിലേക്ക് കൈപിടിച്ചു കൊണ്ടുവന്നത് വയലാർ രവി എന്ന നേതാവാണ്. എങ്കിലും എന്റെ ലോ കോളേജിലെ കാലഘട്ടത്തിൽ എനിക്ക് എപ്പോഴൊക്കെ പ്രതിസന്ധി ഉണ്ടായിട്ടുണ്ടെങ്കിൽ അന്നൊക്കെ എനിക്ക് കരുത്തു പകർന്ന് എന്നെ ചേർത്തു നിർത്തിയത് കെ സുധാകരൻ എന്ന് പറയുന്ന കോൺഗ്രസിന്റെ ധീരനായ നേതാവായിരുന്നു. അദ്ദേഹം പറഞ്ഞിട്ടുണ്ട് നമ്മൾ വിട്ടുവീഴ്ചയ്ക്ക് പോയാൽ ഇവർ നമ്മുടെ തലയിൽ കയറി ഇറങ്ങും. അദ്ദേഹത്തിന്റെ ചുറ്റും നിന്ന 22 പേരെയാണ് ഈ കമ്മ്യൂണിസ്റ്റ് പാർട്ടി വെട്ടി ഇല്ലാതാക്കിയത്. അതുകൊണ്ടാണ് അദ്ദേഹം അവരോട് ഒരിക്കലും വിട്ടുവീഴ്ച ചെയ്യാത്തത്. എത്ര കോൺഗ്രസുകാരുടെ ജീവനും രക്തവുമാണ് ഇവർ എടുത്തിട്ടുള്ളത് ഏറ്റവും ഒടുവിൽ കൃപേഷും ശരത് ലാലും, നമ്മൾക്ക് മറക്കാൻ കഴിയില്ല .എത്ര രക്തസാക്ഷികളെ സൃഷ്ടിച്ചതിൽ ആ കറുത്ത കരങ്ങൾ ഉണ്ട് എന്ന് നിങ്ങൾക്ക് ഓർമ്മയില്ലേ, പിണറായി വിജയനോട് അനുകമ്പ തോന്നുക എന്ന് പറഞ്ഞാൽ പ്രയാസമാണ് വിഷമമാണ് എന്നും കുഴൽനാടൻ പറഞ്ഞു. 10 വർഷക്കാലം എത്രപേരുടെ തലപൊട്ടിച്ചു. കെഎസ്യുകാർക്കും യൂത്ത് കോൺഗ്രസുകാർക്കും ക്രൂരമർദ്ദനങ്ങൾ ഏറ്റുവാങ്ങേണ്ടി വന്നുവെന്നും അദ്ദേഹം ഓർമിപ്പിച്ചു. സിബിഐയുടെ കയ്യിലേക്ക് ഉമ്മൻ ചാണ്ടിയെ എറിഞ്ഞു കൊടുത്ത ആളാണ് പിണറായി വിജയൻ, ആ പിണറായി വിജയനാണ് ഇന്ന് പറയുന്നത് ഇഡിയുടെ പേരിൽ നിങ്ങൾ കേസ് എടുക്കുന്നുണ്ടെങ്കിൽ നിങ്ങൾ ബിജെപിക്കൊപ്പമാണെന്ന്‌- കുഴൽനാടൻ പറഞ്ഞു.

'ഇതെല്ലാം ഞങ്ങൾ മറക്കണമോ ഈ പാർട്ടിയും പ്രവർത്തകരും ഇതെല്ലാം മറക്കണമെന്ന് പറയാൻ കഴിയോ. അതുകൊണ്ട് ഇത് പിണറായി വിജയനായിട്ടുള്ള പോരാട്ടമല്ല. ഇത് രാഷ്ട്രീയ പോരാട്ടമാണ് ഇത് കോൺഗ്രസിന്റെ ആത്മാഭിമാനം ഉയർത്തിപ്പിടിക്കാനുള്ള പോരാട്ടമാണ്. കോൺഗ്രസ് പാർട്ടിയുടെ ആർജവവും ഇച്ഛാശക്തിയുമുള്ള പ്രവർത്തകരുടെ പോരാട്ടമാണ്. അവരുടെ ചോര ചിന്തിയതിന് വേണ്ടിയവരുടെ മുഖത്തു നോക്കി ചോദിക്കാൻ കിട്ടുന്ന അവസരം വേണ്ടെന്ന് വെക്കാനല്ല അത് ഉച്ചത്തിൽ ചോദിക്കാനാണ് ഈ നാട്ടിൽ ഒരു സർക്കാരിനെ ഈ ജനം തെരഞ്ഞെടുത്തയച്ചത്. 102 എംഎൽഎമാരെ നാം നൽകി ഒരു സർക്കാരിനെ ഈ ജനം തിരഞ്ഞെടുത്തയച്ചത് ഇതുപോലുള്ള അനീതികളോട് സന്ധിയില്ലാത്ത വിട്ടുവീഴ്ചയില്ലാത്ത നിലപാടുകൾ സ്വീകരിക്കുന്നതിനു വേണ്ടിയിട്ടാണ്' കുഴൽനാടൻ പറഞ്ഞു.

Content Highlights: Internal rift within the Congress party regarding action against Pinarayi Vijayan in the CMRL-Exalogic case., MLA Mathew Kuzhalnadan expressed emotional distress over threats faced by his family during the legal battle., Kuzhalnadan questioned the UDF's reluctance and urged for uncompromising opposition against alleged injustices., Support for Kuzhalnadan's stance voiced by other Congress leaders including C.R. Mahesh, Chandy Oommen, and Jinto John.