പ്രസവവേദനയുമായെത്തിയ യുവതിക്ക് പരിചരണം നൽകിയില്ലെന്ന പരാതി: താമരശ്ശേരി ഡിവൈ.എസ്.പി.അന്വേഷിക്കും

മാതൃഭൂമി വാര്‍ത്ത
മാതൃഭൂമി വാര്‍ത്ത

കോഴിക്കോട് : പ്രസവവേദനയുമായെത്തിയ യുവതിക്ക്‌ പരിചരണം നൽകാതെ താമരശ്ശേരി ഗവ. താലൂക്കാശുപത്രിയിൽനിന്ന് മെഡിക്കൽ കോളേജിലേക്കയച്ച സംഭവത്തിൽ വടകര റൂറൽ എസ്.പി. ഡോ. അരവിന്ദ് സുകുമാറിന് പരാതി നൽകി. പുതുപ്പാടി, ഈങ്ങാപ്പുഴ നടക്കുത്ത് കോരങ്ങൽ വീട്ടിൽ ബിന്ദുവും മണ്ണാർക്കാട് സ്വദേശി ഗിരീഷുമാണ് പരാതി നൽകിയത്.

ഇതുകാരണം ഇവരുടെ കുഞ്ഞ് ഗുരുതരാവസ്ഥയിലായെന്നും നാല് മാസത്തോളം വെന്റിലേറ്ററിൽ കഴിഞ്ഞശേഷം മരിച്ചെന്നും പരാതിയിൽ പറയുന്നു.

പരാതി പരിശോധിച്ച എസ്.പി. അന്വേഷണത്തിനായി താമരശ്ശേരി ഡിവൈ.എസ്.പി.ക്ക് കൈമാറി. തുടർന്ന് വ്യാഴാഴ്ച താമരശ്ശേരി ഡിവൈ.എസ്.പി. ഓഫീസിലെത്താൻ ബിന്ദുവിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഗർഭിണിയായപ്പോൾ മുതലുള്ള ബിന്ദുവിന്റെ ചികിത്സാ രേഖകളും കുഞ്ഞിന്റെ ചികിത്സാ രേഖകളും കൊണ്ടുവരാനും നിർദേശിച്ചിട്ടുണ്ട്. കുഞ്ഞ് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നപ്പോൾ വടകര റൂറൽ എസ്.പി.ക്ക് ഇവർ പരാതി മെയിൽ ചെയ്തിരുന്നെങ്കിലും ലഭിക്കാത്തതിനെത്തുടർന്ന് ബുധനാഴ്ച നേരിട്ടെത്തി പരാതി നൽകുകയായിരുന്നു.

താമരശ്ശേരി താലൂക്കാശുപത്രിയിൽനിന്ന് മെഡിക്കൽ കോളേജിലേക്കയച്ച ബിന്ദു ശസ്ത്രക്രിയയില്ലാതെ പ്രസവിച്ചെങ്കിലും തലച്ചോറിലേക്കുള്ള രക്തപ്രവാഹം തടസ്സപ്പെട്ടതിനെ ത്തുടർന്ന്‌ അന്നുമുതൽ കുഞ്ഞ് വെന്റിലേറ്ററിലാവുകയായിരുന്നു.

ഗർഭിണിയായിരുന്നപ്പോൾ മുതൽ താമരശ്ശേരി ഗവ. താലൂക്കാശുപത്രിയിലെ ഡോക്ടറെയാണ്

ബിന്ദു കണ്ടിരുന്നത്. ഡിസംബർ 13-ന് രാത്രി 10-ന് പ്രസവവേദന തുടങ്ങിയതോടെ ആശുപത്രിയിലെത്തിയെങ്കിലും ഓൺകോൾ ഡ്യൂട്ടിയിലായിരുന്ന ഗൈനക്കോളജിസ്റ്റ് മെഡിക്കൽ കോളേജിലേക്ക് അയക്കാൻ പറയുകയായിരുന്നു.

Content Highlights: Complaint woman who came with labor pains not given care dysp enquiry